പ്രളയത്തില്‍ തട്ടി പുനസംഘടന പിന്നെയും പാളി. ഇരട്ടപദവിയില്‍ തര്‍ക്കം തുടരുന്നു. 3 വര്‍ക്കിംഗ് / വൈസ് പ്രസിഡന്റുമാര്‍, 25 ജനറല്‍സെക്രട്ടറിമാര്‍ എന്ന കാര്യത്തില്‍ ഏകദേശ ധാരണ. മുരളീധരനും സുധാകരനും തുടര്‍ന്നേക്കും. ബെന്നി ബെഹന്നാന്‍, കൊടിക്കുന്നില്‍, പ്രതാപന്‍ – ഒഴിയും ടി സിദ്ദിഖ്, വി ഡി സതീശന്‍, വാഴയ്ക്കന്‍ – നേതൃനിരയിലേക്ക് 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, August 15, 2019

തിരുവനന്തപുരം:  പ്രളയത്തില്‍ തട്ടി കെ പി സി സി പുനസംഘടന വീണ്ടും പാളി.  ആദ്യം ജൂലൈ 31 നകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച പുനസംഘടന പിന്നീട് ആഗസ്റ്റ്‌ 15 ലേക്ക് നീട്ടിയെങ്കിലും അടുത്ത വര്‍ഷത്തെ ആഗസ്റ്റില്‍ പോലും പുനസംഘടന നടക്കുമോ എന്ന് സംശയിക്കത്തക്കവിധമാണ് കാര്യങ്ങളുടെ പോക്ക്.

പുനസംഘടനയില്‍ ഇരട്ടപ്പദവി ബാധകമാക്കണോ ? ജംബോ കമ്മിറ്റി വേണോ ? ചെറിയ കമ്മിറ്റി മതിയോ തുടങ്ങിയ കാര്യങ്ങളിലൊക്കെ തര്‍ക്കം തുടരുകയാണ്.  ഇരട്ടപ്പദവി സംബന്ധിച്ച തര്‍ക്കമാണ് പുനസംഘടന നീളാനുള്ള പ്രധാന തടസം.  ഒരാള്‍ക്ക് ഒരു പദവിയെന്ന വാദത്തെ എ’ ഗ്രൂപ്പും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂലിക്കുമ്പോള്‍ അര്‍ഹതയാകണം മാനദണ്ഡമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

ഒരാള്‍ക്ക് ഒരു പദവിയെന്ന വ്യവസ്ഥ നടപ്പിലാക്കിയാല്‍ കെ മുരളീധരനെയും വി ഡി സതീശനെയും പോലുള്ള പ്രഗത്ഭരെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യത മങ്ങും.  മാത്രമല്ല, നിഷ്ക്രിയരായ നേതൃനിരയാകും സൃഷ്ടിക്കപ്പെടുക എന്ന സന്ദേഹവും ഐ വിഭാഗത്തിനുണ്ട്.  വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ വേണ്ടെന്ന നിലപാടാണ് മുല്ലപ്പള്ളിയ്ക്കെങ്കിലും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടും നിര്‍ണ്ണായകമാകും.

വര്‍ക്കിംഗ് പ്രസിഡന്റ് മാറി വൈസ് പ്രസിഡന്റുമാര്‍ വന്നാലും ഈ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പേരുകള്‍ ഗ്രൂപ്പുകള്‍ തയാറാക്കി വരുന്നു.  എ ഗ്രൂപ്പില്‍ നിന്നും തമ്പാനൂര്‍ രവി, ടി സിദ്ദിഖ് എന്നിവരുടെ പേരുകളാണ് വര്‍ക്കിംഗ് / വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണനയിലുള്ളത്.  ഐ ഗ്രൂപ്പ് വി ഡി സതീശന്‍, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ സുധാകരന്‍ എം പി എന്നീ പേരുകളും മുന്നോട്ട് വയ്ക്കുന്നു.

3 വര്‍ക്കിംഗ് / വൈസ് പ്രസിഡന്റുമാര്‍ 25 ജനറല്‍ സെക്രട്ടറിമാര്‍, അത്രത്തോളം സെക്രട്ടറിമാര്‍ എന്നതാണ് ഭാരവാഹികളുടെ എണ്ണത്തിലെ ഏകദേശ ധാരണ. പക്ഷേ, തീരുമാനങ്ങളിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ നേതാക്കളെ ഉള്‍ക്കൊള്ളിക്കുന്നതിനായി ലിസ്റ്റ് വീണ്ടും വിപുലീകരിക്കുമോ എന്ന് വ്യക്തമല്ല.

യു ഡി എഫ് കണ്‍വീനര്‍, പ്രചരണ വിഭാഗം അധ്യക്ഷന്‍ എന്നീ പദവികളിലും ആളെ കണ്ടെത്തണം.  പ്രചരണ വിഭാഗം തലവനായി കെ മുരളീധരന്‍ തുടരണമെന്ന കാര്യത്തില്‍ കേരളത്തിലെ വിവിധ ഗ്രൂപ്പുകള്‍ക്കും ദേശീയ നേതൃത്വത്തിനും ഏകാഭിപ്രായമാണ്.  അതിനാല്‍ മുതിര്‍ന്ന നേതാവും മുന്‍ കെ പി സി സി അധ്യക്ഷനും എന്ന നിലയില്‍ മുരളീധരന് ഇരട്ടപ്പദവി ബാധകമാകില്ല. നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിനോട് ഒരു ഗ്രൂപ്പിനും നിഷ്പക്ഷര്‍ക്കും താല്പര്യമില്ല.

അതേസമയം, യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് അമ്പേ പരാജയമായ ബെന്നി ബെഹന്നാനെ മാറ്റണമെന്ന കാര്യത്തില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം ഒഴികെയുള്ളവര്‍ക്ക് ഏകാഭിപ്രായമാണ്. ഘടകകക്ഷികള്‍ക്ക് ബെന്നി സ്വീകാര്യനല്ല. പറയുന്ന വാക്കുകള്‍ക്ക് വിശ്വാസ്യതയില്ലെന്നതാണ് എ ഗ്രൂപ്പില്‍ പോലും ബെന്നി ബെഹന്നാണ് പിന്തുണ ലഭിക്കാത്തത്.

ഡി സി സി അധ്യക്ഷന്മാര്‍ എം പിമാരായി തെരഞ്ഞെടുക്കപ്പെട്ട തൃശൂരും പാലക്കാടും പുതിയ അധ്യക്ഷന്മാരെ നിയമിക്കുന്നതും ചര്‍ച്ചയിലാണ്.  തൃശൂര്‍ ഡി സി സി അധ്യക്ഷന്‍ ടി എന്‍ പ്രതാപന്‍ എം പി പദവിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന നിലപാടിലാണ്.  അതേസമയം, പാലക്കാട് എംപി വി കെ ശ്രീകണ്ഠനെ മാറ്റിയാല്‍ നിലവില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സംഘടനാ സംവിധാനം താറുമാറാകും എന്ന അഭിപ്രായക്കാരുണ്ട്.

എന്നാല്‍ പാര്‍ട്ടി എന്ത് പറഞ്ഞാലും തയാര്‍ എന്നതാണ് ശ്രീകണ്ഠന്റെ നിലപാട്.  തൃശൂരില്‍ പ്രതാപന്‍ മാറിയാല്‍ കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലിനെ എ ഗ്രൂപ്പ് പരിഗണിച്ചേക്കും.

കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ അഡ്വ. ടി സിദ്ദിഖിനെ ഗ്രൂപ്പ് നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് എ’യുടെ തീരുമാനം.  അങ്ങനെ വന്നാല്‍ അദ്ദേഹം വര്‍ക്കിംഗ് പ്രസിഡന്റാകും എന്നുറപ്പാണ്.  അപ്പോള്‍ കോഴിക്കോട് ഡി സി സിയിലും ഒഴിവുവരും. ഇവിടെയും പുതിയ ആളെ കണ്ടെത്തണം. ഇതെല്ലാം ഒരു പായ്ക്കേജായി നടപ്പിലാക്കാന്‍ കഴിയുമോ എന്നതാണ് നേതാക്കള്‍ ആലോചിക്കുന്നത്.  പക്ഷേ, ധാരണകളാകാതെ ചര്‍ച്ചകള്‍ നീളുകയാണെന്ന് മാത്രം.

×