കെവിന്‍ വധം ദുരഭിമാനക്കൊല തന്നെ; 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി : നീനുവിന്റെ അച്ഛനെ വെറുതെ വിട്ടു ; അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതിയുടെ അഭിനന്ദനം

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, August 22, 2019

കോട്ടയം: കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.

സാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ,റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, ഷാനു ഷാജഹാൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിൻ പറഞ്ഞിരുന്നുവെന്ന നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്

എന്നാല്‍ നീനുവിന്റെ അച്ഛന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി കണ്ടെത്തിയത്. നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്.

ചാക്കോയ്ക്ക് എതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് അറിഞ്ഞത്. 10 പ്രതികള്‍ക്കെതിരെയും ദുരഭിമാനക്കൊല പ്രകാരമുള്ള കുറ്റം ചുമത്തും.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി കോടതി ഇത് പരിഗണിച്ചിരിക്കുന്നു. പഴയ കേസുകളിലെ വിധികള്‍ പരിശോധിച്ചാണ് കോടതി ഈ നിഗമനത്തിലെത്തിയത്.

കെവിന്‍ വധം ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അഭിപ്രായം കോടതി കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. അതില്‍ ആദ്യം വ്യക്തത വരുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്.

കെവിന്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതിയുടെ അഭിനന്ദനം. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് കെവിന്‍ വധക്കേസില്‍ വിധി പറയവേ അന്വേഷണ സംഘത്തേയും പ്രോസിക്യൂഷനേയും അഭിനന്ദിച്ചത്.

കേസില്‍ ഒരുപാട് പ്രതികളുള്ളതിനാല്‍ ഗൂഢാലോചന തെളിയിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് എസ്.പി ഹരിശങ്കര്‍ പറഞ്ഞു.

‘മറ്റ് സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് പഴുതുകള്‍ അടച്ചത്. ദുരഭിമാനക്കൊലയാണെന്ന് തരത്തില്‍ തന്നെയാണ് ആദ്യം മുതല്‍ കേസന്വേഷിച്ചത്. ‘-ഹരിശങ്കര്‍ പറഞ്ഞു.

 

×