Advertisment

വ്യാജ ആരോപണം ഉയര്‍ത്താൻ 10 കോടി, അന്വേഷണം അട്ടിമറിക്കാൻ 5 കോടി! സോളാർ കേസ് അട്ടിമറിച്ചെന്ന സി ദിവാകരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്; പിണറായി അധികാരത്തിലേറിയത് നിരപരാധികളെ കുരിശിലേറ്റി; ഉമ്മൻചാണ്ടിയെ കുരുക്കാൻവെച്ച കെണിയിൽ സിപിഎം വീഴുമോ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് ശിവരാജൻ ഉമ്മൻ ചാണ്ടിക്കെതിരായി റിപ്പോർട്ട് തയ്യാറാക്കിയത് അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിക്കൊണ്ടാണെന്ന മുൻ മന്ത്രി സി ദിവാകരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കമ്മീഷൻ റിപ്പോർട്ടിന് പിന്നിലെ സത്യം തെളിയാൻ ആരാണ് കോഴ കൊടുത്തതെന്നും ആരെല്ലാമാണ് ഈ ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിച്ചതെന്നും പുറത്തുകൊണ്ടു വരണമെന്നാണ് കോൺഗ്രസിൻെറ ആവശ്യം.

Advertisment

publive-image

പത്തുകോടി രൂപ മുടക്കി ഒരു വ്യാജാരോപണം ഉയര്‍ത്തിക്കൊണ്ടു വരുകയും അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനെ അഞ്ചു കോടി രൂപ മുടക്കി അട്ടിമറിക്കുകയും ചെയ്ത് രണ്ടു തവണ പിണറായി വിജയന്‍ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സിപിഐ നേതാവ് സി ദിവാകരന്‍ പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയന്‍ രണ്ടു തവണ മുഖ്യമന്ത്രിയായത് എന്ന യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിയതോടെ ഇനി പിണറായി വിജയന്‍ എങ്ങനെ ജനങ്ങളുടെ മുഖത്തുനോക്കുമെന്നു സുധാകരന്‍ ചോദിച്ചു.

സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻെറ സാമ്പത്തിക വളർച്ച അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ആവശ്യപ്പെ‌ട്ടു. ദിവാകരൻെറ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെ.സി.ജോസഫും രംഗത്തെത്തി. ഉമ്മൻചാണ്ടിയെ സോളാർ വിവാദത്തിൽ തളച്ചിടാൻ സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും നടത്തിയ നീക്കങ്ങൾ പുറത്തുവന്നെങ്കിലും മുഖ്യമന്ത്രി അടക്കമുളള ഇടത് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. സി.ദിവാകരൻെറ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ പങ്കെടുത്തെങ്കിലും പുസ്തകത്തിലെ പരാമർശങ്ങളിലും അതുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകളോടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കടുത്ത അമർഷമുണ്ട്.

പുസ്തക പ്രകാശനത്തിന് മാധ്യമ ശ്രദ്ധ കിട്ടാനാണ് ദിവാകരൻ ഈ പ്രതികരണങ്ങളെല്ലാം നടത്തുന്നതെന്നാണ് സി.പി.ഐ സംസ്ഥാന നേതൃത്വം പറയുന്നത്. അനവസരത്തിലുളളതും അനുചിതവുമായ പ്രതികരണങ്ങളെ അവഗണിക്കാനാണ് സി.പി.ഐ നേതൃത്വത്തിൻെറ തീരുമാനം. സി.ദിവാകരൻെറ ഗുരുതരമായ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടും സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജനും ഇതുവരെ പ്രതികരിച്ചിട്ടില്ല. ശിവരാജൻ കമ്മീഷൻെറ പക്ഷപാതിത്വവും തെറ്റായ രീതികളും തുറന്നുകാട്ടാൻ അവസരം കിട്ടിയതിൻെറ ആഹ്ളാദത്തിലാണ് കോൺഗ്രസ് നേതൃത്വം. ആരോഗ്യപ്രശ്നങ്ങൾ അല‌ട്ടുന്ന ഉമ്മൻചാണ്ടിക്ക് പൂർണമായും നീതിലഭിച്ചുവെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.

ഉമ്മന്‍ ചാണ്ടിയുടെ പേരു പറയാന്‍ സിപിഎം തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന കേസിലെ പരാതിക്കാരിയുടെ പഴയവെളിപ്പെടുത്തൽ ആയുധമാക്കിയാണ് ജസ്റ്റീസ് ശിവരാജനെതിരായ ദിവാകരൻെറ വെളിപ്പെടുത്തൽ ശരിയാണെന്ന് സമർത്ഥിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. പരാതിക്കാരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പെരുമഴപോലെ ആരോപണങ്ങള്‍ പെയ്തിറങ്ങുകയും സിപിഎം സമരപരമ്പരകര്‍ അഴിച്ചുവിടുകയും ചെയ്തതിനുശേഷമാണ് യുഡിഎഫ് സര്‍ക്കാര്‍ 2014ല്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തിയത്.

2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയന്റെ പ്രധാന ആയുധം സോളാര്‍ വിവാദമായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ ചൂണ്ടിക്കാട്ടി. കമ്മീഷന്റെ പ്രവര്‍ത്തനം തുടക്കം മുതല്‍ സംശയാസ്പദമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തി പാതിരാവരെ വിചാരണ ചെയ്തപ്പോള്‍ പരാതിക്കാരിയോട് മൃദു സമീപനം സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടിയേയും സഹപ്രവര്‍ത്തകരേയും ആണിതറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിന്നാമ്പുറത്തുനടന്ന കാര്യങ്ങളാണ് സി ദിവാകരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്‍ 2016ല്‍ അധികാരമേറ്റ ഉടനെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് 3 തവണ അന്വേഷണം നടത്തിച്ച് വിഷയം സജീവമാക്കി നിര്‍ത്തി. എന്നാല്‍ ആരോപണവിധേയരായവരെ കുടുക്കാന്‍ കേരള പോലീസിനു കഴിയാതെ വന്നപ്പോള്‍ 2021ല്‍ കേസ് സിബിഐക്കു വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു അത്. പിണറായി വിജയന്‍ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ജയിച്ചതിന്റെ പിന്നിലെ കുടില തന്ത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും സോളാര്‍ കേസിലെ കോഴ ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ ജൂഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisment