തിരുവനന്തപുരം: മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം. ശിക്ഷ വിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. പിഴതുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതാണ്.പിഴ തുക മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച്ച നഷ്ടമായവർക്കും അടക്കം നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാനം പറഞ്ഞു. ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ് മണിച്ചൻ. മറ്റു കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ കേസ്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് ആണ് സത്യവാങ് മൂലം ഫയൽ ചെയ്തത്.നേരത്തെ ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. മൂന്നാഴ്ച്ചകം മറുപടി നൽകാനായിരുന്നു നിർദേശം. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ.ബി പർഡിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പിഴ തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം വീണ്ടും അനന്തമായി വൈകുന്നു എന്ന് ഉഷയുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു.
31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലാണ് മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു.