തിരുവനന്തപുരം: തെലുങ്കാനയിലെ ഭരണ നേതൃത്വം അതിശക്തമായ സമ്മർദ്ദവുമായി രംഗത്തിറങ്ങിയിട്ടും ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ കൈവിട്ട് സർക്കാർ.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്നും തട്ടിപ്പുകളിൽ ഇടനിലക്കാരനായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ അടുത്തിടെ തിരിച്ചെടുത്ത് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനൊരുങ്ങവേയാണ്, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ പ്രതിയാക്കിയത്.
ഇതോടെ, ലക്ഷ്മണിനെ പ്രതിയാക്കാതെ തരമില്ലാതായി. ക്രൈംബ്രാഞ്ച് പ്രതിയാക്കിയതോടെ, ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്യുമെന്നുറപ്പായി.
മോൻസൺ മാവുങ്കലിന്റെ 'വ്യാജപുരാവസ്തു' കച്ചവടത്തിന്റെ പേരിലുള്ള തട്ടിപ്പുകൾക്ക് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ കൂട്ടുനിന്നെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എ.ഡി.ജി.പി ടി.കെ. വിനോദ്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരിക്കുകയാണ്.
സസ്പെൻഷൻ റദ്ദാക്കി അടുത്തിടെ തിരിച്ചെടുത്തെങ്കിലും ലക്ഷ്മണിന്റെ എഡിജിപിയായുള്ള സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരിക്കുകയാണ്. മോൻസണിന്റെ തട്ടിപ്പുകൾക്ക് ഐ.ജി സഹായം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പുകേസിൽ ഐ.ജിയെ ക്രൈംബ്രാഞ്ച് മൂന്നാം പ്രതിയാക്കിയിട്ടുണ്ട്. മുൻ ഡി.ഐ.ജി സുരേന്ദ്രനാണ് നാലാം പ്രതി. പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഐ.ജി ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തേക്കാനിടയുണ്ട്.
ഐജി ലക്ഷ്മൺ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മൂന്നുവർഷമായി ഐജിക്ക് മോൻസണുമായി ബന്ധമുണ്ട്. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തി.
സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ തുടങ്ങിയവ വിൽപ്പനയ്ക്ക് ശ്രമിച്ചു. പേരൂർക്കട പൊലീസ് ക്ലബിൽ മൂവരും കൂടിക്കണ്ടു. മോൻസണിന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ തിരുവനന്തപുരത്ത് പൊലീസ് ക്ലബിൽ എത്തിക്കാൻ ഗൺമാൻമാരെയടക്കം നിയോഗിച്ചു.
അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം വിൽപ്പന നടത്താൻ ഐ.ജി പദ്ധതിയിട്ടതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ ശേഷവും ഐ.ജി മോൻസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി.
ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി. വീട്ടിൽ ഉന്നത പൊലീസുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാനും അതുവഴി കൂടുതൽ തട്ടിപ്പുകൾക്കും മോൻസൺ ഉപയോഗിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ചീഫ്സെക്രട്ടറി വി.പി.ജോയ് അദ്ധ്യക്ഷനായും അഡി.ചീഫ് സെക്രട്ടറിമാരായ ഡോ.ആശാ തോമസ്, വി.വേണു, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവരുടെ സമിതിയെയാണ് സസ്പെൻഷൻ പുനപരിശോധിക്കാൻ നിയോഗിച്ചു.
സർക്കാരിന്റെ ഇച്ഛയനുസരിച്ച് ഈ സമിതി നൽകിയ ശുപാർശ പരിഗണിച്ചാണ് ലക്ഷ്മണിനെ അടുത്തിടെ തിരിച്ചെടുത്തത്. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കിയിരുന്നെങ്കിലും സസ്പെൻഷനിലായ ലക്ഷ്മണിനെ പരിഗണിച്ചിരുന്നില്ല.
ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. തിരിച്ചെടുത്ത് ലക്ഷ്മണിന് സ്ഥാനക്കയറ്റം നൽകാനിരിക്കെയാണ് തട്ടിപ്പുകേസിൽ പ്രതിയായത്.
തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വളരെ അടുപ്പക്കാരനാണ് ലക്ഷ്മൺ. 14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു.
ലക്ഷ്മണിന്റെ സ്വയം വിരമിക്കൽ അപേക്ഷയിൽ വേഗം തീരുമാനമെടുക്കണെന്ന് തെലുങ്കാന ഭരണ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതുമാണ്. എന്നാൽ അവിടുത്തെ രാഷ്ട്രീയ കാരണങ്ങൾ നിമിത്തം ലക്ഷ്മണിന് മന്ത്രിയാവാൻ കഴിയാതെ പോയി.
ലക്ഷ്മണിന്റെ നിരവധി ബന്ധുക്കൾ തെലങ്കാന രാഷ്ട്രീയത്തിൽ സജീവമാണ്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെലുങ്കാനയിൽ നിന്ന് ലക്ഷ്മണിന് ഓഫറുണ്ട്. ആന്ധ്രാ മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണ് ഭാര്യ.