അമിത് ഷായുടെ വിരട്ടല്‍ ഫലിച്ചു: ഇടത് മുന്നണിക്കുള്ള പരസ്യ പിന്തുണയില്‍ നിന്നും ഉള്‍വലിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍ ! ബി ഡി ജെ എസ് വോട്ടുകള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ നേതൃത്വം !

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, October 14, 2019

കൊല്ലം:  എസ് എന്‍ ഡി പിയും ബി ഡി ജെ എസും രണ്ട് മുന്നണികളിലായി നിന്ന് മുന്നണികളെ കബളിപ്പിക്കുന്ന നിലപാടിനെതിരെയുള്ള ബി ജെ പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ വിരട്ടല്‍ ഫലം കണ്ടതായി സൂചന. ഇത്തവണ ഒരു മുന്നണിയ്ക്കും പരസ്യമായ പിന്തുണയില്ലെന്നും ആര് വിജയിച്ചാലും എസ് എന്‍ ഡി പിക്ക് കുഴപ്പമില്ലെന്ന തരത്തിലുള്ള യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിരട്ടല്‍ ഫലം കണ്ടതിന്റെ സൂചനയായി ബി ജെ പി വിലയിരുത്തുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിലപേശല്‍ നീക്കവുമായി ഡല്‍ഹിയിലെത്തിയ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് കര്‍ശന താക്കീതോടെയായിരുന്നു ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.

ആദ്യം നിങ്ങള്‍ ശക്തിയും മുന്നണിയോടുള്ളകൂറും വിശ്വാസ്യതയും തെളിയിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനുശേഷം മാത്രമേ ബി ഡി ജെ എസിന് സര്‍ക്കാര്‍ പദവികള്‍ ഉള്‍പ്പെടെ എന്തെങ്കിലും പരിഗണന നല്‍കാന്‍ കഴിയൂ എന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു.  രണ്ട് വള്ളത്തിലും കാലു ചവിട്ടിയുള്ള നാടകം ഇനി വേണ്ടെന്ന തരത്തിലുള്ള പ്രതികരണം ബി ജെ പിയുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ തുഷാറിന് സന്ദര്‍ശനാനുമതി നല്‍കിയില്ല.  പകരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഇവരുടെ നിലപാട് തുഷാറിനെ അറിയിച്ചത്.

ബിഡിജെഎസ് എന്‍ ഡി എയുടെ ഭാഗമാണെങ്കില്‍ സംഘടനയുടെ വോട്ടും മുന്നണിയ്ക്ക് ലഭിച്ചിരിക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെട്ടത്.  ബി ഡി ജെ എസിനും എസ് എന്‍ ഡി പിയ്ക്കും വെവ്വേറെ വോട്ട് ബാങ്ക് എവിടെ നിന്നാണെന്നും ബി ജെ പി ചോദിച്ചു. അതിനാല്‍ തന്നെ ഇനിയെങ്കിലും വിശ്വാസ്യത തെളിയിക്കാനായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് തുഷാറിന് നല്‍കിയിരിക്കുന്നത്.

ഇത് മനസിലാക്കിയാണ് മുന്‍ നിലപാട് തിരുത്തി വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ഇത്തവണ ഇടത് മുന്നണിയ്ക്ക് എസ് എന്‍ ഡി പിയുടെ തുറന്ന പിന്തുണ ഉണ്ടാകില്ലെന്ന് ഉറപ്പായി.

 

 

×