സഫയേയും പൂജയേയും പോലെ വയനാടിനെയും ഹൃദയത്തോട് ചേർത്ത് രാഹുൽ ഗാന്ധി ! എം പി ആയ ശേഷം വയനാട്ടിലെത്തുന്നത് ആറാം തവണ ! വി വി ഐ പി സാന്നിധ്യവും പരിഭാഷയുമൊക്കെയായി വയനാട്ടിലെ സ്‌കൂൾ കെട്ടിട ഉദ്ഘാടനം വരെ ദേശീയ തലത്തിൽ വാർത്തയും വൈറലും !

ന്യൂസ് ബ്യൂറോ, വയനാട്
Saturday, December 7, 2019

വയനാട്:  അമേഠിയിൽ പകരക്കാരെ ചുമതലപ്പെടുത്തി മണ്ഡലത്തിലെ കാര്യങ്ങൾ പരിഹരിച്ചുപോയിരുന്ന പഴയ ശൈലി ഉപേക്ഷിച്ച് വയനാട്ടിൽ മണ്ഡല കാര്യങ്ങൾ നേരിട്ടേറ്റെടുത്ത് രാഹുൽ ഗാന്ധി. ജനപ്രതിനിധികളെ കാണാൻ കിട്ടാതെ പോകുന്ന വി വി ഐ പി മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമാകുകയാണ് ഇതോടെ രാഹുൽ ഗാന്ധിയുടെ വയനാട്.

ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് ആറാം തവണയാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിലെത്തുന്നത്. ആദ്യം വോട്ടർമാർക്ക് നന്ദി പറയാൻ രണ്ടു തവണ മണ്ഡലത്തിലെത്തിയ രാഹുൽ പിന്നീട് വയനാട്ടിൽ പ്രളയത്തിൽ ദുരിതമനുഭവിച്ചവരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി രണ്ടു തവണ സന്ദർശനം നടത്തി.

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതത്തിലും അഭിമാന നേട്ടങ്ങളിലുമെല്ലാം വി വി ഐ പിയായ എം പി ഒപ്പമുണ്ടെന്ന ഉറപ്പാണ് ഇതോടെ വയനാട്ടുകാർക്ക് ലഭിക്കുന്നത്. സ്‌കൂളിലെ സയൻസ് ലാബിന്റെ ഉത്‌ഘാടനം മുതൽ കഴിഞ്ഞ ദിവസത്തെ വാകേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനുവരെ രാഹുൽഗാന്ധി മണ്ഡലത്തിലെത്തി.

സുഖത്തിലും ദുഃഖത്തിലും ഒപ്പമെന്ന് തെളിയിച്ച് രാഹുൽ

സംസ്ഥാനത്ത് ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും ഐ എ എസ് നേടിയ വയനാട് പൊഴുതന ഇടിയംവയൽ എം ഇ എസ് കോളനിയിലെ ശ്രീധന്യയുടെ വീട്ടിലും രാഹുൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസത്തെ സന്ദർശനത്തിനിടെ ദിവസങ്ങൾക്ക് മുമ്പ് ക്ലാസ് മുറിയിൽ നിന്നും പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങിയ ഷഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും രാഹുൽ മറന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പദവികൾ ഉപേക്ഷിച്ച രാഹുൽ ഗാന്ധി അടുത്തിടെ 40 ദിവസത്തിലേറെ വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുൽ ആദ്യം പരിപാടി നൽകിയത് വയനാട്ടിലായിരുന്നു.

ഒരു പരിഭാഷ കൊണ്ട് വൈറലായ പ്രസംഗം ! താരമായി സഫയും പൂജയും !

നിലമ്പൂർ കരുവാരക്കുണ്ട് ഗവ. എച്ച് എസ് എസിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം വൈറലായി മാറിയത് രാഹുലിന്റെ പുതിയ പരിഭാഷ പരീക്ഷണത്തിലൂടെയായിരുന്നു.

പതിവ് പരിഭാഷകരെ ഒഴിവാക്കി സദസിലിരുന്ന കുട്ടികളോട് രാഹുൽ ചോദിച്ചു, എന്റെ വാക്കുകൾ നിങ്ങൾക്ക് പരിഭാഷപ്പെടുത്തികൂടെ എന്ന്, ! ഇതുകേട്ട പ്ലസ് ടു വിദ്യാർത്ഥിനി സഫ കൈപൊക്കിയതോടെ അനുജത്തിയെ സ്റ്റേജിലേക്ക് വിളിച്ചു. ആ ഒന്നാം തരം പരിഭാഷയും കയ്യടിയുമായിരുന്നു കഴിഞ്ഞ ആഴ്ചയിൽ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ വൈറൽ.

പൂജ പതറി, രാഹുൽ ചേർത്തുനിർത്തി

തൊട്ടടുത്ത ദിവസം വാകേരി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയപ്പോഴും രാഹുൽ കുട്ടി പരിഭാഷകരെ ക്ഷണിച്ചു. ശബ്ദക്രമീകരണത്തിലെ പാളിച്ചകൾ മൂലം രാഹുലിന്റെ വാക്കുകൾ വ്യക്തമായി കേൾക്കാതെ വന്നതോടെ ഇവിടുത്തെ പരിഭാഷക പ്ലസ് വൺ വിദ്യാർത്ഥിനിയായ പി വി പൂജയ്ക്കും ആദ്യം അൽപ്പമൊന്ന് പതർച്ച തോന്നി.

പക്ഷെ, രാഹുൽ പൂജയെ ചേർത്തിനിർത്തി വാക്കുകൾ വ്യക്തമാക്കി ആവർത്തിച്ചു പറഞ്ഞുകൊടുത്ത് പ്രസംഗം ഗംഭീരമാക്കി.

ഒരു കുറുപ്പടിയും നോട്ടുമില്ലാതെ പങ്കെടുക്കുന്ന ചടങ്ങിലെ വിഷയത്തിലൂന്നി ഗഹനമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗവും ജനശ്രദ്ധ നേടിക്കഴിഞ്ഞു. എം പി ഫണ്ട് വിനിയോഗത്തിലും സംസ്ഥാനത്ത് തന്നെ ഏറ്റവും മുൻപിൽ രാഹുലാണ്‌.

×