/sathyam/media/post_attachments/j8uZ4XR0uL9lnUk1pvXO.jpg)
ഡബ്ലിന്‍: രാജ്യാന്തര ക്രിക്കറ്റില്‍ താരതമ്യേന ദുര്‍ബലരായ രാജ്യമാണ് അയര്‍ലന്‍ഡ്. എന്നാല്‍ വമ്പന്‍ അട്ടിമറികള്‍ക്ക് തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്നും അയര്‍ലന്‍ഡ് തെളിയിച്ചിട്ടുണ്ട്. പടുകൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട കെവിന്‍ ഒബ്രയാനെ പോലുള്ള താരങ്ങളാണ് ഈ രാജ്യത്തിന്റെ ക്രിക്കറ്റ് കരുത്ത്.
കെവിന്‍ ഒബ്രയാനും അദ്ദേഹമടിച്ച ഒരു സിക്‌സുമാണ് ഇപ്പോള്‍ കായികലോകത്തെ ചര്‍ച്ചാവിഷയം. സാധാരണ കെവിന്‍ ഒബ്രയാന്റെ ഷോട്ടുകള്‍ എതിര്‍ടീമുകള്‍ക്കാണ് ആശങ്ക പടര്‍ത്തിയിരുന്നെങ്കില്‍ ഇത്തവണ താരത്തിന്റെ ഒരു സിക്‌സ് തകര്‍ത്തത് സ്വന്തം കാറിന്റെ ചില്ലാണ്.
അയർലൻഡിൽ നടക്കുന്ന പ്രൊവിൻഷ്യാൽ ട്വന്റി20 ട്രോഫിയിൽ ലെയ്ൻസ്റ്റർ ലൈറ്റ്നിങ്ങിന്റെ താരമാണ് കെവിൻ ഒബ്രയാൻ. മത്സരത്തിൽ ലെയ്ൻസ്റ്റർ ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. അർധസെഞ്ചുറി നേടിയ ഇന്നിങ്സിനിടെ പറത്തിയ പറത്തിയ എട്ടു സിക്സറുകളിലൊന്നാണ് ഗ്രൗണ്ടിനു വെളിയിൽ പതിച്ച് അവിടെ നിർത്തിയിട്ടിരുന്ന ഒബ്രയാന്റെ തന്നെ കാർ തകർന്നത്.
മത്സരത്തില്‍ ഒബ്രയാന്‍ 37 പന്തില്‍ 82 റണ്‍സ് നേടി. ഇടയ്ക്ക് മഴ രസംകൊല്ലിയായി വന്നെങ്കിലും മഴനിയമപ്രകാരം ലെയ്ന്‍സ്റ്റര്‍ മത്സരത്തില്‍ വിജയിച്ചു. സ്വന്തം കാറിന്റെ ചില്ല് തകര്‍ത്തെങ്കിലും ഒബ്രയാന്റെ പ്രകടനമായിരുന്നു ടീമിന് കരുത്ത് പകര്‍ന്നത്.