അർഹതയുണ്ടെങ്കിലും ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം സ്വീകരിക്കാൻ താത്പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേശകനും കവിയുമായ പ്രഭാവർമ്മ. പുരസ്കാരം നൽകുന്നതിനെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി. അധികാരത്തിന്റെ ഇടനാഴിയിലിരുന്ന് അവാർഡുകൾ തട്ടിയെടുക്കുന്നെന്ന് ഇടത് സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ. തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രഭാവർമ്മ.

New Update

publive-image

Advertisment

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മയ്ക്കു നൽകുന്നതു ചോദ്യം ചെയ്ത് ചാവക്കാട് സ്വദേശിയായ രാജേഷ്. എ നായർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

പുരസ്‌കാരത്തിന് അർഹതയുണ്ടെങ്കിലും ഇതു സ്വീകരിക്കാൻ താത്പര്യമില്ലെന്നും വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതു ദൗർഭാഗ്യകരമാണെന്നും വ്യക്തമാക്കി പ്രഭാവർമ്മ ഈ ഹർജികളിൽ മറുപടി സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ തീർപ്പാക്കിയത്.

2020 ലെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രഭാവർമ്മയുടെ ശ്യാമമാധവമെന്ന കൃതിയാണ് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ കൃതിയിൽ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് കൃഷ്‌ണനെ വർണ്ണിച്ചിരിക്കുന്നതെന്നു ഹർജിക്കാർ ആരോപിച്ചിരുന്നു.

മാത്രമല്ല, അവാർഡ് നിർണയത്തിന് വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് തനിക്ക് അവാർഡ് സ്വീകരിക്കാൻ താത്പര്യമില്ലെന്നു പ്രഭാവർമ്മ അറിയിച്ചത്. ഇതു രേഖപ്പെടുത്തി ഹൈക്കോടതി ഹർജികൾ തീർപ്പാക്കുകയായിരുന്നു.

പ്രഭാവർമ്മക്കെതിരെ ഗുരുതര ആരോപണവുമായി മുൻ എം.പിയും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യൻ പോൾ നേരത്തേ രംഗത്തെത്തിയിരുന്നു. അധികാരത്തിന്റെ ഇടനാഴിയിലിരുന്ന് കവിത എഴുതുകയും ആ സ്വാധീനമുപയോഗിച്ച് നിരന്തരം പുരസ്‌കാരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രഭാവർമ്മയെന്ന് സെബാസ്റ്റ്യൻ പോൾ ആരോപിച്ചിരുന്നു.

കഴിഞ്ഞ അഞ്ച്, ആറ് വർഷങ്ങൾക്കിടയിൽ സാഹിത്യകാരന്മാർക്ക് കിട്ടാവുന്ന പുരസ്‌കാരങ്ങളെല്ലാം പ്രഭാവർമ്മ നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്‌കാരം, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മപ്രഭാ പുരസ്‌കാരം.. ഇങ്ങനെ പട്ടിക നീളുകയാണ്.

സർക്കാർ വകുപ്പിലെയും സ്വകാര്യ വകുപ്പിലെയും ഒരുമാതിരിപ്പെട്ട എല്ലാ പുരസ്‌കാരങ്ങളും അടിച്ചുമാറ്റിയ കവിയാണിദ്ദേഹം. ' എന്റെ കാലം എന്റെ ലോകം' എന്ന ജീവചരിത്രത്തിലാണ് സെബാസ്റ്റ്യൻ പോൾ പ്രഭാവർമ്മക്കെതിരെ ഗുരുതരമായ ആരോപണം ഉയർത്തിയത്.

പുസ്തകത്തിന്റെ 274ാം പേജിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു... 'നിലപാടുകളിൽ സാന്ദർഭികമായ വ്യതിയാനവും അവസരവാദപരമായ വ്യതിയാനവും ഉണ്ടാകുന്നില്ലെങ്കിൽ പ്രത്യക്ഷത്തിൽ വൈരുദ്ധ്യം അനുഭവപ്പെടും . ഇപ്പറഞ്ഞതിന്റെ അർത്ഥമറിയാത്തവർക്ക് ഞാൻ അനഭിമതനാകുന്നു.

മാധ്യമങ്ങളുടെ സത്യാന്വേഷണം തുടരട്ടെ എന്ന് മാധ്യമ വിമർശകനായ ഞാൻ സദുദ്ദേശത്തോടെ എഴുതിയപ്പോൾ എന്നെ തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തയാളാണ് അധികാരത്തിന്റെ ഇടനാഴിയിലിരുന്ന് കവിതയെഴുതുകയും അകത്തളങ്ങളിൽ പുരസ്‌കാരങ്ങൾ നിരന്തരം ശേഖരിക്കുകയും ചെയ്യുന്ന പ്രഭാവർമ്മ '

Advertisment