തിരുവനന്തപുരം: തെരുവ് നായ ആക്രമണത്തിൽ ജനം പൊറുതിമുട്ടുമ്പോളും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയാതെ സംസ്ഥാന സർക്കാർ. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ ഇന്നു ചേർന്ന ഉന്നതതല യോഗത്തിലും തീരുമാനമായില്ല.
മാരകമായ രോഗങ്ങളും മുറിവുമുള്ള നായ്ക്കളെ ദയാവധത്തിനു വിധേയമാക്കാൻ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. അപകടകാരികളായ നായ്ക്കളെക്കുറിച്ച് റവന്യു മേധാവികളെ അറിയിച്ചാല്‍ നടപടിയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതു കണക്കിലെടുത്ത് ചേര്‍ന്ന യോഗത്തിലാണ് തെരുവുനായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ തീരുമാനമാകാതിരുന്നത്. നായ്ക്കളെ കൊല്ലുന്നതിന് കേന്ദ്ര ചട്ടങ്ങള്‍ എതിരാണെന്നായിരുന്നു യോഗത്തിന്‍റെ വിലയിരുത്തല്‍. പകരം ചട്ടത്തിലൂന്നി നിന്നുകൊണ്ടുള്ള ദയാവധത്തിനാണ് തീരുമാനം.
25 അനിമൽ ബെർത്ത് കൺട്രോൾ (എബിസി) സെന്‍ററുകള്‍ തുറക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങളും സജ്ജമാക്കും. സംസ്ഥാന സാഹചര്യങ്ങളില്‍ അപ്രായോഗികമായ എബിസി ചട്ടങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി