സിസ്റ്റര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചത് വിവാദമായി. സര്‍ക്കാര്‍ പ്രതിനിധികളെ ചടങ്ങിലേക്കയച്ചില്ല. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കാണിച്ച ആദരവ് പോലും സംസ്ഥാന സര്‍ക്കാര്‍ സഭയോട് കാണിച്ചില്ലെന്ന ആക്ഷേപവുമായി സഭാ സംഘടനകള്‍. സഭാ നേതൃത്വം വത്തിക്കാനില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചേക്കും. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാരും സഭയും തമ്മില്‍ അകലുന്നു !

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, October 14, 2019

കൊച്ചി:  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരും വിശ്വാസങ്ങള്‍ക്കെതിരാണെന്ന പൊതുവിമര്‍ശനങ്ങള്‍ക്കിടെ കേരളം ആസ്ഥാനമായ സീറോമലബാര്‍ സഭയുടെ നാലാമത്തെ വിശുദ്ധയായ സിസ്റ്റര്‍ മറിയം ത്രേസ്യയെ മാര്‍പ്പാപ്പ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളാരും പങ്കെടുക്കാതിരുന്നത് വിവാദത്തില്‍.

മുമ്പ് മറ്റ്‌ നാല് പേരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളിയും ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ സിസ്റ്റര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളായി ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രതിനിധികളോ ജനപ്രതിനിധികളാരുമോ പങ്കെടുത്തില്ല.

അതേസമയം ക്രൈസ്തവ വിശുദ്ധ സമീപനമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബി ജെ പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മലയാളിയായ സഹമന്ത്രി വി മുരളീധരനെയും സ്ഥലം എംപി ടി എന്‍ പ്രതാപനെയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ സംബന്ധിച്ചു. മാത്രമല്ല, മുരളീധരന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ഉപഹാരം പോപ്പിന് കൈമാറുകയും ചെയ്തു. വത്തിക്കാന്റെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കര്‍ദ്ദിനാളിനെയും മന്ത്രി മുരളീധരന്‍ സന്ദര്‍ശിച്ചു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയതേയില്ലെന്നതില്‍ സഭയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇപ്പോള്‍ വത്തിക്കാനിലുള്ള സഭാ നേതൃത്വം നാട്ടില്‍ തിരികെയെത്തിയാലുടന്‍ ഇക്കാര്യത്തിലുള്ള സഭയുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും നാളുകളായി സഭയുമായി ബന്ധപ്പെട്ടു നല്‍കുന്ന പരാതികളില്‍ സഭയ്ക്ക് അര്‍ഹമായ നിയമ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളുടെ അടിയിലെ കമന്റുകളുടെ പേരില്‍ പോലും കേസെടുക്കാന്‍ തയാറായ സര്‍ക്കാര്‍, മാനന്തവാടി രൂപത ആക്രമിക്കണമെന്ന തരത്തില്‍ തീവ്ര സ്വഭാവമുള്ള ചില സംഘടനകളുടെ പേരില്‍ സോഷ്യല്‍ മീഡിയായിലൂടെ പുറത്തുവന്ന സന്ദേശങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കിയിട്ടുപോലും അന്വേഷിക്കാന്‍ തയാറായില്ലെന്ന ആരോപണവും ശക്തമാണ്.

മാനന്തവാടി രൂപതാ പി ആര്‍ ഓയെ ഓഫീസിനു പുറത്തേക്ക് വലിച്ചിറക്കി കിട്ടിയാല്‍ പുറത്ത് സ്ത്രീകളെ സംഘടിപ്പിച്ച് ആക്രമിക്കാം എന്ന തരത്തിലും മറ്റുമുള്ള ശബ്ദരേഖകളാണ് പ്രചരിച്ചത്. സഭയ്ക്കെതിരെ നില്‍ക്കുന്ന ചില സംഘടനകള്‍ക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണം ഇന്ത്യന്‍ കാത്തലിക് ഫോറം പോലുള്ള സംഘടനകള്‍ നാളുകളായി ഉയര്‍ത്തുന്നുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നില്ല.

ഇതിനിടയിലാണ് വത്തിക്കാന്‍ ചടങ്ങില്‍ ബി ജെ പിയുടെ കേന്ദ്രസര്‍ക്കാര്‍ പോലും കാണിച്ച പരിഗണന സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഉണ്ടായില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ശബരിമലയില്‍ ഉള്‍പ്പെടെ വിശ്വാസങ്ങള്‍ ചവിട്ടിമെതിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നയത്തിന്റെ പിന്തുടര്‍ച്ചയാണ് സിസ്റ്റര്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം അവഗണിച്ച സര്‍ക്കാര്‍ നിലപാടെന്ന ആക്ഷേപമാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്.

×