എതിർപ്പുകൾക്കിടയിലും ചാനൽ സിങ്കം സ്ഥാനാർത്ഥി. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായത് ഉമ്മൻചാണ്ടി നിർദ്ദേശിച്ചയാളെ വെട്ടി. ഐ ​ഗ്രൂപ്പിന് കടുത്ത അമർഷം. ഐ ഗ്രൂപ്പിൽ നിന്ന്‌ അബിൻ വർക്കിയും ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും. രാഹുലിനെ തോൽപ്പിക്കാൻ എ ഗ്രൂപ്പിൽ നിന്ന്‌ നാല് വിമത സ്ഥാനാർഥികളും രം​ഗത്ത്. മത്സരരം​ഗത്ത് ഷാഫി ഇറക്കിയ സ്ഥാനാർത്ഥിക്ക് കാലിടറുമോ?

New Update

publive-image

Advertisment

തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ തീരുമാനത്തെ അട്ടിമറിച്ച്‌ എ ഗ്രൂപ്പ്‌ സ്ഥാനാർഥി. തിങ്കളാഴ്‌ച രാത്രി തുടങ്ങി ചൊവ്വാഴ്‌ച പുലരും വരെ നടന്ന ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിന്‌ ശേഷമാണ്‌ രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌.

ഉമ്മൻചാണ്ടി നിർദേശിച്ച ജെ.എസ്‌ അഖിലിനെ വെട്ടിയാണ്‌ വി.ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും താൽപര്യപ്രകാരം രാഹുലിനെ സ്ഥാനാർഥിയാക്കിയത്‌.

ബുധനാഴ്‌ചയാണ്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്കുള്ള നാമനിർദേശം നൽകാനുള്ള അവസാന തിയതി. ഈ സാഹചര്യത്തിലാണ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിപ്പട്ടികയിലുണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, ജെ എസ്‌ അഖിൽ, കെ എം അഭിജിത്ത്‌ എന്നിവരുമായി എം എം ഹസൻ, കെ സി ജോസഫ്‌, ബെന്നി ബെഹനാൻ, പി സി വിഷ്‌ണുനാഥ്‌ എന്നിവർ ചർച്ച നടത്തിയത്‌.

പുലർച്ചെ മൂന്നരയ്‌ക്കാണ്‌ തീരുമാനമാകാതെ യോഗം പിരിഞ്ഞത്‌. രാവിലെ ഒമ്പതരയോടെയാണ്‌ രാഹുലിനെ സ്ഥാനാർഥിയാക്കുന്നുവെന്ന്‌ അഖിലിനെയും അഭിജിത്തിനെയും അറിയിച്ചത്‌. യൂത്ത്‌ കോൺഗ്രസ്‌ ‌ദേശീയ സെക്രട്ടറി സ്ഥാനമാണ് ഇരുവർക്കും നൽകിയ വാഗ്‌ദാനം. ഇത്‌ സ്വീകരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല.

ഉമ്മൻചാണ്ടിയുടെ നോമിനിയായാണ്‌ കഴിഞ്ഞ തവണ ഷാഫി പറമ്പിൽ പ്രസിഡന്റായത്‌. കെ സുധാകരനും സതീശനും പാർട്ടി പിടിച്ചതോടെ ഷാഫി മറുകണ്ടം ചാടി.

ഔദ്യോഗികമായി എ ഗ്രൂപ്പ്‌ എന്ന്‌ പറയുമ്പോഴും സതീശൻ പക്ഷത്ത്‌ നിന്നുള്ള നിലപാടാണ്‌ കഴിഞ്ഞ കുറച്ചുനാളായി ഷാഫി സ്വീകരിക്കുന്നത്‌. ഇതിനൊപ്പം നിൽക്കുന്നയാളെന്നതാണ്‌ രാഹുലിന്‌ നേട്ടമായത്‌.

ഐ ഗ്രൂപ്പിൽ നിന്ന്‌ ചെന്നിത്തലയുടെ നോമിനിയായി അബിൻ വർക്കിയും കെ സി വേണുഗോപാലിന്റെ അനുയായി ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും.

പുതിയ സാഹചര്യത്തിൽ എ ഗ്രൂപ്പിൽ നിന്ന്‌ നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ്‌ പി അനീഷ്‌, വിഷ്‌ണു സുനിൽ പന്തളം, അനുതാജ്‌ എന്നിവരാണ്‌ എ ഗ്രൂപ്പിൽ നിന്ന്‌ മത്സരിക്കുക.

എ ഗ്രൂപ്പിൽ നിന്നുള്ള പരമാവധി വോട്ടുകൾ നേടി രാഹുലിന്റെ പരാജയമുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാകും എ ഗ്രൂപ്പ്‌ വിമതരുടെ മുന്നോട്ടുള്ള പ്രവർത്തനം.

Advertisment