കുവൈറ്റ്: കുവൈറ്റിലെത്തുന്ന മലയാളികൾക്ക് ഇന്നുച്ചവരെ ഒരു ധൈര്യമുണ്ടായിരുന്നു. ഇവിടെത്തിയിട്ട് ഒരു പ്രശ്നം വന്നാൽ അബ്ബാസിയ ഇസ്ബല്ലയിലെ ആ വീട്ടിലേക്ക് ഓടിയെത്തിയാൽ മതിയായിരുന്നു. പക്ഷെ, ഇസ്‌ബല്ലയിലെ കുടുംബനാഥൻ തോമസ് ചാണ്ടി എം എൽ എ ഇനിയില്ലെന്നത് അവിശ്വസനീയമായ ഒരു വാർത്ത തന്നെയാണ്.
കേരളത്തിലെ ആദ്യ പ്രവാസി മന്ത്രിയായിരുന്നു തോമസ് ചാണ്ടി. പി ടി കുഞ്ഞുമുഹമ്മദിനുശേഷം ആദ്യ പ്രവാസി എം എൽ എയും തോമസ് ചാണ്ടിയായിരുന്നു. തങ്ങളിൽ ഒരാളായ പ്രവാസിയെ അറിയുന്ന ഒരു മന്ത്രി, എം എൽ എ എന്ന നിലയിൽ കുവൈറ്റ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു തോമസ് ചാണ്ടി.
/sathyam/media/post_attachments/912K687fVqD55PkRZraH.jpg)
ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജിയിൽ നിന്നും എഞ്ചിനീയറിംഗ് നേടിയ ശേഷം നാട്ടിൽ യൂത്ത് കോൺഗ്രസിൽ സജീവമായിരിക്കെയാണ് 1977 ൽ തോമസ് ചാണ്ടി കുവൈറ്റിന് പറക്കുന്നത്. അന്ന് കുട്ടനാട്ടിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രെസിഡണ്ടായിരുന്നു. അന്നുമുതൽ കെ കരുണാകരന്റെ അടുത്ത വിശ്വസ്തൻ.
എന്നാൽ കുവൈറ്റിൽ ജോലി തേടിയെത്തിയതോടെ രാഷ്ട്രീയത്തിന് താൽക്കാലിക അവധി നൽകി. കഠിനാധ്വാനമായിരുന്നു അന്നും തോമസ് ചാണ്ടിയുടെ മുതൽക്കൂട്ട്. അങ്ങനെയാണ് ജോലി വിട്ട് അതുവരെ സ്വരുക്കൂട്ടിയ സ്വത്തുമായി ബിസിനസിലേക്ക് തിരിഞ്ഞത്.
കുവൈറ്റിലെത്തുന്ന പ്രവാസികളുടെ മക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദ്യാഭ്യാസമായിരുന്നു.
അങ്ങനെയാണ് കുവൈറ്റിൽ പ്രവാസികളുടെ മക്കൾക്ക് പഠിക്കാൻ മികച്ചൊരു സ്‌കൂൾ സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചത്. അങ്ങനെ അദ്ദേഹം സ്ഥാപിച്ച കുവൈറ്റ് ഹസാവിയിലെ യുണൈറ്റഡ് ഇന്റർനാഷണൽ സ്‌കൂളും സാല്മിയയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂളും സൗദിയിലെ സ്‌കൂളുമെല്ലാം പിന്നീട് പ്രവാസി വിദ്യാർത്ഥികളുടെ അഭിമാന സ്ഥാപനങ്ങളായിരുന്നു.
കുവൈറ്റിലെത്തി ചെറിയ വരുമാനത്തിൽ ജീവിതം കഴിച്ചുകൂടുന്നവർക്ക് ഇവിടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക അപ്രാപ്യമായിരുന്നപ്പോഴൊക്കെ സഹായ ഹസ്തം നീട്ടിയത് തോമസ് ചാണ്ടിയായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി ആളുകളാണ് അത്തരത്തിൽ തങ്ങളുടെ മക്കളെ സഹായിക്കണമെന്ന ആവശ്യവുമായി തോമസ് ചാണ്ടിയെ സമീപിച്ചിട്ടുള്ളത്. അവർക്കൊക്കെ സൗജന്യമായി തന്നെ വിദ്യാഭ്യാസം നൽകാനും അദ്ദേഹം തയാറായിട്ടുണ്ട്.
ഇനി അതല്ല, മറ്റെന്ത് ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചാലും സഹായം ഉറപ്പായിരുന്നു. തന്നെ സമീപിക്കുന്ന ഒരാളോട് ചെയ്യാൻ കഴിയുന്ന സഹായം മറച്ചുവച്ച് 'No' പറഞ്ഞ ചരിത്രം തോമസ് ചാണ്ടിക്കുണ്ടാകില്ല.
ആദ്യം രാഷ്ട്രീയക്കാരനായിരുന്നെങ്കിലും പിന്നീട് കുവൈറ്റിലെത്തി വ്യവസായിയായി മാറി പണക്കാരനായി മടങ്ങിയെത്തിയ ശേഷമായിരുന്നു വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡി ഐ സി രൂപീകരിച്ചപ്പോൾ തനിക്കൊപ്പം നിന്ന തോമസ് ചാണ്ടിക്ക് കെ കരുണാകരനാണ് ആദ്യം മത്സരിക്കാൻ സീറ്റ് നൽകുന്നത്. പിന്നീടിതുവരെ കുട്ടനാട് ചാണ്ടിയെ കൈവിട്ടിട്ടില്ല.
കുവൈറ്റിലെ ബിസിനസുകളിൽ നിന്നും ആവോളം വരുമാനമുണ്ടായിട്ടും ചാണ്ടി നാട്ടിൽ തന്റെ സ്ഥാപനം വേണമെന്ന ആഗ്രഹത്തിലായിരുന്നു. ഇവിടെ നിരവധി പേർക്ക് ജോലിയും നൽകി. ഒടുവിൽ കാത്തിരുന്നു കിട്ടിയ മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലായിരുന്നു.
രോഗം കലശലായി തന്റെ അവസ്ഥ എന്തെന്ന് അറിയാമായിരുന്നിട്ടും അവസാന കാലത്ത് ചികിത്സ വീട്ടിൽ തന്നെയായിരുന്നു. അതിനുള്ള സൗകര്യങ്ങൾ വീട്ടിൽത്തന്നെ ഒരുക്കി. തനിക്കെന്ത് സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും വീട്ടിലെത്തുന്നവരെ കാണാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവസാനം വരെയും സമയം കണ്ടെത്തി.
മേഴ്സിക്കുട്ടിയാണ് ഭാര്യ. മക്കൾ: ബെറ്റി, ഡോ. ടോബി, ടെസി. മരുമക്കൾ: ഡോ. അനസു, ജോയൽ ജേക്കബ്ബ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us