തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവരികയാണ്.
യാത്രക്കാരുടെ ബാഗേജ് പരിശോധയിൽ കസ്റ്റംസ് കണ്ണടയ്ക്കുന്നത് കള്ളക്കടത്ത് പ്രോത്സാഹിപ്പിക്കാൻ മാത്രമല്ല, രാജ്യസുരക്ഷയ്ക്കും അപകടമാണ്. വിമാനത്താവളത്തിലെ എക്സ്-റേ പരിശോധനയിൽ വെള്ളം ചേർക്കുന്നതിന് പുറമെ, സംശയകരം എന്ന് മാർക്ക് ചെയ്യുന്ന ബാഗുകൾ പോലും പരിശോധിക്കുന്നില്ല.
തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സ്വർണക്കടത്ത് നടത്തിയ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരെയാണ് ഡിആർഐ പിടികൂടിയത്. ഒരു കിലോ സ്വർണം സുരക്ഷിതമായി പുറത്തെത്തിച്ചാൽ ഒരു ലക്ഷം രൂപയാണ് കമ്മീഷൻ. തിരുവനന്തപുരത്ത് രണ്ട് ഇൻസ്പെക്ടർമാർ 80കിലോ സ്വർണം കടത്താൻ ഒത്താശ ചെയ്തതായാണ് ഡി.ആർ.ഐയ്ക്ക് കിട്ടിയിരിക്കുന്ന വിവരം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് മാഫിയയ്ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായം നൽകുന്നുവെന്ന് ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് പിടികൂടാനുള്ള എയർ കസ്റ്റംസ് വിഭാഗത്തിൽ നിയോഗിച്ചതിൽ പോലും സ്വർണക്കടത്ത് മാഫിയയുടെ സ്വാധീനം സംശയിക്കുന്നുണ്ട്.
യു.എ.ഇ കോൺസുലേറ്റിന്റെ പേരിലുള്ള നയതന്ത്ര സ്വർണക്കടത്ത് വിവാദത്തിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലെയും കാർഗോയിലും ചുമതലയുള്ള മുഴുവൻ കസ്റ്റംസ് ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ സ്വർണക്കടത്ത് മാഫിയ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കളങ്കിതരായ ചിലരെ വിമാനത്താവളത്തിലെ കസ്റ്റംസ് യൂണിറ്റിൽ തിരുകികയറ്റി.
ഇവർ ഡ്യൂട്ടിക്ക് എത്തിയപ്പോൾ തന്നെ എയർ കസ്റ്റംസ് അധികൃതർ ഇവരുടെ രീതികളെ കുറിച്ച് ഉന്നതരെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടർമാരെക്കുറിച്ചും ഇത്തരം റിപ്പോർട്ടുകളുണ്ടായിരുന്നെന്നാണ് സൂചന.
എക്സ്-റേ പരിശോധനയിലാണ് ഇവർ തട്ടിപ്പുകാട്ടിയതെന്നാണ് വിവരം. യാത്രക്കാരുടെ ലഗേജുകൾ കൺവേയർ ബെൽറ്റിൽ എത്തുന്നതിന് മുമ്പ് കസ്റ്റംസിന്റെ സ്കാനറിൽ പരിശോധിച്ച്, സംശയമുള്ള ലഗേജുകൾക്ക് മുകളിൽ മാർക്കറുപയോഗിച്ച് ടിക്ക് ഇടാറാണ് പതിവ്.
ഇത്തരം ലഗേജുകൾ കൺവേയർ ബെൽറ്റിൽ നിന്ന് എടുത്ത ശേഷം പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചാണ് കള്ളക്കടത്ത് പിടിക്കുന്നത്. സ്വർണക്കടത്ത് മാഫിയയുടെ ചങ്ങാതികളായ ഉദ്യോഗസ്ഥർ സ്കാനിംഗ് ഏരിയയിലെത്തി ലഗേജുകൾ സ്കാൻ ചെയ്യുന്നവരെ പാട്ടിലാക്കി ലഗേജുകളിൽ മാർക്കിടാതെ കടത്തി വിടുന്നതും പതിവാണ്.
80 കിലോ സ്വർണം കടത്താൻ വഴിയൊരുക്കിയത് ഇങ്ങനെയാണ്. ഇങ്ങനെ രക്ഷപ്പെടുത്തിയവരിൽ നിന്ന് ഡി.ആർ.ഐ 4കിലോ സ്വർണം പിടിച്ചതോടെയാണ് കള്ളക്കളി വെളിച്ചത്തായത്.
അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ്, നിഥുൻ എന്നിവരുടെ സഹായത്തോടെ കടത്താൻ കൊണ്ടുവന്നതായിരുന്ന നാല് കിലോ സ്വർണം. എന്നാൽ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ വിമാനത്താവളത്തിലെത്തി സ്വർണം പിടികൂടുകയായിരുന്നു.
വിമാനത്താവളത്തിൽ തങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് കള്ളക്കടത്തുകാർ തന്നെ വെളിപ്പെടുത്തി. ഇതോടെ 2 ഉദ്യോഗസ്ഥരെയും പ്രിവന്റീവ് ഡിവിഷനിൽ നിന്ന് മാറ്റിയിരുന്നു. കൂടുതൽ തെളിവു കിട്ടിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
80കിലോ സ്വർണം സുരക്ഷിതമായി പുറത്തെത്തിച്ചെന്ന കസ്റ്റംസ് ഇൻസ്പെക്ടറുടെ ഫോൺസംഭാഷണം ചോർത്തിയാണ് ഡി.ആർ.ഐ സ്വർണക്കടത്തിന് തുമ്പുണ്ടാക്കിയത്. കഴിഞ്ഞ നാലിന് അബുദാബിയിൽ നിന്നെത്തിച്ച 4കിലോ സ്വർണവുമായി 2പേരെ ഡി.ആർ.ഐ പിടികൂടിയിരുന്നു.
അടുത്തദിവസം 3പേർ അബുദാബിയിൽ നിന്നെത്തി കസ്റ്റംസുകാർ പറ്റിച്ചെന്നാരോപിച്ച് 3മണിക്കൂർ ബഹളംവച്ചു. കടത്തിയ സ്വർണത്തിന്റെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെയും വിവരങ്ങളും ശബ്ദരേഖയുമടക്കം ഇവർ ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് കൈമാറി.
കണ്ണൂരിലെ കള്ളക്കടത്തുകാർ തന്നെ ഉദ്യോഗസ്ഥരെ ഒറ്റുകയായിരുന്നെന്നാണ് സൂചന. കള്ളക്കടത്തുകാരുമായുള്ള ഉദ്യോഗസ്ഥരുടെ 5ഫോൺവിളികൾ അന്വേഷണത്തിൽ ചോർത്തിയതാണ് നിർണായകമായത്.