കുവൈറ്റ് ഇന്ത്യൻ എംബസി ഷെൽട്ടറിൽ മലയാളി യുവതിയുടെ മരണം പുതിയ വഴിത്തിരിവിലേക്ക് ! ഷെൽട്ടർ കേന്ദ്രമാക്കി മാഫിയ പ്രവർത്തനം നടത്തുന്ന അവിശുദ്ധ ലോബിയും എംബസിയിലെ കളങ്കിത ഉദ്യോഗസ്ഥനും ആരോപണ നിഴലിൽ !

New Update

കോട്ടയം:  കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കോട്ടയം സ്വദേശിനിയായ മലയാളി യുവതിയുടെ മരണം പുതിയ വഴിത്തിരിവിലേക്ക്.

Advertisment

മരണം സംബന്ധിച്ച അഭ്യൂഹങ്ങളും ദുരൂഹതകളും വർധിച്ചുകൊണ്ടിരിക്കെ യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത് തടയാൻ എംബസി തലത്തിൽ അവിഹിത ഇടപെടൽ ഉണ്ടായതാണ് സംശയം വർധിക്കാൻ കാരണം.

publive-image

കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് തേക്കനയിൽ സുമി ടിയാണ് മെയ് രണ്ടിന് ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ മരിച്ചത്. മൃതദേഹം വിട്ടുനൽകുന്നതിന് തടസമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം നേരത്തെ വ്യക്തമായിരുന്നു.

ഈ രേഖകൾ കോട്ടയത്തെ ബന്ധുക്കളുടെ പക്കലുണ്ട്. പക്ഷെ സുമിയുടെ മരണത്തിൽ ബന്ധുക്കൾ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങിയതും കുവൈറ്റിൽ നിന്ന് ഇവരെ ബന്ധപ്പെട്ടുകൊണ്ടിരുന്നയാൾ ഇതിന് പരസ്പര വിരുദ്ധമായി മറുപടി നല്കിയതുമാണ് പിന്നീട് കാര്യങ്ങൾ മാറ്റിമറിച്ചത്.

സുമി എവിടെ വച്ച് മരിച്ചെന്നോ എന്താണ് സംഭവിച്ചതെന്നോ ഇപ്പോഴും വ്യക്തമല്ല. മരണ കാരണം ഹൃദയാഘാതമാണെന്നാണ് ആശുപത്രി രേഖകളിലെങ്കിലും രക്തചംക്രമണത്തിലും ശ്വാസകോശത്തിലേക്കുള്ള ശ്വസന വായു പ്രവാഹത്തിലും ഉണ്ടായ കുറവിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണെന്നതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്.

ഒരാൾ ശ്വാസം മുട്ടി മരിക്കുന്ന കേസിലും പ്രാഥമിക റിപ്പോർട്ട് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണെന്നതാണ് സുമിയുടെ മരണത്തെ ചൊല്ലി ദുരൂഹതകൾ ഉയരാൻ കാരണം. ഇവരുടെ പക്കലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ സുമിയുടെ മരണം സംബന്ധിച്ച് വ്യക്തത വരേണ്ടതായിട്ടുണ്ട്.

മരണം സംഭവിച്ചപ്പോൾ തന്നെ കോവിഡ് കാലത്തെ പ്രോട്ടോക്കോൾ പ്രകാരമുള്ള കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. പകർച്ച വ്യാധികൾ പോലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തടസമില്ലെന്നു കുവൈറ്റ് ആരോഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

എന്നാൽ മരണ വിവരം ബന്ധുക്കളെ അറിയിച്ച ഇന്ത്യൻ എംബസി വോളന്റിയരും മലപ്പുറം സ്വദേശിയുമായ മനോജ് കുര്യൻ പിന്നീട് നിലപാട് മാറ്റി. സുമിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ മനോജ് മൃതദേഹം കുവൈറ്റിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളിൽ സമ്മർദ്ദം ചെലുത്തി.

കോവിഡ് പോസിറ്റീവ് എന്ന സർട്ടിഫിക്കറ്റ് അയച്ചുതരാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും 3 ദിവസമായിട്ടും അങ്ങനൊരു രേഖ ലഭിച്ചില്ല. അതിനിടെയിലാണ് സുമിക്ക് കോവിഡ് ടെസ്റ്റ് നടത്തിയ മുബാറക് ആശുപത്രിയിലെ ജീവനക്കാരനെ സ്വാധീനിച്ച് എംബസി ഉദ്യോഗസ്ഥൻ മുഖേന കോവിഡ് ടെസ്റ്റ് റിസൾട്ടിൽ മാറ്റം വരുത്താൻ ശ്രമം നടക്കുന്നതായ വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്.

ഇതോടെയാണ് സുമിയുടെ മരണത്തിൽ എംബസി ഷെൽട്ടറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അവിശുദ്ധ ലോബിക്ക് ബന്ധമുണ്ടോയെന്നും ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന എംബസിയിലെ കളങ്കിത ഉദ്യോഗസ്ഥന് ഇതിൽ പങ്കുണ്ടോയെന്നും സംശയം ഉയരുന്നത്.

ഈ അവിശുദ്ധ ലോബിയുടെ മുൻകാല ചെയ്തികൾ അറിയുന്ന കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകരും സുമിയുടെ മക്കൾക്കും കുടുംബത്തിനും നീതി ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ്.

ഡൽഹിയിലെ പ്രവാസി ലീഗൽ സെൽ ഇന്ന് ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർക്കും സഹമന്ത്രി വി മുരളീധരനും പരാതി നൽകി. കോട്ടയത്തെ ജനപ്രതിനിധികളായ തോമസ് ചാഴികാടനും തിരുവഞ്ചൂർ രാധാകൃഷ്ണനും കേന്ദ്ര - സംസ്ഥാന സർക്കാർക്കുകൾക്ക് നേരത്തെ പരാതി നൽകിയിട്ടുണ്ട്.

കോവിഡ് ടെസ്റ്റിൽ അട്ടിമറി നടത്താൻ നടക്കുന്ന നീക്കങ്ങൾക്കെതിരെയും പരാതികൾ പോയിട്ടുണ്ട്. ഇതോടെ സുമിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് കുവൈറ്റ് മലയാളികളും നാട്ടുകാരും !

sumi death
Advertisment