ടെഹ്‌റാന്‍ : നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും അതിനൊരു അറുതി വേണം. ചിന്തിക്കുന്നതിലും അപ്പുറമാണ് ഇറാനിൽ കൊറോണ വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്.
/sathyam/media/post_attachments/eTCNU1QeezIPsrWW0jSQ.jpg)
യുഎസ് ഉപരോധമുള്ളതിനാൽ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിൽ ഇടപെടണം. – ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കൾക്ക് അയച്ച കത്തിൽ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറിച്ചതാണിത്.
ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധ അതിവേഗം പടർന്നു പിടിച്ച രാജ്യങ്ങളാണ് ഇറ്റലിയും ഇറാനും. ഇതിൽ ഇറ്റലിക്കു സഹായഹസ്തവുമായി ലോകരാജ്യങ്ങൾ രംഗത്തെത്തിയെങ്കിലും രാജ്യാന്തരതലത്തിൽ രോഗത്താൽ ഒറ്റപ്പെട്ട തുരുത്തായി മാറുകയാണ് ഇറാൻ.
കൊറോണ വൈറസിനെതിരായ യുഎസ് സഹായം തള്ളിക്കളഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്തു വന്നതും ഇറാനെ പ്രതിരോധത്തിലാഴ്ത്തി. കൊറോണ വൈറസ് യുഎസിന്റെ ജൈവായുധ പ്രയോഗമാണെന്നും ഇറാനിലുള്ളവർക്കായി പ്രത്യേകം സൃഷ്ടിച്ചതാണന്നുമാണ് ആയത്തുല്ല അലി ഖമനയി പ്രതികരിച്ചത്. മഹാമാരി അമേരിക്കന്‍ ഗൂഢാലോചനയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആരോപിച്ചതിനു പിന്നാലെയാണ് കൊറോണ വൈറസ് യുഎസ് സൃഷ്ടിയാണെന്നു ഖമനയി തുറന്നടിച്ചത്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സഹായം നൽകാമെന്ന് യുഎസ് പലതവണ ഞങ്ങൾക്ക് വാഗ്ദാനം നൽകി. വൈറസിനെ സൃഷ്ടിച്ചത് യുഎസ് ആണെന്ന് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ വിമർശനം ഉയർത്തുന്നതിനിടെയാണിത്. ഉപരോധം കൊണ്ട് ഞങ്ങളെ ശ്വാസം മുട്ടിച്ച, ഞങ്ങളുടെ ജീവരക്തത്തിനായി ദാഹിക്കുന്ന നിങ്ങൾ ഞങ്ങൾക്കു നേരേ സഹായഹസ്തം നീട്ടുന്നത് വിചിത്രമാണ്.
കൊറോണ വൈറസിനെതിരെ ഇറാന്റെ പോരാട്ടത്തിലെ ന്യൂനതകൾ ഞങ്ങൾ നിഷേധിക്കുന്നില്ല. എന്നാൽ നിങ്ങൾ നൽകുന്ന മരുന്ന് വൈറസിനെ എക്കാലത്തും ഇറാനിൽ പ്രതിഷ്ഠിക്കുന്നതാണെങ്കിലോ? – ആയത്തുല്ല അലി ഖമനയിയുടെ ചോദ്യം ഇങ്ങനെ.