തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഡോക്ടറുടെ സംഘടനായ കെ.ജി.എം.ഒ.എ.
/sathyam/media/post_attachments/OXJndqrkks4lkaku1A9U.jpg)
പൊലീസിന്റെ വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പൊലീസിന്റെ വാദം.
ഇതിനെതിരെയാണ് കെ.ജി.എം.ഒ.എ രംഗത്തെത്തിയത്. ശ്രീറാമിന്റെ കേസില്‍ ഡോക്ടര്‍ നിയമപ്രകാരമുള്ള എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ട്. പൊലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്തപരിശോധന നടത്താനാകൂ. എന്നാല്‍ പൊലീസ് രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
മാത്രമല്ല, മദ്യത്തിന്റെ മണമുണ്ടെന്ന് ഒ.പി. ടിക്കറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു. വാക്കാല്‍ ആവശ്യപ്പെട്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വാക്കാല്‍ പോലും പോലീസ് രക്തപരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സംരക്ഷിക്കുമെന്നും കെ.ജി.എം.ഒ.എ. സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ പറഞ്ഞു.
അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നെന്നും പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും മദ്യത്തിന്റെ മണമുള്ളതായി ഡോക്ടര്‍ എഴുതിയെങ്കിലും രക്തമെടുക്കാന്‍ തയ്യാറായില്ലെന്നുമായിരുന്നു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്.