ശിവസേനയുമായി കൂട്ടുകൂടാനുള്ള മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കളുടെ നീക്കം തടയണമെന്ന വി എം സുധീരന്റെ പോസ്റ്റിന് പ്രവർത്തകരുടെ പൊങ്കാല ! ഇന്ന് സുധീരന്റെ ദിവസം ! സുധീരന്റെ കത്ത് സോണിയ ടേബിളിൽ സ്വീകരിച്ചില്ലെന്നും റിപ്പോർട്ട് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, November 16, 2019

തിരുവനന്തപുരം:  മഹാരാഷ്ട്രയിലെ ശിവസേനാ കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കെ പി സി സി അധ്യക്ഷൻ വി എം സുധീരന് സോഷ്യൽ മീഡിയയിൽ കോൺഗ്രസ് പ്രവർത്തകർ വക പൊങ്കാല.

“താങ്കളെപ്പോലെ ആദർശം പറഞ്ഞിരുന്നാൽ ഇപ്പോൾ തന്നെ അസ്ഥികൂടം ദ്രവിച്ച പരുവത്തിലായ കോൺഗ്രസ് ബാക്കി കൂടി ഇല്ലാതാകും” എന്നാണ് മുംബൈയിൽ കോൺഗ്രസ് അനുഭാവിയായ മലയാളിയുടെ കുറിപ്പ്.

‘ലോക്കൽ ബോഡി തെരഞ്ഞെടുപ്പ് മാത്രമാണ് ഇനി കോൺഗ്രസിന്റെ മുന്നിലുള്ള ഏക അവസരം. അതിനുവേണ്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ നോക്കൂ. മഹാരാഷ്ട്രയിലെ കാര്യങ്ങൾ അവിടെയുള്ള നേതാക്കൾ നോക്കിക്കൊള്ളും’ എന്നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറിച്ചത്.

എന്തായാലും ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ 7 മണിക്കൂർ കൊണ്ട് 500 കമന്റുകളാണ് നിറഞ്ഞത്. അതിൽ 450 ലേറെയും സുധീരനെതിരെയുള്ള കമന്റുകളാണ്.

മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള സംസ്ഥാന നേതാക്കളുടെ നീക്കം ഹൈക്കമാന്റ് ഇടപെട്ട് തടയണമെന്നാണ് സുധീരൻ സോണിയാ ഗാന്ധിക്കെഴുതിയ കത്ത്. ഇക്കാര്യമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റായും കുറിച്ചത്.

മഹാരാഷ്ട്രയിൽ ജനവിധി കോൺഗ്രസിനെതിരാണെന്നും ജനങ്ങളുടെ മാൻഡേറ്റ് ഇല്ലാതെ അവസരവാദപരമായി സർക്കാർ രൂപീകരിച്ചാൽ തിരിച്ചടിയാകുമെന്നൊക്കെയാണ് സുധീരന്റെ ആദർശ പുരാണം.

എന്തായാലും സുധീരന്റെ കത്ത് സോണിയാ ഗാന്ധി മേശപ്പുറത്ത് പോലും വയ്ക്കാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്. അതിനുള്ള പരിഗണന പോലും നേതൃത്വം ആ കത്തിന് നല്കുന്നില്ലെന്നാണ് വാർത്തകൾ.

സകലവിധ ആദർശവും പറഞ്ഞും പ്രാവർത്തികമാക്കിയുമായിരുന്നു സുധീരൻ കെ പി സി സി അധ്യക്ഷനായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മദ്യ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ബാർ ഉടമകളെക്കൂടി പിണക്കിയതോടെ ബാർ ലോബി സ്പോൺസർ ചെയ്തായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണമെന്നൊക്കെയായിരുന്നു ആരോപണം.

കോൺഗ്രസിന് ഇലക്ഷൻ ഫണ്ട് കൊടുക്കാൻ പോലും ഒരാളില്ലാത്ത അവസ്ഥയായിരുന്നു. സർക്കാരിൽ ഇരുന്ന് ആരെയൊക്കെ പിണക്കാമോ അതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തത് സുധീരൻ ഇടപെട്ടായിരുന്നു.

ഒടുവിൽ ആദർശപരമായി തോറ്റ് തൊപ്പിയിട്ട അവസ്ഥയിലായിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസ്.

കെ പി സി സി അധ്യക്ഷ പദവിയിലിരുന്ന് കോൺഗ്രസിനെ ഈ അവസ്ഥയിലെത്തിച്ച ശേഷമാണ് മഹാരാഷ്ട്ര കാര്യത്തിൽ പുതിയ ആദർശവും വിളമ്പി കൊണ്ടുള്ള സുധീരന്റെ കത്തും പോസ്റ്റുമൊക്കെ.

എന്നിട്ടും പ്രവർത്തകർ പരമാവധി ആത്മസംയമനത്തോടെയാണ് പ്രതികരിക്കുന്നതെന്ന കാര്യത്തിൽ സുധീരന് ആശ്വസിക്കാം. പറ്റുമെങ്കിൽ അങ്ങ് ബി ജെ പിയിൽ പോയി അവരെ ഉപദേശിച്ച് കോൺഗ്രസിനെ സഹായിച്ചാൽ ഉപകാരമാണെന്നൊക്കെയാണ് സുധീരന്റെ പോസ്റ്റിനു കീഴിലുള്ള കമന്റ്.

ഇന്നേവരെ സ്വന്തം പാർട്ടിയെ അല്ലാതെ വേറൊരു പാർട്ടിയെയും നേതാക്കളെയും താങ്കൾ വിമർശിച്ചു കേട്ടിട്ടില്ലെന്നും അതിനാൽ താങ്കൾ ബി ജെ പിയിലെത്തിച്ചാൽ അത് കോൺഗ്രസിന് ഗുണം ചെയ്യുമെന്നുമൊക്കെയാണ് പ്രവർത്തകരുടെ ഉപദേശം.

×