തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, സി.പി.എമ്മിന് പ്രതീക്ഷിക്കാതെ വീണുകിട്ടിയ ഒരു കച്ചിത്തുരുമ്പായി മാറിയിരിക്കുകയാണ് ഏക സിവിൽ കോഡ്. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും പ്രാഥമിക ഒരുക്കങ്ങൾ സജീവമാണ്. ഇത് ആയുധമാക്കിയെടുത്ത് ഏക സിനിൽ കോഡിനെതിരേ അതിരൂക്ഷ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുകയാണ് സി.പി.എം.
എ.ഐ.സി.സി ഇക്കാര്യത്തിൽ നിലപാടെടുക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് അഖിലേന്ത്യാ പാർട്ടിയാണെന്നും അിതിന്റെ നയതീരുമാനങ്ങൾ കേരളത്തിൽ കൈക്കൊള്ളുന്നതല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏക സിവിൽ കോഡ് വിഷയത്തിൽ മതന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാൻ സി.പി.എം രംഗത്തിറങ്ങിയിരിക്കെ, കോൺഗ്രസിന് ഇനി മൗനം തുടരാൻ കഴിയില്ലെന്ന സ്ഥിതിയായിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭം ആലോചിക്കുന്നതിനുമായി കെ.പി.സി.സിയുടെ നിർണായകവും സുപ്രധാനവുമായ നേതൃയോഗം ബുധനാഴ്ച ചേരും. മതന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തി സമരവും പ്രക്ഷോഭവും ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനാണ് ആലോചന.
ഏകീകൃത സിവിൽകോഡിനെതിരെ സി.പി.എം കോഴിക്കോട്ട് വിപുലമായ സെമിനാറിനും തുടർപ്രചരണ പരിപാടികൾക്കും തീരുമാനിച്ച പശ്ചാത്തലത്തിലാണ് കോൺഗ്രസും വിഷയമേറ്റെടുത്ത് രംഗത്തിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ കഴിഞ്ഞ തവണത്തേതിന് സമാനമായ വിജയമാവർത്തിക്കാൻ മതന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജിക്കേണ്ടതുണ്ട്.
സി.പി.എം ഇക്കാര്യത്തിൽ മേൽക്കൈ നേടാതിരിക്കാനുള്ള ഇടപെടൽ കൂടിയാണ് കോൺഗ്രസ് നീക്കത്തിന് പിന്നിൽ. രാജ്യത്തെ വർഗീയമായി ചേരിതിരിക്കാൻ ബി.ജെ.പി രൂപം കൊടുത്ത ഏകീകൃത സിവിൽ കോഡിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യോഗം രൂപം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. കെ.പി.സി.സി ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ, ഡി.സി.സി പ്രസിഡന്റുമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ, പോഷകസംഘടനകളുടെ അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.
ഏകീകൃതസിവിൽ കോഡിനെതിരേ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും വ്യക്തവും ശക്തവുമായ നിലപാടുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി. മോദി സർക്കാർ നിയോഗിച്ച ലോ കമ്മീഷൻ 2018ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഏകീകൃതസിവിൽ കോഡ് നടപ്പാക്കേണ്ട ആവശ്യമേയില്ലെന്നാണ് സുചിന്തിതമായി വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച കരട് ബില്ലുംപോലും രൂപം കൊടുത്തിട്ടില്ല.
എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാൽ എല്ലാവരെയും ഒന്നിച്ച് അണിനിരത്തിയുള്ള അതിശക്തമായ പോരാട്ടമാണ് വേണ്ടത്. എന്നാൽ സി.പി.എം ഇതൊരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി ചിത്രീകരിച്ച് വിഭാഗീയത ആളിക്കത്തിക്കുകയാണെന്നും ബി.ജെ.പിയെ പോലെ സി.പി.എമ്മും ഇതിൽ രാഷ്ട്രീയനേട്ടമാണ് കാണുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.