‘മദ്യപിച്ച് വാഹനം ഓടിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പൊലീസുകാരാണെന്ന് പറഞ്ഞാല്‍ മാമനോട് എന്തെങ്കിലും തോന്നുമോ’ എന്ന യുവാവിന്റെ ചോദ്യത്തിന് ‘വീട്ടില്‍ പൊലീസുകാര്‍ ഉണ്ടോ ?’ എന്ന് പൊലീസിന്റെ മറുചോദ്യം; യുവാവിന്റെ മറുപടിയില്‍ പൊലീസിന് ട്രോള്‍മഴ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 16, 2021

തിരുവനന്തപുരം: പോസ്റ്റുകളും കമന്റുകള്‍ക്ക് നല്‍കുന്ന മറുപടികളും ട്രോള്‍രൂപത്തിലായിരിക്കുമെന്നതാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ പ്രത്യേകത. പൊലീസിന്റെ ട്രോള്‍ കലര്‍ന്ന പോസ്റ്റുകള്‍ക്കും മറുപടികള്‍ക്കും മുമ്പില്‍ കമന്റിടുന്നവര്‍ സാധാരണ മുട്ടുമടക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

നര്‍മം കലര്‍ന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതുകൊണ്ട് തന്നെ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് സ്വീകാര്യതയും ഏറെയാണ്. മാസ് മറുപടി കൊടുത്ത് നാവടപ്പിക്കാന്‍ പ്രത്യേക മിടുക്ക് ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടെങ്കിലും ഇത്തവണ ഒരു യുവാവിന്റെ മറുപടിക്ക് മുന്നില്‍ അത് പാളിപ്പോയി.

കേരള പൊലീസിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയതായിരുന്നു യുവാവ്. ‘മദ്യപിച്ചു വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ പൊലീസുകാരാണെന്ന് പറഞ്ഞാല്‍… മാമനോട് എന്തെങ്കിലും തോന്നുമോ…?’ എന്നായിരുന്നു നർമം കലർത്തിയുള്ള യുവാവിന്റെ കമന്റ്.

ഇതു കേട്ട് പൊലീസുകാർ വെറുതേ ഇരുന്നില്ല. ‘വീട്ടിൽ പൊലീസുകാർ ഉണ്ടോ?’ എന്ന് പൊലീസുകാരുടെ മറുചോദ്യം. ഈ ചോദ്യം കേട്ട് യുവാവ് ജീവനും കൊണ്ട് ഓടുമെന്ന് കരുതിയ പൊലീസ് മാമൻമാർക്ക് തെറ്റി. സർവ്വശക്തിയും സംഭരിച്ചുള്ള ആ ഉത്തരത്തിനു മുന്നിൽ എന്തു മറുപടി കൊടുക്കണമെന്ന് അറിയാതെ പൊലീസ് പകച്ചുനിന്നു.

‘ഇല്ല. ബാറിലായിരുന്നു പണി’ എന്നായിരുന്നു യുവാവിന്റെ മറുപടി. മുഖത്തടിച്ചതു പോലെയുള്ള മറുപടി കിട്ടിയതോടെ മറുപടി കൊടുക്കാനുള്ള മൂഡ് പൊലീസിന് പോയെന്നാണ് സംസാരം. പൊലീസിനെ ഉത്തരം മുട്ടിച്ച കമന്റ് ഇതോടെ ട്രോൾ പേജിൽ നിറയുകയാണ്.

×