എസ്.എസ്.എൽ.സി. ലെവൽ പൊതുപ്രാഥമിക പരീക്ഷ നാല് ഘട്ടങ്ങളായി: ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യം; ഓരോ ഉദ്യോഗാർത്ഥിയ്ക്കും അവരവർ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളതിനാൽ, പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കുന്നതല്ല; പി.എസ്.സിയുടെ അറിയിപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 12, 2021

തിരുവനന്തപുരം: എസ്.എസ്.എൽ.സി. ലെവൽ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിൽ നാല് ഘട്ടങ്ങളായി നടത്തുകയാണ്. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു.

ഓരോ ഉദ്യോഗാർത്ഥിയ്ക്കും അവരവർ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളതിനാൽ, പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പരീക്ഷാ കേന്ദ്രമാറ്റത്തിനുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഓരോ ഘട്ടത്തിലും അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അതാത് ഘട്ടങ്ങളിൽ പരീക്ഷയെഴുതേണ്ടതാണ്. മറ്റ് ഘട്ടങ്ങളിലേക്ക് യാതൊരുകാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും ഉദ്യോഗാർത്ഥികൾ പാലിക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അഡ്മിഷൻ ടിക്കറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾക്കൊപ്പം പ്രായമായവർ, കൊച്ചുകുഞ്ഞുങ്ങൾ എന്നിവർ യാതൊരു കാരണവശാലും എത്തുവാൻ പാടില്ല. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പിൽ നിന്നുള്ള അനുമതി പത്രം എന്നിവ സഹിതം അതാത് ജില്ലാ ഓഫീസർമാർക്ക് (തിരുവനന്തപുരം ജില്ല ഒഴികെ) മുൻകൂട്ടി അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതാണ്.

തിരുവനന്തപുരം ജില്ലയിൽ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ jointce.psc@kerala.gov.in എന്ന ഇ.മെയിൽ ഐഡിയിൽ അപേക്ഷ നൽകണ്ടതാണ്. ക്വാറന്റെയിനിലുള്ള ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ അവർക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക റൂമുകളിൽ മാത്രം ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. ഇതിനായി ചീഫ് സൂപ്രണ്ടിന് അപേക്ഷ നൽകേണ്ടതാണ്.

×