/sathyam/media/post_attachments/69RCvcFYMgDml6d1lBEA.jpg)
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിയെ ആറു വിക്കറ്റിന് തോല്‍പിച്ച് കേരളം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു.
കേരളം 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 26 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറർ. വിഷ്ണു വിനോദ് (11 പന്തിൽ ഒരു ഫോർ സഹിതം 11), സൽമാൻ നിസാർ (18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20) എന്നിവർ പുറത്താകാതെ നിന്നു.
മുഹമ്മദ് അസ്ഹറുദ്ദീന്‍ (18 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 30), റോബിൻ ഉത്തപ്പ (12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 21), സച്ചിൻ ബേബി (19 പന്തിൽ 18) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പുതുച്ചേരിക്കായി അഷിത് രാജീവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തും തുടക്കം ഗംഭീരമാക്കി. ഒരു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് നാലോവറില്‍ 29 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പുതുച്ചേരിയുടെ ഫാബിദ് അഹമ്മദിനെ (10) ക്ലീന്‍ ബൗള്‍ ചെയ്തു.
അഷിത് രാജീവ് (29 പന്തില്‍ 33), പരസ് ദോഗ്ര (24 പന്തില്‍ 26), ഷെല്‍ഡണ്‍ ജാക്‌സണ്‍ (16 പന്തില്‍ 17) എന്നിവരാണ് പുതുച്ചേരിയുടെ പ്രധാന സ്‌കോറര്‍മാര്‍.