Advertisment

പി ജെ ജോസഫ് മുഖ്യമന്ത്രിയെ കണ്ടത് എൽഡിഎഫ് നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരം ? മടങ്ങിയെത്തിയാൽ മുമ്പത്തേക്കാൾ പരിഗണന നൽകുമെന്ന് ജോസഫിന് സിപിഎമ്മിന്റെ ഉറപ്പ് ! കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിപിഎം - സിപിഐ ഉന്നതർ ജോസഫിനെ കണ്ടും ചർച്ച നടത്തി ! ജോസഫിന്റെ ഡിമാന്റും സി പി എമ്മിന്റെ ഓഫറും ഇങ്ങനെ !

New Update

തിരുവനന്തപുരം:  കേരളാ കോൺഗ്രസ് (എം) സംസ്ഥാന വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് ഇടതുമുന്നണി നേതൃത്വത്തിന്റെ ആവശ്യപ്രകാരമെന്നു സൂചന.

Advertisment

സി പി എമ്മിന്റെയും സി പി ഐയുടെയും രണ്ടു മുതിർന്ന നേതാക്കൾ കഴിഞ്ഞ ഒരാഴ്ചക്കിടെ പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകളിലെ ധാരണയ്ക്കനുസരിച്ചായിരുന്നു പി ജെ ജോസഫ് ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി മുക്കാൽ മണിക്കൂർ കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്.

publive-image

മുഖ്യമന്ത്രിയെ സന്ദർശിച്ച കാര്യം പുറത്തറിഞ്ഞാൽ പത്രങ്ങളോട് വിശദീകരിക്കാനായി ഒരു നിവേദനവും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ചെറുകിട കർഷകർക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി കോവിഡ് കാലത്ത് അടിയന്തിര സഹായമായി 10000 രൂപ വീതം അനുവദിക്കണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം.

എന്നാൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുക എന്ന രാഷ്ട്രീയ നേതാക്കളുടെ പ്രധാന പരിപാടികളിലൊന്നായിട്ടും പി ജെ ജോസഫ് പാർട്ടി നേതാക്കളെ ഒഴിവാക്കി ഒറ്റയ്ക്കാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്നതാണ് ശ്രദ്ധേയം.

പാർട്ടിയിൽ മുതിർന്ന ചില നേതാക്കളെ സന്ദർശന വിവരം അറിയിച്ചില്ലെന്ന പരാതിയുമുണ്ട്. പിണറായി - പി ജെ ജോസഫ് കൂടിക്കാഴ്ചയ്ക്ക് ദുരൂഹത നൽകിയതും പാർട്ടി നേതാക്കളെ ഒഴിവാക്കി കൊണ്ടുള്ള ജോസഫിന്റെ ഒറ്റയ്ക്കുള്ള ഈ രഹസ്യ സന്ദർശനമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ സ്വീകരിക്കുന്നതിൽ വിദഗ്ധനാണ് ജോസഫ്. യു ഡി എഫിന് അടുത്ത തവണ അധികാരത്തിലെത്താനുള്ള രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്തില്ലെന്നതാണ് ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

ജോസഫിനെയും അദ്ദേഹത്തിൻറെ പാർട്ടിയെയും സംബന്ധിച്ച് ഭരണമില്ലാതെ അഞ്ച് വർഷം കൂടി പിടിച്ചു നിൽക്കുക പ്രയാസമാണ്. മാത്രമല്ല 80 കാരനായ ജോസഫിനെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിപ്രകാരം  അവസാന അവസരമാണ് അടുത്ത സർക്കാർ.

ഈ സാഹചര്യം തന്ത്രപരമായി പ്രയോജനപെടുത്തുകയാണ് ജോസഫിന്റെ നീക്കം.  അടുത്തിടെ എൽ ഡി എഫ് വിട്ട് ജോസഫിനൊപ്പം കൂടിയ ഫ്രാൻസിസ് ജോർജ്ജും കൂട്ടരുമാണ് പുതിയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. യു ഡി എഫിലെത്തിയിട്ടും ഫ്രാൻസിസ് ജോർജ്ജ് ഇടതുപക്ഷത്തെ വിമർശിക്കാനോ യു ഡി എഫിനെ പ്രശംസിക്കാനോ തയാറായിട്ടില്ല.

publive-image

ജോസഫിനുള്ള എൽ ഡി എഫ് പായ്‌ക്കേജ് ഇങ്ങനെ !

രണ്ടു പതിറ്റാണ്ടുകാലം ഇടത് മുന്നണിയുടെ ഭാഗമായിരുന്ന ജോസഫിനെ തിരിച്ചെടുക്കുന്നതിൽ മുന്നണിയിലാർക്കും എതിർപ്പില്ല. മാത്രമല്ല മുന്നണിയുടെ ഭാഗമായിരുന്ന സമയത്ത് നല്കിയതിനേക്കാൾ കൂടുതൽ പരിഗണന മടങ്ങിവന്നാൽ നൽകാമെന്നാണ് എൽ ഡി എഫ് വാഗ്ദാനം. ഇക്കാര്യത്തിൽ അന്തിമ ധാരണ സംസാരിക്കാനായിരുന്നു ചൊവ്വാഴ്ചത്തെ പിണറായി - ജോസഫ് രഹസ്യ കൂടിക്കാഴ്ച.

അതേസമയം ജോസഫ് ആവശ്യപ്പെടുന്ന 2 മന്ത്രിസ്ഥാനങ്ങളും 10 സീറ്റും എന്നത് സംബന്ധിച്ച് പിണറായി ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും ഇടത് കേന്ദ്രങ്ങൾ പറയുന്നു.

മറിച്ച് മാന്യമായ പരിഗണനയോടുകൂടി തന്നെ മുമ്പത്തേക്കാൾ അധികം വിഹിതം നൽകി ഒപ്പം നിർത്തുമെന്ന ഉറപ്പാണ് സി പി എം നൽകിയതെന്നാണ് റിപ്പോർട്ട്. സി പി ഐ ഉന്നതനും ജോസഫുമായി അടുത്ത ആശയവിനിമയത്തിലാണ്. അതിനാൽ തന്നെ ജോസഫിന്റെ മടങ്ങിവരവിന് ഇടത് മുന്നണിയിൽ തടസങ്ങളില്ല. കൊറോണ പ്രതിസന്ധിക്ക് ശേഷം പിജെ ജോസഫും മുഖ്യമന്ത്രിയുമായി ദിവസവും ഒന്നിലേറെ തവണ ആശയവിനിമയം നടക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ ജോസഫ് നല്‍കുന്ന മിക്ക നിര്‍ദേശങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുന്നുമുണ്ട്. അങ്ങനെയാണ് പിണറായി ജോസഫിനെ സ്വാധീനിച്ചതത്രേ.

ഇലക്ഷൻ കമ്മീഷൻ തീരുമാനം നിർണ്ണായകം

ഇടത് മുന്നണിയുമായി ധാരണയിലായാൽപ്പോലും പി ജെ ജോസഫിന്റെ മുന്നണി മാറ്റത്തിന് നിയമപരമായ കടമ്പകൾ ബാക്കിയുണ്ട്.

കെ എം മാണി ചെയർമാനായിരുന്ന കേരളാ കോൺഗ്രസ് എം പിളർന്നതായി രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള കേസ് ഇലക്ഷൻ കമ്മീഷന്റെ പരിഗണനയിലാണ്. ഈ പിളർപ്പിൽ ഇലക്ഷൻ കമ്മീഷൻ നൽകുന്ന തീർപ്പ് ഇരു വിഭാഗങ്ങളെ സംബന്ധിച്ചും നിർണ്ണായകമാണ്.

കേരളാ കോൺഗ്രസിന്റെ നിയമസഭാ കക്ഷിയിൽ ജോസ് - ജോസഫ് വിഭാഗങ്ങൾക്ക് പിളർന്നുമാറാനുള്ള അംഗബലമില്ല. അതിനാൽ തന്നെ ഇലക്ഷൻ കമ്മീഷൻ തീർപ്പ് ഒരു വിഭാഗത്തിന് അനുകൂലമായാൽ മറുവിഭാഗം എം എൽ എമാരും അവരുടെ വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥരാകും.

ഈ സാഹചര്യത്തിൽ ജോസഫ് മുന്നണി മാറുന്നത് അത്തരം തീരുമാനങ്ങൾകൂടി വന്നശേഷമായിരിക്കും.

വാൽക്കഷണം: കുഴിതോണ്ടുന്നവർ ജാഗ്രതൈ !

ജോസഫിന്റെ അഗ്രി ചലഞ്ച് വിജയമാക്കാൻ ജോസഫ് ഗ്രൂപ്പ് നേതാക്കൾ നേതാക്കളെ തേടിപ്പിടിച്ച് ചെടി നടുവിച്ച് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്ന പരിപാടി സജീവമാണ്.

തുടക്കത്തിൽ സ്വന്തം പാർട്ടിക്കാരെക്കൊണ്ട് ആയിരുന്നത് പിന്നെ കോൺഗ്രസ് നേതാക്കളെക്കൊണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയായി സി പി എം നേതാക്കളും ചെടി നടുന്നുണ്ട്.

ജോസഫിന്റെ ഇന്നലത്തെ രഹസ്യ ചർച്ച വിജയമായാൽ കോൺഗ്രസുകാർ മാന്തിയ കുഴിയിൽ ഇടതു മുന്നണി ജോസഫിന്റെ ചെടി നട്ട് വിളവെടുക്കുന്നതാണ് സാഹചര്യം.

അതിനാൽ ജോസഫ് നേതാക്കൾ സഞ്ചിയിൽ ചെടിയുമായി വന്നാൽ കോണ്‍ഗ്രസുകാര്‍ നടാൻ കുഴി തോണ്ടുന്നത് ഇനി സൂക്ഷിച്ചുവേണം. അല്ലെങ്കിൽ സ്വന്തം പാർട്ടിയുടെ കുഴിയാകും തോണ്ടുക !!

pj joseph pj joseph response
Advertisment