കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ കോവിഡ് പരിശോധനാ ഫലത്തിൽ തിരിമറി നടത്താൻ നീക്കം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ ! എംബസിയിൽ നിന്നും അനധികൃത ഇടപെടൽ ഉണ്ടായതായി വിദേശകാര്യ മന്ത്രിക്ക് പരാതി ! പ്രതികളെ രക്ഷിക്കാൻ ആസൂത്രിത നീക്കം

New Update

കോട്ടയം: കുവൈറ്റിൽ എംബസി ഷെൽട്ടറിൽ കഴിയവേ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹ പരിശോധന തിരുത്താൻ എംബസി ഉദ്യോഗസ്ഥരിൽ നിന്നും നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കൾ.

Advertisment

രണ്ടാം തീയതി മരിച്ച നിലയിൽ കുവൈറ്റ്‌ മുബാറഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് തേക്കനയിൽ സുമി ടിയുടെ മൃതദേഹ പരിശോധനാ ഫലത്തിൽ തിരിമറി നടത്താൻ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ മുഖേന ശ്രമം നടക്കുന്നുവെന്നാണ് പുതിയ ആരോപണം.

publive-image

കേസിൽ ആരോപണ വിധേയനായ എംബസി വോളന്റിയറെ രക്ഷിക്കാനാണ് നീക്കം. ഇതിനായി എംബസിയിൽ നിന്നും സുമിയുടെ വൈദ്യപരിശോധന നടത്തിയ ലാബിലെ മലയാളി ജീവനക്കാരെ സ്വാധീനിച്ച് റിപ്പോർട്ട് തിരുത്താൻ നീക്കം നടത്തിയതായി ആശുപത്രിയിലെ മലയാളി ജീവനക്കാർ തന്നെയാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് വിവരം കൈമാറിയത്.

സുമിയുടെ മൃതദേഹ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന തരത്തിൽ റിപ്പോർട്ട് സംഘടിപ്പിക്കാനാണ് നീക്കം. ഇത്തരം കാര്യങ്ങളിൽ എംബസിയുടെ വെൽഫെയർ വിഭാഗമാണ് ഇടപെടലുകൾ നടത്തേണ്ടതെന്നിരിക്കെ മറ്റൊരു വിഭാഗം കൈകാര്യം ചെയ്യുന്ന  ഉദ്യോഗസ്ഥനാണ് ലാബിലെ മലയാളി ജീവനക്കാരനുമായിബന്ധപ്പെട്ടതെന്നാണ് ആരോപണം.

സുമിയുടെ മരണത്തിൽ ഗാന്ധിനഗർ പോലീസ് പ്രതിചേർത്തിട്ടുള്ള (  281/ 2020/ നമ്പർ കേസ് ) മനോജ് കുര്യനുമായി അടുത്ത ബന്ധമുള്ള എംബസിയിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയതായി പറയുന്നത്.

രണ്ടാം തീയതി മരണം സംഭവിച്ച് കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്ത കേസിലാണ് 5 ദിവസങ്ങൾക്ക് ശേഷം നേരെ വിപരീതമായി റിപ്പോർട്ട് പുറത്തുവിടാൻ നീക്കം നടത്തുന്നത്.

കോവിഡ് പോസിറ്റീവ് ആക്കി സുമിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നത് തടയാനാണ് പുതിയ നീക്കം. മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയാൽ മരണത്തിലെ ദുരൂഹത മറനീക്കി പുറത്തുവരുമെന്നതാണ് കള്ളക്കളികൾക്ക് കാരണം.

ഇനി ഇപ്രകാരം സുമിക്ക് കോവിഡ് പോസിറ്റീവ് എന്ന്  വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയാൽ ലാബിലെ ജീവനക്കാരനെതിരെ വിദേശകാര്യമന്ത്രാലയം വഴി നടപടിക്ക് നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിലുള്ള ചില രാഷ്ട്രീയ നേതാക്കൾ ഇതിനോടകം കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് റിപ്പോർട്ടിൽ തിരിമറി നടത്താൻ നീക്കം നടത്തുന്നതായി കാണിച്ച് പരാതി നൽകിക്കഴിഞ്ഞു.

പ്രശ്നത്തിൽ ഇടപെടൽ നടത്തിയ തോമസ് ചാഴികാടൻ എം പിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുകൾക്ക് ശ്രമിക്കുന്നുണ്ട്.

വൈദ്യപരിശോധനയിൽ തിരിമറി നടത്തുകയെന്നത് കുവൈറ്റിൽ രാജ്യദ്രോഹത്തിന് തുല്യമായ കേസായാണ് പരിഗണിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് വൈദ്യ പരിശോധനാ ഫലത്തിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി സ്വദേശിയായ മലയാളി യുവാവ് അറസ്റ്റിലാകുകയും വർഷങ്ങളോളം ജയിലിൽ കിടക്കുകയും ചെയ്തതാണ്.

സർക്കാർ തലത്തിൽ നടത്തിയ ഇടപെടലാണ് ഒടുവിൽ ഈ യുവാവിന്റെ മോചനത്തിന് വഴിയൊരുക്കിയത്.

സുമിയുടെ മൃതദേഹ പരിശോധനാ ഫലത്തിൽ തിരിമറി നടത്തി കോവിഡ് പോസിറ്റീവ് ആണെന്ന് സർട്ടിഫിക്കറ്റ് വാങ്ങി മലയാള മാധ്യമങ്ങളിൽ വാർത്ത വരുത്തിച്ച് ബന്ധുക്കളിൽ നിന്നും മൃതദേഹം കുവൈറ്റിൽ സംസ്കരിക്കാൻ അനുമതി പത്രം വാങ്ങാനാണ് നിലവിൽ നടക്കുന്ന നീക്കങ്ങൾ. എന്നാൽ ഈ ചതി ഇതിനോടകം തിരിച്ചറിഞ്ഞ ബന്ധുക്കൾ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

sumi death
Advertisment