Advertisment

ശബരിമല നയത്തിൽ പിണറായിക്ക് മൂക്കുകയറിട്ടത് കോടിയേരി തന്നെ ! മന്ത്രിമാരായ എ കെ ബാലനും തോമസ് ഐസക്കും കൂടി കടുത്ത നിലപാടെടുത്തപ്പോൾ പിണറായി വഴങ്ങി !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ശബരിമല വിഷയത്തിൽ സർക്കാരിന്റെ മുൻനിലപാട് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് മൂക്കുകയറിട്ടത് പാർട്ടിയും മുതിർന്ന മന്ത്രിമാരും നേരിട്ടിടപെട്ടെന്ന് റിപ്പോർട്ട്.

Advertisment

ശബരിമല വിഷയത്തിൽ മുൻ നിലപാട് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കർശന നിലപാടെടുത്തതോടെയാണ് മുഖ്യമന്ത്രി വഴങ്ങിയതെന്നാണ് റിപ്പോർട്ട്.

publive-image

മന്ത്രിമാരായ എ കെ ബാലൻ, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരൊക്കെ യുവതീ പ്രവേശനത്തിൽ സർക്കാർ പഴയതുപോലെ ആവേശം കാണിച്ച് രാഷ്ട്രീയ തിരിച്ചടികൾക്ക് നിന്നുകൊടുക്കരുതെന്ന് അഭിപ്രായപ്പെട്ടു. ബാലനും ഐസക്കും ഇക്കാര്യത്തിൽ കടുത്ത നിലപാട് തന്നെ കൈക്കൊണ്ടു.

അതിനുപുറമെയായിരുന്നു പാർട്ടിയുടെ ഇടപെടൽ. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയ്ക്ക് പാർട്ടി കണ്ടെത്തിയതും ജനങ്ങളോട് വിശദീകരിച്ചതുമായ കാരണങ്ങൾ പലതാണെങ്കിലും യഥാർത്ഥ കാരണം ശബരിമല നിലപാട് തന്നെയായിരുന്നെന്ന കാര്യത്തിൽ നേതാക്കൾക്ക് തർക്കമില്ല.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ പി ജയരാജനും അടങ്ങിയ നേതാക്കൾ അതംഗീകരിച്ചിരുന്നില്ല. അതിനാലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി ശബരിമല നിലപാട് തിരുത്താൻ തയാറായിട്ടും സർക്കാർ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്.

ആ നിലപാടാണ് കോടിയേരിയും ബാലനും ഐസക്കും ഉൾപ്പെട്ട നേതൃത്വം ഇടപെട്ടു തിരുത്തിച്ചത്. പാർട്ടിയുടെ കടുത്ത നിലപാടിന് പിണറായിയും വഴങ്ങി.

publive-image

അതേസമയം, ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വിശദീകരിക്കാനും പ്രയാസമില്ല.

പുനഃപരിശോധനാ ഹർജികളിൽ ഏഴംഗ വിശാല ബഞ്ചിന്റെ തീരുമാനം വരുന്നത് വരെ പുതിയ നിലപാടിൽ തുടരുകയാണെന്ന് സർക്കാരിന് പറയാം. വിശാല ബഞ്ചിന്റെ തീരുമാനം എന്തായാലും അനുസരിക്കുകയും നടപ്പിലാക്കുകയും ചെയ്യും എന്നും പറയാനാകും.

കാരണം, വിശാല ബഞ്ചിന്റെ തീർപ്പ് ഇനി ഒന്നര വർഷം മാത്രം കാലാവധിയുള്ള ഈ സർക്കാരിന്റെ കാലത്തോ അടുത്ത സർക്കാരിന്റെ കാലത്തെങ്കിലുമോ ഉണ്ടാകുമെന്നു കരുതാനാകില്ല. എന്തായാലും ഈ സർക്കാരിന്റെ കാലത്ത് ഉണ്ടാകില്ലെന്നുറപ്പാണ്.

അതിനാൽ തന്നെ മുഖ്യമന്ത്രിക്ക് അന്തിമ വിധിയിൽ സർക്കാർ അത് നടപ്പിലാക്കുമെന്ന് ധൈര്യമായി പറയാം.

അതുവരെ കോടതി ഉത്തരവുമായി വരുന്ന മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടൂ എന്നാണ് പുതുക്കിയ സർക്കാർ നിലപാട്. ഇനി അങ്ങനെ കോടതി വഴി ഏതെങ്കിലും യുവതികൾ ശബരിമല കയറാൻ വരുമോ, അതിനുള്ള ഏർപ്പാട് ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്നതൊക്കെ കാത്തിരുന്നു കാണണ്ട വിഷയങ്ങളാണ്.

എന്തായാലും സുപ്രീംകോടതിയുടെ പുതിയ തീരുമാനം ഏറ്റവും ആശ്വാസമായത് പിണറായി സർക്കാരിന് തന്നെയാണ്.

Advertisment