ചോദ്യ പേപ്പര്‍ വാട്സ്ആപ്പിലെത്തും ! വീട്ടിലിരിക്കുന്ന ഉത്തരക്കടലാസില്‍ ഉത്തരങ്ങളെഴുതിക്കൊണ്ടുവന്ന് പരീക്ഷാ ഹാളില്‍ വച്ച് കൈമാറും ? പി എസ് സി ഒന്നാംറാങ്കുകാരനായ കൊടുംക്രിമിനല്‍ ശിവരഞ്ജിത്തിന്റെ ‘വിജയരഹസ്യം’ ഇങ്ങനെ ! 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, July 15, 2019

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അഖിലിനെ പിടിച്ചുനിര്‍ത്തി നെഞ്ചില്‍ കുത്തിയ പ്രതികളായ ശിവരഞ്ജിത്ത്, എ എന്‍ നസീം എന്നിവരുടെ പി എസ് സി റാങ്ക് ലിസ്റ്റിലെ യോഗ്യതാ നിര്‍ണ്ണയവും മാര്‍ക്കും അതിശയിപ്പിക്കുന്നത്.  യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അതീവ ഗുരുതരമായ പരീക്ഷാ ക്രമക്കേടിന്റെ നേര്‍ക്കാഴ്ചയാണ് ശിവരഞ്ജിത്തിന്റെ ഒന്നാം റാങ്കിലൂടെ പുറത്തുവരുന്നത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഒന്നും എഴുതാതെ പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തതോടെ മറ്റ്‌ ചില സംശയങ്ങളും ബലപ്പെടുകയാണ്. പരീക്ഷയ്ക്ക് മുന്നോടിയായി വാട്സ്ആപ്പില്‍ വരുന്ന ചോദ്യ പേപ്പറുകള്‍ പ്രകാരം ഉത്തരം മുന്‍കൂട്ടി തയാറാക്കിയ ഉത്തരക്കടലാസുകള്‍ ആണ് ശിവരഞ്ജിത്തും നസീമും പരീക്ഷാ ഹാളില്‍ വച്ച് അധ്യാപകര്‍ക്ക് കൈമാറുന്നതെന്നാണ് സംശയം.

മുന്‍പ് കുട്ടിനേതാക്കള്‍ക്ക് വേണ്ടി പരീക്ഷയ്ക്ക് ഹാജരാകുന്നത് അപരന്മാര്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ശിവരഞ്ജിത്തും നസീമും പുസ്തകം നോക്കിയാണ് ഉത്തരങ്ങള്‍ എഴുതുന്നതെന്നും ആക്ഷേപങ്ങളുണ്ടായിരുന്നു.

എന്നാല്‍ അതിനപ്പുറമാണ് സംഭവിക്കുന്നതെന്ന് തെളിയിക്കുന്നതാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവം. ഒന്നും എഴുതാത്ത, ഏത് പരീക്ഷയ്ക്കും ഉപയോഗിക്കാവുന്ന വിധമുള്ള ഒരു കേട്ട് ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. ഇവര്‍ക്ക് ചോദ്യപേപ്പറുകള്‍ വാട്സ്ആപ്പില്‍ ലഭിക്കുമെന്നും മുന്‍കൂട്ടി തയാറാക്കുന്ന ഉത്തരക്കടലാസുകളാണ് ഇവര്‍ പരീക്ഷാ ഹാളില്‍ കൈമാറുന്നതെന്നും സംശയിക്കുന്നു. രണ്ടാം പ്രതി നസീമിന് പി എസ് സി പരീക്ഷയില്‍ 28 -)൦ റാങ്ക് ലഭിച്ചിരുന്നു.

 

 

×