തിരുവനന്തപുരം: ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. അദ്ധ്യക്ഷനായ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറി വി.പി ജോയിയുടെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെയും അസാന്നിദ്ധ്യത്തിലും മന്ത്രിസഭാ യോഗം ഇത്രയ്ക്ക് സ്പെഷ്യലാവാൻ കാരണമായത് മുഖ്യമന്ത്രിയുടെ ഓൺലൈനിലെ സാന്നിദ്ധ്യമാണ്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ബുധൻ രാവിലെ 9 മണിക്കായിരുന്നു ഓൺലൈനായി മന്ത്രിസഭായോഗം ചേർന്നത്. വിദേശയാത്ര പോവുമ്പോൾ മറ്റാർക്കും മുഖ്യമന്ത്രിയുടെ ചുമതല കൈമാറുന്ന പതിവ് പിണറായിക്കില്ല. അതിനാൽ ഇത്തവണയും ആർക്കും ചുമതല നൽകിയിരുന്നില്ല. എന്നാൽ മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായി മുഖ്യമന്ത്രി കൃത്യസമയത്ത് പങ്കെടുത്തു.
പതിവില്ലാത്ത ക്ഷീണത്തോടെയാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. ലോക കേരള സഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗം നിയന്ത്രിച്ചത് വാഷിംഗ്ടണിൽ നിന്ന് ചൊവ്വാഴ്ച രാത്രി 11.45 നായിരുന്നു.
വാഷിംഗ്ടണിൽ സമയം അർദ്ധരാത്രിയോടടുക്കുകയാണെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയിൽ എല്ലാവരും ഉറങ്ങേണ്ട സമയത്താണ് താൻ ഉണർന്നിരുന്ന് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നത്. അടുത്ത ദിവസം രാവിലെ ക്യൂബയിലേക്ക് യാത്ര തിരിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിമാരോടായി പറഞ്ഞു.
അമേരിക്കയിലും ഇന്ത്യയിലും 10 - 11 മണിക്കൂർ സമയവ്യത്യാസമുണ്ട്. അതാണ് മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയുടെ ഉറക്കം കളഞ്ഞ്. മുഖ്യമന്ത്രിയോടൊപ്പം അമേരിക്കയിലേക്ക് പോയ മന്ത്രി കെ.എൻ. ബാലഗോപാലും ഓൺലൈൻ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നു. മുമ്പ് ബ്രിട്ടൺ സന്ദർശനവേളയിലും ലണ്ടനിലിരുന്നാണ് മുഖ്യമന്ത്രി മന്ത്രിസഭായോഗം നിയന്ത്രിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും ജില്ലാതല അവലോകനയോഗങ്ങൾ നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സെപ്തംബർ നാലു മുതൽ 14 വരെയായി നാല് മേഖലകളായി തിരിച്ചാണ് യോഗങ്ങൾ. നാലിന് കോഴിക്കോട്ടും 7ന് തൃശൂരിലും 11ന് എറണാകുളത്തും 14ന് തിരുവനന്തപുരത്തും യോഗങ്ങൾ ചേരും. പരിഗണിക്കുന്ന വിഷയങ്ങളിൽ 48 മണിക്കൂറിനകം ഉത്തരവിറക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരുടെ യോഗവും ചേരും. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് പോയി. അമേരിക്കയിൽ നടന്ന ലോക കേരളസഭയുടെയും മറ്റ് കൂടിക്കാഴ്ചകളുടെയും മറ്റും ഹ്രസ്വവിവരവും മുഖ്യമന്ത്രി മന്ത്രിമാരെ ഓൺലൈനായി ധരിപ്പിച്ചു. വിദേശ സന്ദർശനം പൂർത്തിയാക്കി ഈ മാസം 19ന് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും.