‘ഈ സ്‌നേഹത്തിനു മുന്‍പിലാണ് തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജ്ജം. ഈ സ്‌നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കില്‍ മര്യാദ അല്ല എന്ന് തോന്നി’ – ക്യാമ്പിലെ അനുഭവം പങ്കുവച്ച് കളക്ടര്‍ 

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, August 13, 2019

കൊച്ചി:  ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്താനെത്തിയ വേളയില്‍ ഭക്ഷണവുമായി ഓടിയെത്തിയ അമ്മമാരെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്.

വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചു. ഇല്ല എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് അവര്‍ അറിയിച്ചു. ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദര്‍ശിക്കാമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഓടി നടക്കാന്‍ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജമെന്നും അദ്ദേഹം കുറിക്കുന്നു.

സുഹാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളില്‍ ഒന്നായ ഏലൂരിലെ എഫ്എസിടി ടൗണ്ഷിപ് സ്‌കൂളില്‍ എത്തിയത് . വില്ലജ് ഓഫീസറുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ മികച്ച സേവനമാണ് ഇവിടെ നകുന്നതെന്നു മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദര്‍ശിക്കാമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഓടി നടക്കാന്‍ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി.

ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം . ഈ സ്‌നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കില്‍ മര്യാദ അല്ല എന്ന് തോന്നി.

മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.

×