Advertisment

കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിക്കായി കോണ്‍ഗ്രസിന് ജോസഫിന്റെ വിരട്ടല്‍; ജോസഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അജിത് മുതിരമല ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന്റെ രേഖ പുറത്തുവിട്ട് ജോസ് പക്ഷവും; ഇടതുപക്ഷവുമായി കരാര്‍ ഉറപ്പിച്ച് പിണറായിക്ക് ജന്മസ്തുതി ഗീതം പാടിയ ജോസഫിന്റെ നീക്കം സംശയകരമെന്ന് യുഡിഎഫിലെ നേതാക്കള്‍

New Update

കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പ്രതിസന്ധിയിലായി കോണ്‍ഗ്രസ് നേതൃത്വം. നിലവില്‍ ജോസ് പക്ഷം കൈവശം വച്ചിരുന്ന പ്രസിഡന്‍റ് സ്ഥാനം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തലേദിവസം കുതിരക്കച്ചവടത്തിലൂടെ ജോസഫ് പക്ഷത്തിനൊപ്പം പോയ വിമതരില്‍ ഒരാള്‍ക്ക് നല്‍കണമെന്ന പി.ജെ. ജോസഫിന്‍റെ ആവശ്യമാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

Advertisment

publive-image

എന്നാല്‍ യുഡിഎഫിലും കേരള കോണ്‍ഗ്രസിലും എഴുതിയുണ്ടാക്കിയ കരാര്‍ പ്രകാരം മാത്രമേ മുന്നോട്ടു പോകാനാകൂ എന്നതാണ് ജോസ് കെ. മാണിയുടെ നിലപാട്. ഇപ്പോള്‍ പ്രസിഡന്‍റായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ അവശേഷിക്കുന്ന കാലാവധിയില്‍ പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലെടുത്ത തീരുമാനത്തില്‍ ഇപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന അജിത് മുതിരമലയും അജിത്തിനെ പിന്തുണയ്ക്കുന്ന ഏക അംഗം മേരി സെബാസ്റ്റ്യനും ഒപ്പുവച്ചതിന്‍റെ രേഖകള്‍കൂടി ജോസ് പക്ഷം പുറത്തുവിട്ടതോടെ ജോസഫ് പക്ഷം പരുങ്ങലിലാകുകയായിരുന്നു.

publive-image

ഇതൊടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കിട്ടിയില്ലെങ്കില്‍ മുന്നണി വിടുമെന്ന ഭീഷണിയുമായി പി.ജെ. ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുകൂട്ടരെയും അനുനയിപ്പിച്ചു നിര്‍ത്തുന്നതിനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും.

publive-image

ജില്ലാ പഞ്ചായത്തിലെ നിലവിലുള്ള കരാറുകളും അതുസംബന്ധിച്ച ധാരണകളും താന്‍ ലംഘിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി പറയുന്നത് രേഖകളുടെ കൂടി പിന്‍ബലത്തിലാണ്. പഴയ കരാറുകളുടെ കോപ്പി ജോസ് വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. മറിച്ച് ഏതെങ്കിലും വിധത്തിലുള്ള കരാറുകള്‍ ഉണ്ടെങ്കില്‍ പി.ജെ. ജോസഫ് അത് പുറത്തുവിടട്ടെയെന്നും ജോസ് കെ. മാണി പറയുന്നു. ഈ സാഹചര്യത്തില്‍ ജോസ് കെ. മാണി പക്ഷത്തോട് രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ട്.

അതേസമയം ഒരു ഘടകക്ഷി മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് കോണ്‍ഗ്രസ്  ജോസ് മുന്നില്‍വച്ചിരിക്കുന്നത്‌. എന്നാല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം തങ്ങളെ വഞ്ചിച്ച് മറുകണ്ടം ചാടിയ അജിത് മുതിരമലയെ അംഗീകരിക്കാന്‍ ജോസ് കെ. മാണി പക്ഷത്തിന് ന്യായമായും ബുദ്ധിമുട്ടുണ്ട്. അതിനവര്‍ തയ്യാറാകില്ല. അതില്ലാതെ പി.ജെ. ജോസഫും അയയില്ല. പ്രസിഡന്‍റ് സ്ഥാനം വാഗ്ദാനം ചെയ്താണ്‌ അജിത് മുതിരമലയെ ജോസഫ് വിഭാഗം ഒപ്പം കൂട്ടിയത്.

publive-image

എന്നാല്‍ രാഷ്ട്രീയത്തില്‍ ലാഭവും അവസരങ്ങളും മാത്രം നോക്കി നിലപാടുകളെടുക്കുന്ന ചരിത്രമുള്ള പി.ജെ. ജോസഫിന്‍റെ പുതിയ നീക്കത്തില്‍ യുഡിഎഫ് നേതൃത്വത്തിനും സംശയങ്ങളുണ്ട്. പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ജോസഫിന്‍റെ ജന്മദിനലേഖനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമായിരുന്നു ലഭിച്ചത്.

ഇടതുപക്ഷത്തേയ്ക്ക് ചാടാനുള്ള കാരണമാക്കി കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ ജോസഫ് ഉപയോഗിക്കുകയാണോ എന്ന വിലയിരുത്തല്‍ ശക്തമാണ്. അങ്ങനെയെങ്കില്‍ ജില്ലാ പ‍ഞ്ചായത്തില്‍ വിട്ടു വീഴ്ച ചെയ്താലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസഫ് ഇടതുമുന്നണിയെന്ന പഴയ ലാവണത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം കൊറോണ പ്രതിസന്ധി കാലം മുതല്‍ പിണറായിയും ജോസഫും നല്ല ബന്ധത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്.

ഈ സാഹചര്യത്തില്‍ ജോസഫിനുവേണ്ടി ജോസ് കെ. മാണിയെ പിണക്കുന്നത് ബുദ്ധിയായിരിക്കില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. മാത്രമല്ല മുന്‍ നേതാക്കന്മാര്‍ കുറെയേറെ കൂടെയുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ 90 ശതമാനവും ഇപ്പോഴും ജോസ് കെ. മാണി പക്ഷത്തിനൊപ്പമാണ്.

pj joseph jose k mani remesh chennithala
Advertisment