കോൺഗ്രസിലെ പൊട്ടിത്തെറി മുതലെടുക്കാൻ സുധാകരനെയും സതീശനെയും കുരുക്കാൻ കേസും വിജിലൻസ് അന്വേഷണവും. പാർട്ടിയിലെ പുകച്ചിലിനിടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തൽ. പ്രതികാരക്കേസുകളെ ഒറ്റക്കെട്ടായി നേരിടും. സർക്കാരിനെതിരായ വികാരം ആളിക്കത്തിക്കാൻ കോൺഗ്രസ്. പ്രതികാരക്കേസുകൾ സർക്കാരിനെതിരേ ആയുധമാക്കി തിരിച്ചടിക്കാൻ നീക്കം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റ് നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരവേ, പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും ഒരുപോലെ കേസിൽ കുരുക്കാനുള്ള സർക്കാരിന്റെ നീക്കമാണ് കേസുകളെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതിയാക്കിയത്. പറവൂർ മണ്ഡലത്തിലെ പ്രളയ പുനരധിവാസത്തിനായി വിദേശത്ത് നിന്ന് പണം പിരിച്ച് വീടുകൾ നിർമ്മിച്ചെന്ന പരാതിയിലാണ് സതീശനെതിരേ വിജിലൻസ് അന്വേഷണം.

എ.ഐ ക്യാമറ, ലോക കേരള സഭയ്ക്കായി അമേരിക്കയിലെ പണപ്പിരിവ് എന്നിങ്ങനെ സർക്കാർ ആരോപണങ്ങളിൽ ഉലയവേയാണ്, കോൺഗ്രസ് നേതാക്കൾക്കെതിരായ കേസും അന്വേഷണവും. കേസുകളെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാണ് കോൺഗ്രസ് തീരുമാനം.

ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടനയെച്ചൊല്ലി കോൺഗ്രസിലുയർന്ന കലഹങ്ങൾക്കിടെ നേതാക്കൾക്കെതിരേ കേസും അന്വേഷണവും പ്രഖ്യാപിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കോൺഗ്രസ് വിലയിരുത്തി. ഇക്കാര്യത്തിൽ സർക്കാരിനെതിരേ വ്യാപക പ്രചാരണം നടത്താനാണ് തീരുമാനം.

മഹാരാജാസ് കോളേജിലെ വ്യാജരേഖയുണ്ടാക്കി എസ്.എഫ്.ഐ മുൻ നേതാവ് വിദ്യ സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമിച്ചത് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെഗൂഢാലോചനക്കേസിൽ പ്രതിയാക്കിയത് വൻ ചർച്ചാവിഷയമായിട്ടുണ്ട്.

പ്രതികാര കേസുകളെടുക്കുന്ന സർക്കാരിന്റെ നടപടി കേരളത്തിന് ദഹിക്കാത്തതാണ്. ഇതിനെതിരേ പൊതുവികാരം ശക്തമാണ്. സർക്കാരിനെതിരെ നിരന്തരമായ ആരോപണങ്ങളുയരവേ, കള്ളകേസുകളെടുത്ത് ജനശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രചാരണം നടത്തും.

ഉയരുന്ന ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്നതായതിനാലാണ് തങ്ങൾക്കെതിരെ തിരിയുന്നതെന്നാണ് കോൺഗ്രസ് വാദം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ എടുത്ത ഗൂഢാലോചനക്കേസിൽ പ്രതീക്ഷിക്കാത്ത കോണുകളിൽ നിന്നടക്കം സർക്കാർ എതിർപ്പുകൾ നേരിടുന്നതും പ്രതിപക്ഷത്തിന് ആയുധമാണ്.

ഇതെല്ലാം മുതലെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. യു.ഡി.എഫിലെ ഘടകകക്ഷികളുടെ പിന്തുണയോടെ ഇക്കാര്യം തുറന്നു കാട്ടാനുള്ള പ്രചാരണങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം.

ഇതിനൊപ്പം കേസുകളെ നിയമപരമായി നേരിടാനും തീരുമാനിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി സുധാകരൻ ഉടൻ കോടതിയെ സമീപിക്കും. മോൻസണിനെ കാണാനെത്തിയ വേളയിൽ നടന്നൊരു പണമിടപാടിന് താനുമായി ബന്ധമില്ലെന്നും കണ്ടുനിന്നവനെ പ്രതിയാക്കുന്ന രീതിയാണ് പോലീസ് സ്വീകരിച്ചതെന്നും സുധാകരൻ കോടതിയിൽ അറിയിക്കും.

കെ. സുധാകരൻ എം.പി അല്ലാതിരുന്ന 2018ൽ എം.പിയെന്ന നിലയിൽ സഹായവാഗ്ദാനം നടത്തി പണം വാങ്ങിയെന്ന കേസ് കഴമ്പില്ലാത്തതാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. സതീശനെതിരായ വിജിലൻസ് അന്വേഷണത്തിന് ആധാരമായ പരാതി 4വട്ടം പല തലങ്ങളിൽ തള്ളിപ്പോയതാണ്.

ഓരോ തവണ സ്പീക്കറും ആഭ്യന്തരവകുപ്പും പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളി. സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലാത്ത പരാതിയാണിതെന്ന് ഹൈക്കോടതിയിൽ സി.ബി.ഐ അറിയിച്ചിരുന്നു.

ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും പരാതി തള്ളിക്കളഞ്ഞിരുന്നു. നിയമസഭയിലടക്കം കേസെടുക്കാൻ പ്രതിപക്ഷനേതാവ് തന്നെ വെല്ലുവിളിച്ചതുമാണ്.

വിജിലൻസ് അന്വേഷണം നടത്തിയാൽ, എങ്ങനെയാണ് മികച്ച രീതിയിൽ പ്രളയ പുനരധിവാസം നടത്തേണ്ടതെന്ന റിപ്പോർട്ടായിരിക്കും മുഖ്യമന്ത്രിക്ക് നൽകുകയെന്നാണ് സതീശൻ നിയമസഭയിൽ പറഞ്ഞത്.

Advertisment