പാലാ: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആത്മവിശ്വാസത്തോടെ മുന്നണികള്‍. 54 വര്‍ഷം കെ എം മാണിസാര്‍ കൈവെള്ളയില്‍ സൂക്ഷിച്ച പാലാ ഇത്തവണ ജോസ് ടോമിന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് യു ഡി എഫ്.
എന്നാല്‍ 4 തവണ മത്സരിച്ച് ആദ്യ മൂന്നു തവണയും പ്രഗത്ഭനായ മാണിസാറിന്റെ ഭൂരിപക്ഷം അടിക്കടി കുറച്ചുകൊണ്ടുവന്ന മാണി സി കാപ്പന്‍ ഇത്തവണ ലീഡിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. വിജയിക്കുമെന്നാണ് അവകാശവാദമെങ്കിലും ആ വാദത്തില്‍ ആത്മവിശ്വാസക്കുറവുണ്ടെങ്കിലും പാലായില്‍ ശക്തമായ വോട്ടുബാങ്ക് സൃഷ്ടിക്കുമെന്ന ഉറച്ച വിശ്വാസമാണ് ബി ജെ പിക്കും സ്ഥാനാര്‍ഥി എന്‍ ഹരിക്കും.
ഇനി അഞ്ചാം ദിവസം വോട്ടെടുപ്പാണ്. മുന്നണികളിലെ പ്രമുഖരായ നേതാക്കളെല്ലാം പാലായില്‍ ക്യാമ്പാണ്. പാലാ രൂപീകൃതമായശേഷം ഇങ്ങനൊരു പോരാട്ടം പാലാ കണ്ടിട്ടില്ല. മുമ്പൊക്കെ തെരഞ്ഞെടുപ്പ് വന്നാല്‍ മാണി സാറിന്റെ ഭൂരിപക്ഷം എത്ര കുറയുമെന്ന് മാത്രമായിരുന്നു ചിന്ത.
1965 മുതല്‍ കഴിഞ്ഞ 54 വര്‍ഷവും പാലായില്‍ മാണിമയമായിരുന്നു. എന്നാല്‍ ഇത്തവണ പേരിലെങ്കിലും മാണിയുള്ളത് ഇടതുപക്ഷത്തിനാണ്. മാണി സാറിന്റെ പിന്‍ഗാമി ജോസ് ടോമാണ്. കേരളാ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളിലൊരാളാണ് ജോസ് ടോം. സംസ്ഥാനത്തെ ആദ്യ ജില്ലാ കൗണ്‍സില്‍ രൂപീകൃതമായപ്പോള്‍ പാലാ ഡിവിഷനില്‍ നിന്നും വിജയിച്ചത് ജോസ് ടോമായിരുന്നു. അന്ന് മുതല്‍ പാലായ്ക്ക് സുപരിചിതന്‍.
പാലാ നഗരസഭയില്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രചരണത്തില്‍ വ്യക്തമായ മേല്‍ക്കൈയാണ് യു ഡി എഫ് അവകാശപ്പെടുന്നത്. കടനാട്, ഭരണങ്ങാനം, തലനാട്, മേലുകാവ് പഞ്ചായത്തുകളിലാണ് യു ഡി എഫിന്റെ പ്രചരണം പിന്നോക്കം പോയിട്ടുള്ളതെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. ഈ പഞ്ചായത്തുകളില്‍ മാണി സി കാപ്പന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്.
കരൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. പാലാ നഗരസഭയിലും മുത്തോലി, കൊഴുവനാല്‍, രാമപുരം, എലിക്കുളം, മീനച്ചില്‍, മൂന്നിലവ് പഞ്ചായത്തുകളിലുമാണ് യു ഡി എഫിന് പ്രചരണ രംഗത്ത് മുന്നേറ്റം അവകാശപ്പെടാനുള്ളത്.
കേരളാ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും ചിഹ്ന വിവാദങ്ങളുമെല്ലാം ആദ്യഘട്ടത്തില്‍ യു ഡി എഫ് ക്യാമ്പുകളെ ആലസ്യത്തിലാക്കിയെങ്കില്‍ പ്രചരണത്തിന്റെ ചുക്കാന്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ യു ഡി എഫ് ക്യാമ്പുകള്‍ ആവേശത്തിലായി. യു ഡി എഫ് പാലായില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം ഐക്യത്തോടും ആവേശത്തോടെയുമാണ് പ്രചരണ രംഗത്തുള്ളത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദിവസങ്ങളോളമാണ് പാലായില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നയിക്കുന്നത്. കുടുംബ സംഗമങ്ങളില്‍ വരെ ഇരുവരും പങ്കെടുക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രചരണത്തില്‍ യാതൊരു പോരായ്മകളും സംഭവിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പാലായിലെ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. അതിന്റെ മാറ്റം ദൃശ്യവുമാണ്.
ഇടതുപക്ഷത്ത് തേര്‍ തെളിക്കുന്നത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുമുതല്‍ 3 ദിവസം പാലായില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നയിക്കുകയാണ്. 4 -)൦ തവണ മത്സരിക്കുന്ന മാണി സി കാപ്പനോട് വോട്ടര്‍മാര്‍ക്ക് സഹതാപമുണ്ടെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം. കേരളാ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ഇടതുപക്ഷത്തിനുണ്ട്.