എന്റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ല. കാലു നനയണമെങ്കില്‍ പൈപ്പ് തുറക്കണം – പള്ളി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നതിനെതിരെ വീടിന്റെ ടെറസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ശശികല ടീച്ചര്‍ രംഗത്ത്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, August 12, 2019

കൊച്ചി:  വീട്ടില്‍ വെള്ളം കയറിയിട്ടും പള്ളി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ വീടിന്റെ ടെറസില്‍ കുത്തിയിരുന്നു സമരം നടത്തിയെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ രംഗത്ത്.

തന്റെ വീട്ടിലോ പരിസരങ്ങളിലോ വെള്ളം കയറിയിട്ടില്ലെന്നും കാല്‍ നനയ്ക്കണമെങ്കില്‍ പൈപ്പ് തുറക്കണമെന്നുമാണ് ശശികല ടീച്ചര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ വീട്ടില്‍ ഇതുവരെ വെള്ളം കയറിയിട്ടില്ല. തങ്ങളുടെ വീടിന് സമീപത്തുള്ള പള്ളിക്ക് ഓഡിറ്റോറിയമോ അതിന് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടില്ലെന്നിരിക്കെയാണ് തനിക്കെതിരെ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം വ്യാജ പ്രചരണം നടത്തുന്നതെന്നാണ് ശശികല ടീച്ചര്‍ വെളിപ്പെടുത്തിയത്.

ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസി യുവാവാണ് തനിക്കെതിരെയുള്ള പ്രചരണത്തിന് പിന്നിലെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ശശികല ടീച്ചറുടെ പ്രതികരണം.

×