ഗാസയില്‍ ഇസ്രായേല്‍ വെടിവെയ്പില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, August 18, 2019

ഗാസ: വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ വെടിവെയ്പില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. മൂന്ന് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റ ഒരാളെയും അല്‍ അന്തലൂസി ആശുപത്രിയില്‍ എത്തിച്ചതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വകുപ്പ് വക്താവ് അഷ്‌റഫ് അല്‍ ഖിദ്‌റ പറഞ്ഞു.

മഹ്മൂദ് അദേല്‍ അല്‍ വലൈദ (24), മുഹമ്മദ് ഫരീദ് അബൂ നമൂസ് (27), മുഹമ്മദ് സാമിര്‍ അല്‍ തരമാസി (26) എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ വെടിവെച്ചത് ആയുധധാരികളെയാണെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

ശനിയാഴ്ച രാത്രി ഇസ്രായേല്‍ വടക്കന്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഗാസയില്‍ നിന്നും റോക്കറ്റാക്രമണം ഉണ്ടായെന്നും രണ്ട് റോക്കറ്റുകളെ പ്രതിരോധിച്ചുവെന്നും ഇസ്രായേല്‍ സേന പറഞ്ഞു. ആക്രമണത്തില്‍ ഇസ്രായേലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

‘ഗ്രേറ്റ് മാര്‍ച്ച് ഓറ് റിട്ടേണ്‍’ ആരംഭിച്ചതിന് ശേഷം 300 ഓളം പലസ്തീനികളെ ഇസ്രായേല്‍ വധിച്ചിട്ടുണ്ടെന്നും 17,000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു.

×