Advertisment

സതീശനും സുധാകരനുമെതിരേ ഒന്നിച്ചു നീങ്ങാൻ എ, ഐ ഗ്രൂപ്പുകൾ. കൂടിയാലോചനയ്ക്ക് തടസ്സം സതീശന്റെ കടുംപിടുത്തം. പാർലമെന്റ് തിരഞ്ഞെടുപ്പിനുണ്ടാക്കിയ മിഷൻ-24 തന്ത്രം നേതാക്കൾക്ക് പാർട്ടി പിടിക്കാനുള്ള കുറുക്കുവഴി. നേതൃത്വത്തിനെതിരേ കോൺഗ്രസ് പ്രസിഡന്റിനെ കാണും. തിരഞ്ഞെടുപ്പ് അടുത്തിട്ടും ഐക്യമുണ്ടാക്കാനാവാതെ സംസ്ഥാന നേതൃത്വം.

New Update

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ, കോൺഗ്രസിൽ അനൈക്യം പുകയുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമെതിരേയാണ് പാർട്ടിയിലെ പടയൊരുക്കം.

Advertisment

publive-image

ഇത്തവണ ഏതെങ്കിലും ഗ്രൂപ്പ് തനിച്ചല്ല. എ, ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ നീങ്ങുന്നത്. തിരുവനന്തപുരത്ത് സംയുക്ത യോഗം നടത്തിയ നേതാക്കൾ നിലവിലെ നേതൃത്വത്തിനെതിരേ കോൺഗ്രസ് പ്രസിഡന്റിനെ സമീപിക്കാനുള്ള നീക്കത്തിലാണ്.

ഇരു ഗ്രൂപ്പുകളുടെയും ഇപ്പോഴത്തെ പ്രധാന ശത്രു വി.ഡി സതീശനാണ്. പാർട്ടിയിൽ കൂടിയാലോചനയുടെ അന്തരീക്ഷം ഇല്ലാതാക്കുന്നത് സതീശന്റെ കടുംപിടുത്തം ആണെന്നാണ് നേതാക്കളുടെ പരാതി. സുധാകരനെ എല്ലാവരും കണ്ണടച്ച് എതിർക്കുന്നില്ല. സുധാകരനെക്കൂടി വഷളാക്കുന്നത് സതീശനാണെന്നാണ് നേതാക്കളുടെ പറഞ്ഞുവയ്പ്പ്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടനയെച്ചൊല്ലിയാണ് ഇപ്പോഴത്തെ പൊട്ടിത്തെറി.

ഗ്രൂപ്പുകൾ ആവശ്യപ്പെട്ട രീതിയിലല്ലാതെ ഭാരവാഹിത്വം അനുവദിച്ചത് പിൻവലിക്കില്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തതോടെയാണ് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ സംയുക്തമായി പ്രതിഷേധവുമായിറങ്ങിയത്. ഇരു ഗ്രൂപ്പ് നേതൃത്വങ്ങളും ഒരുമിച്ചിരുന്ന്, സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയനീക്കങ്ങൾക്കെതിരെ നീങ്ങാനും ഹൈക്കമാൻഡിനെ സംയുക്തമായി സമീപിക്കാനും തീരുമാനിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവർക്ക് പുറമേ ശശി തരൂർ എം.പിയുമായി അടുപ്പമുള്ള എം.കെ. രാഘവൻ എം.പിയും യോഗത്തിൽ പങ്കെടുത്തു.

പാർട്ടിയിലെ ഐക്യത്തിന്റെ കാഹളമെന്നോണം വയനാട്ടിലെ സുൽത്താൻബത്തേരിയിൽ ചേർന്ന ലീഡേഴ്സ് മീറ്റിലെടുത്ത തീരുമാനങ്ങളെ ഇരു ഗ്രൂപ്പുകളും വെല്ലുവിളിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തീരുമാനിച്ച മിഷൻ-24 ദൗത്യം പാർട്ടി പിടിക്കാനുള്ള നേതൃത്വത്തിന്റെ മിഷൻ 24 ആയി മാറിയെന്ന് ഗ്രൂപ്പ് നേതാക്കൾ തുറന്നടിച്ചു.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ കൂടിയാലോചനയുണ്ടായില്ലെന്നും ബത്തേരി ലീഡേഴ്സ് മീറ്റിലുണ്ടാക്കിയ ഐക്യാന്തരീക്ഷത്തിന് വിള്ളലുണ്ടായെന്നും ഹൈക്കമാൻഡിനെ ബോധിപ്പിക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. എന്നാൽ നേതൃത്വത്തെ മാറ്റണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയാൽ ഉടൻ അനുകൂല നടപടിയുണ്ടാവില്ലന്ന് ഗ്രൂപ്പ് നേതാക്കൾ വിലയിരുത്തുന്നു. അതിനാൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള കർമ്മപദ്ധതി എന്ന രീതിയിൽ നേതൃമാറ്റം അടക്കം ആവശ്യപ്പെടാനാണ് തീരുമാനം.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കൂടിയാലോചിച്ചാണ് അന്തിമപട്ടികയുണ്ടാക്കിയതെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് വി.ഡി. സതീശനെയാണ്. കൂടിയാലോചനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത് സതീശന്റെ കടുംപിടുത്തമാണെന്നാണ് ഗ്രൂപ്പ് നേതാക്കൾ വിലയിരുത്തുന്നത്. അനുനയനീക്കവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തിറങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുമായും എം.എം. ഹസനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടന നടപ്പാക്കിയ രീതിയോടുള്ള പ്രതിഷേധമാകും ഗ്രൂപ്പുകൾ ഹൈകമാൻഡിനെ അറിയിക്കുക. ഇനിയങ്ങോട്ടെങ്കിലും ആവശ്യമായ കൂടിയാലോചനയ്ക്കും നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിനും സംസ്ഥാന നേതൃത്വം തയാറാകണമെന്നതാണ് ആവശ്യം. പാർട്ടിയിൽ നഷ്ടപ്പെട്ടു പോകുന്ന ഐക്യ തിരിച്ചെത്തിക്കണം.

മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് പുന:സംഘടന പൂർത്തീകരിക്കണമെന്ന ലീഡേഴ്സ് മീറ്റിലെ തീരുമാനം നടപ്പായില്ല. ആകെയുള്ള 282 ബ്ലോക്ക് പ്രസിഡന്റുമാരിൽ പുന:സംഘടനയ്ക്കുള്ള ഏഴംഗ ഉപസമിതി ഏകകണ്ഠമായി നിർദ്ദേശിച്ചത് 170 പേരുകളാണ്. 112 പേരുകൾ പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും മാത്രം കൂടിയിരുന്നാണ് തീരുമാനിച്ചത്.

മുൻ കെ.പി.സി.സി പ്രസിഡന്റുമാരുമായി കൂടിയാലോചിക്കാമായിരുന്നെങ്കിലും അതിന് നേതൃത്വം തയാറായില്ല. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാത്ത സമീപനം അംഗീകരിക്കാനാവില്ല- ഇക്കാര്യങ്ങളാവും ഗ്രൂപ്പ് നേതാക്കൾ സംയുക്തമായി ഹൈകമാൻഡിനെ അറിയിക്കുക.

Advertisment