പി.ജെ. ജോസഫിന്‍റെ ഇടതുപക്ഷ നീക്കത്തിന് തുടക്കത്തിലെ തിരിച്ചടി! വിയോജിപ്പുമായി സി.എഫ് തോമസും കൂട്ടരും! മാണിമോഡല്‍ സമദൂര തന്ത്രം മതിയെന്ന് ഒത്തുതീര്‍പ്പെന്ന് സൂചന!

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, May 31, 2020

കോട്ടയം: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്താനുള്ള പി.ജെ. ജോസഫിന്‍റെ നീക്കത്തിന് തുടക്കത്തിലെ തിരിച്ചടി. മുന്നണി വിട്ടാല്‍ തങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന് സി.എഫ്. തോമസ് എംഎല്‍എ ഉള്‍പ്പെടെ ജോസ് കെ. മാണി പക്ഷത്തെ ഉപേക്ഷിച്ചുപോന്ന നേതാക്കന്മാരില്‍ വലിയൊരു വിഭാഗം ജോസഫിനെ അറിയിച്ചു.

അതേ സമയം മോന്‍സ് ജോസഫ് എംഎല്‍എയും ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപിയും പാര്‍ട്ടി പഴയ മുന്നണിയിലേയ്ക്ക് തന്നെ മടങ്ങി പോകണമെന്ന അഭിപ്രായക്കാരാണ്. ഇടതു മുന്നണിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നതും അടുത്തിടെ ഇടതുമുന്നണിയില്‍ നിന്ന് ജോസഫിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജും ജോസഫിന്‍റെ എക്കാലത്തെയും അനുയായി മോന്‍സ് ജോസഫുമാണ്.

എന്നാല്‍ ആരുവന്നില്ലെങ്കിലും താന്‍ പോകുമെന്ന വാശിയിലാണ് പി.ജെ. ജോസഫ്. ഒരാശയം മനസില്‍ കയറിയാല്‍ അത് നടപ്പിലാക്കാതെ മനസ് അടങ്ങാത്ത ശൈലിയാണ് പി.ജെയ്ക്കെന്ന് കേരള കോണ്‍ഗ്രസുകാര്‍ക്കറിയാം. അതിനാല്‍ തന്നെ ജോസഫിനെ എങ്ങനെയും വിലക്കണമെന്ന ലക്ഷ്യത്തിലാണ് പുത്തന്‍ ജോസഫ് വിഭാഗമായി അറിയപ്പെടുന്ന സി.എഫ് തോമസും മറ്റും. തോമസ് ഉണ്ണിയാടനെയും ജോണി നെല്ലൂരിനെയും ഒപ്പം നിര്‍ത്താനുള്ള നീക്കത്തിലാണ് ജോസഫ്. ജോണി നെല്ലൂരിനും ഇടതു മുന്നണി പ്രവേശനത്തോട് താല്‍പര്യമില്ല.

അങ്ങനെയെങ്കില്‍ പെട്ടെന്ന് മുന്നണി മാറുന്നത് ഒഴിവാക്കാന്‍ യുഡിഎഫ് വിട്ട ശേഷം സമദൂര നിലപാടുമായി പുറത്തുനില്‍ക്കുന്നതാണ് പാര്‍ട്ടിക്കുള്ളിലെ ഒത്തുതീര്‍പ്പ് ഫോര്‍മുല. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് വിട്ട കെ.എം. മാണി പരീക്ഷിച്ചത് ഈ തന്ത്രമായിരുന്നു.

പക്ഷെ പി.ജെ. ജോസഫ് അത് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മാണിക്കുണ്ടായിരുന്ന തന്ത്രജ്ഞതയും സ്വീകാര്യതയും രാഷ്ട്രീയ മെയ് വഴക്കവും അതേ തോതില്‍ ജോസഫിനില്ലെന്നതാണ് പ്രതികൂല ഘടകം. എങ്കിലും ഇടതുമുന്നണി പ്രവേശനത്തില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ ഇതുതന്നെയായിരിക്കും ജോസഫിനു മുമ്പിലുള്ള പോംവഴി.

×