/sathyam/media/post_attachments/0jObTNpKobCdXS7Hbxen.jpg)
കഴിഞ്ഞ ദിവസം ചടയമംഗലത്ത് ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത ഒരു വയോധികനെ ഹെൽമെറ്റ് വച്ചില്ല എന്ന കുറ്റത്താൽ പ്രബേഷൻ എസ്ഐ കരണത്തടിച്ച് പിടിച്ചു വലിച്ചു ജീപ്പിലേക്ക് വലിച്ചെറിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പതിവുപോലെ ജില്ലാ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു.
പോലീസ് സേനയിലെ യുവാക്കളായ ഓഫീസർമാരാണ് ഇത്തരത്തിലുള്ള കയ്യേറ്റങ്ങളും മർദ്ദനങ്ങളും ഇപ്പോൾ കൂടുതലും നടത്തുന്നതെന്ന് പറയാതെ വയ്യ. കാക്കിയിട്ടാൽപ്പിന്നെ തങ്ങളാണ് സർവ്വസ്വം എന്നൊരു തെറ്റിദ്ധാരണ ഇവർക്കുണ്ടെന്നു തോന്നുന്നു.
അല്ലെങ്കിൽ സ്വന്തം പിതാവിൻ്റെ പ്രായമുള്ള വൃദ്ധനുനേരെ കൈപൊക്കാൻ വിദ്യാസമ്പന്നരായ ആർക്കെങ്കിലും കഴിയുമോ? പ്രായാധിക്യത്തിലും തൻ്റെ ഗതികേടുകൊണ്ടാണ് അദ്ദേഹം കൂലിപ്പണിക്കുപോകുന്നതെന്ന് മനസ്സിലാക്കാനായുള്ള ഗ്രാഹ്യം ആ ഉദ്യോഗസ്ഥനുണ്ടാകണമായിരുന്നു.
സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് പോലീസ് അതിക്രമങ്ങൾക്ക് വിധേയരാകുന്നവരില്‍ അധികവും. നമ്മുടെ രാഷ്ട്രീയക്കാരും സർക്കാരുമാണ് ഇതിനുത്തരവാദികൾ.
വാഹനപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സംസ്ഥാനപോലീസ് മേധാവിയുടെ സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ വാഹനപരിശോധന നടത്താൻ പാടുള്ളു എന്ന ഉത്തരവ് നിലവിലിരിക്കേ എത്ര പോലീസുകാർ അത് പാലിക്കുന്നുണ്ട് എന്നത് ആരാണ് വിലയിരുത്തുക ?
ഡിജിപിയുടെ പുതിയ നിര്‍ദേശങ്ങളില്‍ ചിലത്
- നിയമം ലംഘിക്കുന്ന വാഹനത്തിന്റെയും ഡ്രൈവറുടെയും ഫോട്ടോ പകര്‍ത്തി തെളിവ് സഹിതം നോട്ടീസ് അയച്ച് പിഴ ഈടാക്കിയാല്‍ മതി
- വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പിഴ ഈടാക്കരുത്
- ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തവരുടെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് പിടിക്കരുത്
- തിരക്കുളള റോഡുകളില്‍ ഒരേസമയം എല്ലാവാഹനങ്ങളും തടഞ്ഞിട്ട് പരിശോധിക്കരുത്
- അമിതവേഗത, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കല്‍ എന്നിവയില്‍ മാത്രമാണ് രേഖകള്‍ പരിശോധിക്കേണ്ടത്
- ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരോട് പിഴയെക്കുറിച്ചും അപകടത്തെക്കുറിച്ചും മനസിലാക്കി കൊടുക്കണം
- വാഹനങ്ങളിലുളളവരെ സാര്‍ അല്ലെങ്കില്‍ മാഡം എന്ന് അഭിസംബോധന ചെയ്യണം
ഇതുകൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി ആളുകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത് സിആര്‍പിസി 160 വകുപ്പുപ്രകാരം നോട്ടീസ് നൽകിവേണം എന്ന നിയമമുണ്ട്. അതോടൊപ്പം പരാതിയുടെ പകർപ്പും ലഭ്യമാക്കേണ്ടതുണ്ട്.
ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ ആരെയും ഫോണിൽക്കൂടി സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ പാടുള്ളതുമല്ല. ഈ നിയമം പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടോ?
സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും അവരുടെ പരാതികളിൽ അവരുടെ വീടുകളിൽപ്പോയി മൊഴിയെടുക്കണമെന്നും ഡിജിപിയുടെ ഉത്തരവുണ്ട്. ഇതും എത്ര സ്റ്റേഷനുകളിൽ പാലിക്കപ്പെടുന്നുണ്ട് ?
ജനമൈത്രി പോലീസ് എന്നതൊക്കെ വെറും ഭംഗിവാക്കായി മാറുകയാണ്. പോലീസ് സ്റ്റേഷന്റെ പടിവാതിൽക്കൽ നീതിതേടി നിശബ്ദം കാത്തുനിൽക്കുന്ന എത്രയോ സാധുജനങ്ങളെ നമ്മൾ നിത്യവും കാണുന്നു. ആരു ഭരിച്ചാലും ഈ സ്ഥിതിക്ക് മാറ്റം വരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us