Advertisment

പാലായിൽ ഉയർന്നത് 300 കോടി മുടക്കിയ രാജ്യാന്തര നിലവാരമുള്ള സൂപ്പർ സ്പെഷ്യാലിറ്റി മെഡിസിറ്റി ! പക്ഷെ വിവാദങ്ങൾ അകലുന്നില്ല. ആശുപത്രിയുടെ കടംവീട്ടാൻ തിടുക്കപ്പെട്ട് നഗരത്തിലുൾപ്പെടെയുള്ള 5 ഏക്കറോളം വരുന്ന 8 വസ്തുക്കൾ വിൽക്കാനുള്ള തീരുമാനം വൻ വിവാദത്തിൽ ! കടംവീട്ടാൻ വിശ്വാസികൾ വരുമാനത്തിന്റെ 10 % കൂടി നൽകണമെന്ന് ഇടയലേഖനവും ! തലയെടുപ്പിനിടയിലും മാർ ശ്ലീവാ മെഡിസിറ്റി വിവാദങ്ങളിൽ !

New Update

പാലാ:  ചേർപ്പുങ്കലിൽ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ച പാലാ രൂപതയുടെ മാർ ശ്ലീവാ മെഡിസിറ്റി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ കടം വീട്ടാൻ രൂപതയുടെ ചില വസ്തുക്കൾ വിൽക്കാനുള്ള തീരുമാനം വിവാദത്തിൽ.

Advertisment

രൂപതയുടെ ഉടമസ്ഥതയിൽ പാലാ നഗരത്തോട് ചേർന്നുള്ള 7 ഭൂമികളും ഐങ്കൊമ്പ് - രാമപുരം റോഡിലുള്ള ഒരു വസ്തുവും ആണ് വിൽപ്പനയ്ക്ക് തയാറാക്കിയിരിക്കുന്നത്.

publive-image

നഗരത്തിന്റെ കണ്ണായ പ്രദേശങ്ങളായ അൽഫോൺസാ കോളേജിന് സമീപത്തെ 58 സെന്റ്, കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് സമീപത്തെ 60 സെന്റ്, ബിഷപ്പ് ഹൌസിന് എതിർവശത്തെ 26 സെന്റ്, കൊട്ടാരമറ്റം - കുറവിലങ്ങാട് റോഡിലെ 1.62 ഏക്കർ, മരിയൻ സെന്ററിന് സമീപം ഹൈവേയോട് ചേർന്നുള്ള 65 സെന്റ് ഉൾപ്പെടെ 8 ഇടങ്ങളിൽ നിന്നായി ആകെ 5 ഏക്കറോളം ഭൂമിയാണ് വിൽപ്പനയ്ക്ക് തയാറാകുന്നത്.

സ്ഥല വിൽപ്പനയ്ക്കായി മൂന്നു പത്രങ്ങളിൽ പരസ്യം നൽകിയതോടെയാണ് സംഭവം വിവാദമായത്. സോഷ്യൽ മീഡിയ വഴി രൂപതയുടെ വസ്തു വിൽപ്പനയ്‌ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ അഴിച്ചുവിട്ടിരിക്കുന്നതും സഭയുമായി അടുത്ത ബന്ധമുള്ള  വിശ്വാസികള്‍ തന്നെയാണ്.

ഇതിനോടകം മുന്നൂറു കോടി മുതൽമുടക്കിയ മാർ ശ്ലീവാ മെഡിസിറ്റിയുടെ ബാധ്യതകൾ തീർക്കാനും ബാങ്ക് ലോണുകൾ തിരിച്ചടയ്ക്കാനും വേണ്ടിയാണ് രൂപതയുടെ ആലോചനാ സമിതിയിലും ബന്ധപ്പെട്ട കമ്മിറ്റികളിലും ചർച്ച ചെയ്ത് സുതാര്യതയോടെ വസ്തു വിൽക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കി രൂപതാ കേന്ദ്രങ്ങൾ വിശദീകരണ കുറിപ്പും പുറത്തിറക്കിയിരുന്നു.

എന്നാൽ അതുകൊണ്ടൊന്നും പ്രതിഷേധങ്ങൾ അടങ്ങുന്നില്ലെന്നാണ് സൂചന. മാർ ശ്ലീവാ മെഡിസിറ്റിയ്ക്ക് വേണ്ടി രൂപതയിൽ വ്യാപകമായ പിരിവ് നടന്നിരുന്നു. ലക്ഷങ്ങൾ വീതം ആശുപത്രിക്ക് വേണ്ടി സംഭാവന ചെയ്തത് നൂറുകണക്കിനാളുകളാണ്.

അതും തികയാതെ വന്നതോടെ കഴിഞ്ഞ ഞായറാഴ്ച രൂപതയിലെ പള്ളികളിൽ കുർബ്ബാന മദ്ധ്യേ കൂടുതൽ സംഭാവനകൾ ക്ഷണിച്ചുകൊണ്ട് സർക്കുലറും നൽകിയിരിക്കുകയാണ്. രൂപതാംഗങ്ങൾ ഇനിയും വാർഷിക വരുമാനത്തിന്റെ 10 ശതമാനമെങ്കിലും ആശുപത്രിയ്ക്കായി സംഭാവന ചെയ്യണമെന്ന് സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

publive-image

അതേസമയം, പിരിച്ചെടുത്ത തുക ഉപയോഗിച്ചുള്ള ആശുപത്രി നിർമ്മാണത്തിൽ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് രൂപയുടെ അനാവശ്യ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടന്നിരുന്നു. ചില നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കേണ്ട സാഹചര്യംവരെ ഉണ്ടായതായും പറയുന്നു.

ഇപ്പോൾ പൂർണ്ണ സജ്ജമായി ആശുപത്രി പ്രവർത്തനം തുടങ്ങിയെങ്കിലും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഓഫീസ് ടീമിൽ ഉന്നത സ്ഥാനങ്ങളിൽ വലിയ ശമ്പളം വാങ്ങി ഇരിക്കുന്നവരിൽ പലരും വേണ്ടത്ര കാര്യപ്രാപ്തി ഉള്ളവരല്ലെന്ന ആരോപണവും ശക്തമാണ്.

മാർക്കറ്റിങ്, പി ആർ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ ഉന്നതരുടെ കാര്യശേഷിയും സ്ഥാപനത്തോടുള്ള ആത്മാര്‍ത്ഥതയും പരിതാപകരമാണെന്നാണ് വിമർശനം.

publive-image

ആക്ഷേപങ്ങളും ആരോപണങ്ങളും ഏറെയുണ്ടെങ്കിലും മുന്നൂറുകോടിയിലേറെ മുതൽ മുടക്കിയ ആശുപത്രി നിർമ്മാണത്തിൽ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കാര്യങ്ങൾ മാനേജ് ചെയ്തതിലെ അപാകതകളും കെടുകാര്യസ്ഥതകളും മൂലമുണ്ടായ നഷ്ടങ്ങൾക്കെതിരെ മാത്രമാണ് ആക്ഷേപമുള്ളത്.

മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോടും കിടപിടിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളുടെയും സജ്ജീകരണങ്ങളുടെയും അകമ്പടിയോടെയാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.

പകൽ മുഴുവനും സന്ധ്യയോളവും വരെ നീളുന്ന ഓ പി സെക്ഷൻ, പൂർണ്ണമായും ശീതീകരിച്ചതും ആധുനിക നിലവാരത്തിൽ പണികഴിപ്പിച്ചതുമായ ആശുപത്രിയുടെ ഉൾവശം എന്നിവ അനാരോഗ്യത്തിനിടയിലും രോഗിയുടെ മനസിന് കുളിർമ നൽകുന്നതാണ്.

5.67 ലക്ഷം ചതുരശ്രയടി വിസ്താരത്തിലുള്ള മാർ ശ്ലീവാ മെഡിസിറ്റിയിൽ 750 കിടക്കകളും (വാർഡുകൾ ഉൾപ്പെടെ ശീതീകരിച്ചത്) 17 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും 22 സ്പെഷ്യാലിറ്റി വിഭാഗങ്ങളും 10 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ സജ്ജമായ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള 11 ഓപ്പറേഷൻ തിയേറ്ററുകളും സജ്ജമാണ്. അതിസമർഥരായ ഡോക്ടർമാരുടെ ഒരു പാനൽ തന്നെയുണ്ടിവിടെ.

അതിനാൽ തന്നെ പണം മുടക്കിയാലും പാലാക്കാരേ സംബന്ധിച്ച് കേരളത്തിലെവിടെയും ലഭിക്കാത്ത വിധമുള്ള ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇവിടെ സജ്ജമാണെന്ന കാര്യത്തിൽ അഭിമാനിക്കാം. കൊടുത്ത പണം കുറച്ചൊക്കെ അനാവശ്യമായി ചിലവഴിച്ചെന്നതൊഴിച്ചാൽ അടിച്ചുമാറ്റി എന്ന ആക്ഷേപവുമില്ല.

ഇനിയുള്ളത് ഓരോ വിഭാഗങ്ങളിലും പ്രവർത്തന പരിചയവും പ്രാഗത്ഭ്യവുമുള്ള പ്രൊഫഷണലുകളെ നിയമിച്ച് നിലവിലുള്ള സംവിധാനങ്ങൾ ആളുകളെ തൃപ്തിപ്പെടുത്തുംവിധം ഉപയോഗിച്ചാൽ എല്ലാ വിവാദങ്ങളെയും അതിജീവിക്കാൻ മാത്രം ശക്തമാണ് ഈ സ്ഥാപനം.

ഒപ്പം ഗുണവും പ്രയോജനവുമില്ലാത്തവരെ ഒഴിവാക്കി ഓഫീസ് മാനേജുമെന്റ് ടീമില്‍ ശുചീകരണവും ആവശ്യമാണ്.

Advertisment