തിരുവനന്തപുരം: കഴിഞ്ഞ ആറര വർഷത്തിനിടെ കേരളത്തിലെ നിരത്തുകളിൽ അപകടങ്ങളിൽ പൊലിഞ്ഞത് 25796 ജീവനുകളാണ്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിലേറെയും.
2021ൽ മാത്രം 13620 ഇരുചക്ര വാഹനാപകടങ്ങളിൽ 1380 പേർക്ക് ജീവൻ നഷ്ടമായി. ഇരുചക്ര വാഹനാപകടങ്ങളിൽ മരിച്ചവരിൽ കൂടുതലും 18നും 25നും ഇടയിൽ പ്രായമുള്ളവരാണ്. ബൈക്ക് റേസിംഗ് നടത്തി യുവാക്കൾ അപകടത്തിൽ പെടുന്നതും ഉയരുന്നുണ്ട്.
റോഡിൽ പൊലിയുന്ന യുവാക്കളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതായതിനാൽ സർക്കാർ ബൈക്കുകളുടെ വേഗപരിധി 70കിലോമീറ്ററിൽ നിന്ന് അറുപതാക്കി കുറച്ചിരിക്കുകയാണ്. എന്നാൽ കേരളം നിറയെ ലക്ഷങ്ങൾ വിലയുള്ള 350- 400 സി.സി ബൈക്കുകളാണ്.
ഇവ 60കിലോമീറ്റർ വേഗപരിധിയിൽ എങ്ങനെ പറപ്പിക്കും എന്നാണ് യുവാക്കളുടെ ആശങ്ക. എന്തായാലും അമിതവേഗം എ.ഐ ക്യാമറ പിടിക്കുമെന്നതിനാൽ ബൈക്കുകളുടെ വേഗപരിധി കുറച്ചത് ഖജനാവ് നിറയ്ക്കുമെന്ന് ഉറപ്പാണ്.
സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനർ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014 ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.
ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്രനിയമത്തിന് അനുസൃതമായാണ് വാഹനങ്ങളുടെ വേഗപരിധി ഉയർത്തിയത്.
ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ വേഗപരിധി ഉയർത്തിയപ്പോൾ ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറച്ചു.
മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുതുക്കി നിശ്ചയിക്കുവാൻ തീരുമാനിച്ചത്.
2014ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. ഇതിന്‌ശേഷം കേന്ദ്രസർക്കാർ വേഗപരിധി ഉയർത്തിയിരുന്നു. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗപരിധിയ്ക്കുള്ളിൽ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. സംസ്ഥാനത്ത് ആറുവരി ദേശീപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജൂലായ് ഒന്നു മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ , അഡീ. ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന് അനുയോജ്യമല്ലാത്ത എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപഭോഗം നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മിഷണർ കമ്മിഷനെ അറിയിച്ചിരുന്നു.
ജനുവരി 30 ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രക്കാരനായ അരവിന്ദും മരിച്ച സംഭവത്തിലെടുത്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.
1000 സി.സി.എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.
മീഡിയനുകളിൽ വളർന്നുനിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കുമെന്ന് നിരവധി കത്തുകൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പൊലീസ് ഇൻസ്പെക്ടർ കമ്മിഷനെ അറിയിച്ചു.
മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ക്രോസിംഗോ സ്പീഡ് ബ്രേക്കറോ ഇല്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു. അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ഹമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ, ഹോർഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത്.
തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പൊലീസ് പട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ, തദ്ദേശ സ്വയംഭരണ സെക്രട്ടറി, പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് കമ്മിഷൻ ഉത്തരവ് കൈമാറിയിട്ടുണ്ട്.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേർക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളിൽ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും