കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ ജനറല്‍ബോഡി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്.
പി സി ചാക്കോക്കെതിരെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഉന്നയിച്ച വിമര്‍ശനങ്ങളാണ് യോഗത്തില്‍ വാക്‌പ്പോരിന് കാരണമായത്. തർക്കം രൂക്ഷമായതോടെ തോമസ് കെ തോമസ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.
തന്നോട് കൂടിയാലോചിച്ചിക്കാതെയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചതെന്ന ആരോപണമാണ് പ്രധാനമായും തോമസ് കെ തോമസ് ഉന്നയിച്ചത്. പിസി ചാക്കോ വിഭാഗം ഈ ആരോപണങ്ങളെ തള്ളിക്കൊണ്ട് പ്രതികരിച്ചതോടെ പോര് മുറുകി. തോമസ് കെ തോമസ് എന്ന എംഎല്‍എയെ അംഗീകരിക്കുന്നില്ലെന്നും പി സി വിഭാഗക്കാർ തുറന്നടിച്ചതോടെയാണ് തോമസ് കെ തോമസ് ജനറല്‍ ബോഡി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
ആലപ്പുഴ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തര്‍ക്കത്തിന് കാരണമെന്നായിരുന്നു യോഗം ബഹിഷ്‌കരിച്ച തോമസ് കെ തോമസിന്റെ പ്രതികരണം. പിസി ചാക്കോ യോഗത്തില്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞെന്നും ഇത് തിരുത്തിയപ്പോള്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് തോമസ് കെ തോമസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞത്.