എന്തുവന്നാലും ഐക്യത്തിന്റെ പാതയിലല്ല കോൺഗ്രസ് നേതാക്കൾ. സുധാകരന്റെ അനുനയ നീക്കം അമ്പേ പാളി. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സതീശനും. പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള ശിൽപ്പശാലയിലേക്കുള്ള ക്ഷണം നിരസിച്ച് ചെന്നിത്തലയും ഹസനും. നേതാക്കളെ അനുനയിപ്പിക്കാൻ താരിഖ് അൻവറും പാടുപെടും. പൊട്ടിത്തെറിയുടെ വക്കിൽ സംസ്ഥാന കോൺഗ്രസ്

New Update

publive-image

Advertisment

തിരുവനന്തപുരം: പൊട്ടിത്തെറിയുടെ വക്കിലാണ് സംസ്ഥാന കോൺഗ്രസ്. എന്തുവന്നാലും നിലവിലെ നേതൃനിരയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും ഐക്യപ്പെടാനാവില്ലെന്ന സന്ദേശമാണ് നേതാക്കൾ നൽകുന്നത്.

പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാലയിലേക്ക് സുധാകരൻ നേരിട്ടെത്തി ക്ഷണിച്ചിട്ടും ചെന്നിത്തലയും ഹസനും അത് നിരാകരിച്ചു. ഇതോടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടനയെ ചൊല്ലി എ, ഐ ഗ്രൂപ്പുകളിലെ മുൻനിരനേതാക്കൾ സംയുക്തമായി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പായതോടെ കോൺഗ്രസിലെ കലാപ അന്തരീക്ഷം മുറുകി.

കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ നടത്തിയ അനുനയനീക്കങ്ങൾ അമ്പേ പരാജയപ്പെട്ടു. ഗ്രൂപ്പ് നേതാക്കളുടെ ലക്ഷ്യം താനാണെന്ന് തിരിച്ചറിഞ്ഞ സതീശൻ കൊച്ചിയിൽ നേതാക്കൾക്കെതിരേ പരസ്യ പ്രതികരണം നടത്തി. തനിക്കെതിരായ വിജിലൻസ് കേസിൽ, കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അ‌ർത്ഥഗർഭമായി പറഞ്ഞുവച്ചു. എ, ഐ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നതുൾപ്പെടെ ഗ്രൂപ്പുകളുടെ നീക്കത്തിൽ അസംതൃപ്തി പരസ്യമാക്കിയ സതീശൻ, നേതാക്കൾ ആത്മപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു.

പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള ദ്വിദിന ശില്പശാലയ്ക്ക് തിങ്കളാഴ്ച എറണാകുളത്ത് തുടക്കം കുറിക്കാനിരിക്കെ, പരിപാടിയിലേക്ക് രമേശ് ചെന്നിത്തലയെയും എം.എം. ഹസനെയും സുധാകരൻ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും ഇരുവരും ക്ഷണം നിരാകരിച്ചു.

publive-image

ഗ്രൂപ്പുകളുടെ പ്രതിനിധികളായെത്തിയ ബ്ലോക്ക് പ്രസിഡന്റുമാരെല്ലാവരും ശില്പശാലയിൽ പങ്കെടുക്കുമെന്നാണ് സൂചന. തെക്ക്, വടക്ക് മേഖലകളിലെ ബ്ലോക്ക് പ്രസിഡന്റുമാർക്കായി തിങ്കൾ മുതൽ നാല് ദിവസങ്ങളിലായി എറണാകുളത്തും കോഴിക്കോട്ടുമാണ് ശില്പശാല. ഇതിൽ പങ്കെടുക്കാനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ എത്തുന്നുണ്ട്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അൻവർ കാണുന്നുണ്ടെങ്കിലും ഫലം അനുകൂലമായേക്കില്ല. പുന:സംഘടനാ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ താരിഖ് അൻവറുമായി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ പറയുന്നത്.

സുധാകരനും സതീശനുമെതിരേ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേതാക്കൾ ഡൽഹിയിലെത്തി കാണും. ഖാർഗേ ഇപ്പോൾ ഡൽഹിയിലില്ല. ഡൽഹിയിലെത്തിയാലുടൻ നേതാക്കൾ ഡൽഹിയിലെത്തി പരാതി ഉന്നയിക്കും.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിന് മുമ്പ് മറ്റ് നേതാക്കളുമായി ചർച്ച നടത്താൻ കെ.പി.സി.സി പ്രസിഡന്റ് തയാറായിരുന്നെങ്കിലും തടയിട്ടത് പ്രതിപക്ഷനേതാവിന്റെ പിടിവാശിയാണെന്നാണവരുടെ പരാതി. ഗ്രൂപ്പുകളുടെ പ്രസക്തിയില്ലാതാക്കി മേൽക്കോയ്മയുറപ്പിക്കാനുള്ള നീക്കമാണിതെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ സംശയം.

തിരുവനന്തപുരത്ത് നടന്നതു പോലെ എല്ലാ ജില്ലകളിലും സംയുക്ത ഗ്രൂപ്പ് യോഗങ്ങൾ വിളിക്കാനാണ് നീക്കം. ഇതോടെ കോൺഗ്രസിലെ പുകച്ചിൽ പൊട്ടിത്തെറിയായി മാറുമെന്ന് ഉറപ്പാണ്.

Advertisment