പി ജെ ജോസഫിന്റെ ‘തോൽക്കാനായി ജനിച്ചവൻ’ ക്യാംപയിൻ പൊളിച്ചടുക്കി ചിഹ്നം നിഷേധിച്ച രണ്ടു സീറ്റുകളിലും ജോസ് കെ മാണി വിഭാഗത്തിന് മിന്നും വിജയം. പാലാ സമ്മേളനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പുകളിലും ജോസഫിന് തിരിച്ചടി !

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, December 18, 2019

കോട്ടയം:  കേരളാ കോൺഗ്രസിലെ ചിഹ്നം വിളിയിൽ നാണംകെട്ട് പി ജെ ജോസഫ്. ചിഹ്നം നിഷേധിച്ച് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനെ മത്സരിപ്പിച്ച പി ജെ ജോസഫ് വിഭാഗത്തിന് അകലക്കുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവിയാണ് ഏൽക്കേണ്ടി വന്നത്.

‘തോൽക്കാനായി ജനിച്ചവനെന്ന’ പേരിൽ ജോസ് കെ മാണിക്കെതിരെ കൂട്ടായ ക്യാംപെയ്ൻ സംഘടിപ്പിച്ച ജോസഫ് വിഭാഗത്തിന് പ്രവർത്തകരുടെ പിന്തുണ ഇല്ലെന്നതിന് തെളിവായി മാറിയിരിക്കുകയാണ് അകലക്കുന്നത്തെയും കാസർകോട് ബളാലിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.

ജോസഫ് ചിഹ്നം നിഷേധിച്ച കാസർകോട് ബളാൽ ഗ്രാമപഞ്ചായത്തിൽ ആകെ 821 വോട്ടുകൾ പോൾ ചെയ്തിടത്ത് 598 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ജോസ് കെ മാണിയുടെ സ്ഥാനാർഥി മിന്നുന്ന വിജയം നേടിയത്.

അകലക്കുന്നത്ത് പൂവത്തിളപ്പ് വാർഡിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയ്ക്ക് ജോസഫ് ചിഹ്നം നിഷേധിച്ചെന്നു മാത്രമല്ല, വിമത സ്ഥാനാർഥിയെ നിർത്തുകയും ചെയ്തു. കേരളാ കോൺഗ്രസിലെ തമ്മിലടി മുതലെടുക്കാൻ ഇടതും അത്യാവശ്യം ബി ജെ പിയും ജോസഫിന്റെ സ്ഥാനാർത്ഥിയെ സഹായിച്ചെങ്കിലും ജോസ് കെ മാണിയുടെ സ്ഥാനാർഥി 69 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഇടതിന്റെയും ബി ജെ പിയുടെയും സഹായം വാങ്ങിയിട്ട് അവരെ അപമാനിക്കുന്ന പ്രസ്താവനയുമായി ജോസഫ് വിഭാഗത്തിന്റെ കോട്ടയം നേതാവ് രംഗത്ത് വന്നത് ഇരുകൂട്ടരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഇടത് സ്ഥാനാർത്ഥിക്ക് 29 ഉം ബി ജെ പി സ്ഥാനാർഥിക്ക് 15 ഉം വോട്ടുകളാണ് ലഭിച്ചത്.

അകലക്കുന്നത് ജോസഫ് ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാൻ പിടിച്ചത് മോൻസ് ജോസഫ് എം എൽ എ നേരിട്ടായിരുന്നു.

പാലായിൽ ഒരേ ദിവസം നേർക്കുനേർ സമ്മേളനം നടത്തി തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അകലക്കുന്നം, ബളാൽ തെരഞ്ഞെടുപ്പുകളിലും ജോസ് കെ മാണിയോട് ജോസഫ് രാഷ്ട്രീയ തോൽവി ഏറ്റുവാങ്ങിയത്.

ജോസ് കെ മാണിയെ പരസ്യമായി വെല്ലുവിളിച്ചു ദിവസങ്ങൾക്ക് മുമ്പ് ജോസഫ് വിഭാഗം പാലാ ടൗൺഹാളിൽ വിശാല നിയോജക മണ്ഡലം സമ്മേളനം വിളിച്ചു കൂട്ടിയതിൽ പങ്കെടുത്തത് 200 പേരാണ്. അതേദിവസം രാവിലെ ആശുപത്രി ജംഗ്ഷനിൽ ജോസ് വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉത്‌ഘാടനം നടത്തത്തിയത് 450 പേരെ പങ്കെടുപ്പിച്ചാണ്.

അതിനുപുറമെ അതെ ദിവസം വൈകിട്ട് ജോസഫിന്റെ പാലാ സമ്മേളനത്തിന് ബദലായി ജോസ് കെ മാണി കടുത്തുരുത്തിയിൽ നടത്തിയ നിയോജക മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്തത് ആറായിരത്തോളം പേരായിരുന്നു.

കോടതി മുഖേനയും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ മുഖേനയുമുള്ള കേസുകളിൽ പി ജെ ജോസഫിനായിരുന്നു വിജയം. അതിന്റെ പേരിലായിരുന്നു ‘തോൽക്കാനായി ജനിച്ചവൻ’ എന്ന ക്യാംപയിൻ ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗം അഴിച്ചുവിട്ടത്.

എന്നാൽ പ്രവർത്തകർക്കിടയിൽ ഇപ്പോഴും സ്വീകാര്യത തങ്ങൾക്കാണെന്നു ജോസ് കെ മാണി വിഭാഗം തെളിയിച്ചിരിക്കുന്നു. ജോസഫ് വിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളിയും പ്രവർത്തക പിന്തുണയില്ലെന്നതാണ്.

×