Advertisment

ഡൽഹിയിൽ നടക്കുന്ന കിസ്സാൻ ആന്ദോളൻ ! വിഷയമിതാണ്...

New Update

publive-image

Advertisment

ചോദ്യം : പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ എന്തുകാരണം കൊണ്ടാണ് ഈ പ്രക്ഷോഭം നടത്തുന്നത് ?

ഉത്തരം : കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന കാർഷിക ബില്ലിൽ വിളകൾക്ക് എംഎസ്‌പി (മിനിമം സപ്പോർട്ട് പ്രൈസ്) അഥവാ താങ്ങുവില പ്രഖ്യാപിക്കാനും കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ താങ്ങുവിലയ്ക്കു വിൽക്കാനുള്ള സർക്കാർ നിയന്ത്രിത കർഷക വിപണന സൊസൈറ്റികൾ (അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) അഥവാ എപിഎംസി മണ്ഡി നിലനിർത്തണമെന്നതുമാണ് അവരുടെ കാതലായ ആവശ്യം.

ചോദ്യം : താങ്ങുവില നിലനിർത്തുമെന്ന് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും ഉറപ്പു നല്കിയിട്ടുണ്ടല്ലോ ?

ഉത്തരം : വാക്കാലുള്ള ആ ഉറപ്പ് പോരാ മറിച്ച് അത് ഇപ്പോഴത്തെ കാർഷികനിയമത്തിൽ എഴുതിച്ചേർക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.

ചോദ്യം : മുൻപ് താങ്ങുവില നിലവിലുണ്ടായിരുന്നപ്പോഴും കർഷകർ അവരുടെ ഉൽപ്പന്നങ്ങളുടെ കേവലം 15 % മാത്രമാണ് ഇത്തരം മണ്ഡികൾ വഴി വിറ്റിരുന്നത് ? ബാക്കിയെല്ലാം അതിലും ഉയർന്ന വിലയ്ക്ക് കുത്തക കൾക്കും മാർക്കറ്റിലും വിൽക്കുകയായിരുന്നല്ലോ ?

ഉത്തരം : താങ്ങുവില നിലനിന്നാൽ കൃഷി ഉൽപ്പന്നങ്ങൾക്ക് നഷ്ടമില്ലാത്ത വില ലഭിക്കാനുള്ള അത് ഒരു മിനിമം ഗ്യാരണ്ടിയാണ് . എന്നാൽ എംഎസ്‌പി ഇല്ലാതായാൽ കുത്തകകൾ ആവശ്യപ്പെടുന്ന തുകയ്ക്ക് മറ്റൊരു വഴിയുമില്ലാതെ ഉൽപ്പന്നങ്ങൾ അവർക്ക് വിൽക്കേണ്ട അവസ്ഥവരും. വിലയിടിക്കാൻ അവർ ശ്രമിക്കും.

ചോദ്യം : ഇത് മാത്രമാണോ വിഷയം ?

ഉത്തരം : അല്ല, കോൺട്രാക്ട് ഫാമിംഗ്, മറ്റുവ്യക്തികളും സംഘടനകളുമായി ചേർന്ന് നടത്തുന്ന ഈ കൃഷിരീതിയിൽ കർഷകർ ചൂഷണം ചെയ്യപ്പെടുമെന്നവർ ഭയക്കുന്നു. അതുപോലെ വൈദ്യതി,വെള്ളം, രാസവള സബ്‌സിഡികളും നിലനിർത്തണമെന്ന രേഖാമൂലമുള്ള ഉറപ്പും അവർ ആവശ്യപ്പെടുന്നുണ്ട്.

ചോദ്യം : മണ്ഡികൾ വഴി എത്ര കാർഷിക ഉൽപ്പന്നങ്ങൾക്ക് എംഎസ്‌പി നിശ്ചയിച്ചിട്ടുണ്ട് ? അവിടെ എങ്ങനെയാണ് കൃഷി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ?

ഉത്തരം : അരി, ഗോതമ്പ്, ചോളം, ബാജ്‌റ, റാഗി, തുവരപ്പരിപ്പ്, ഉഴുന്ന്, കപ്പലണ്ടി, സോയാബീൻ, സൺ ഫ്‌ളവർ സീഡ് ഉൾപ്പെടെ 23 കൃഷി ഉൽപ്പങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ചിരുന്നു. സർക്കാർ എപിഎംസി വഴി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സഹായിക്കാൻ കാർഷിക ഏജന്റുമാരുണ്ട്.  ഇവർക്ക് ഉദ്പാദകരായ കർഷകർക്ക് ലഭിക്കുന്ന വിലയുടെ 2.5 % കമ്മീഷനായി നല്കണം. പഞ്ചാബിൽ മാത്രം 29000 കമ്മീഷൻ ഏജന്റുമാർ ഇങ്ങനെ പ്രവർത്തി ക്കുന്നുണ്ട്. ഈ പുതിയ നിയമം മൂലം ഇവർക്ക് പണിയില്ലാതാകുകയാണ്.

ചോദ്യം : മറ്റുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഈ നിയയമത്തെ അനുകൂലിക്കുന്നുണ്ടോ ?

ഉത്തരം : 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, തങ്ങൾ അധികാരത്തിൽവന്നാൽ എപിഎംസി മണ്ഡികൾ അവസാനിപ്പിക്കുമെന്നും ഏജന്റുമാരുടെ സഹായമില്ലാതെ കർഷകർക്ക് ഓപ്പൺ മാർക്കറ്റിൽ എവിടെയും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള നിയമം കൊണ്ടുവരുമെന്നും കോൺഗ്രസ്സ് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു.കൂടാതെ പഴവർഗ്ഗങ്ങളും പച്ചക്കറിയും എംഎസ്‌പിയിൽ നിന്ന് ഒഴിവാക്കുമെന്നും കോൺഗ്രസ്സ് ഉറപ്പുനൽകിയിരുന്നു. അതുതന്നെയാണ് മറ്റൊരു രൂപത്തിൽ ബിജെപി സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്.

ചോദ്യം : 35 കർഷക പ്രതിനിധികളുമായി ഇന്നലെ വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രിമാർ നടത്തിയ രണ്ടര മണിക്കൂർ ചർച്ചയിൽ വിഷയവുമായി ബന്ധപ്പെട്ട പഠനത്തിനായി കർഷകരുടെ പ്രതിനിധിയും സർക്കാർ പ്രതിനിധിയും വിദഗ്‌ദ്ധരുമടങ്ങുന്ന 5 അംഗ സമിതിയെ നിയമിക്കാമെന്ന സർക്കാർ നിർദ്ദേശം എന്തുകൊണ്ട് കർഷകർ തള്ളിക്കളഞ്ഞു ?

ഉത്തരം : കർഷകപ്രതിനിധികളുടെ അഭിപ്രായത്തിൽ ഇതുപോലുള്ള പല കമ്മിറ്റികളും മുൻപും ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ്.

ചോദ്യം : പഞ്ചാബിലും ഹരിയാനയിലും നിന്നുവന്ന രണ്ടരലക്ഷത്തോളം കർഷകർ കഴിഞ്ഞ 7 ദിവസമായി ഡൽഹി ഹരിയാന ബോർഡറിൽ എങ്ങനെ കഴിയുന്നു? കൊടും തണുപ്പ്, ആഹാരം ഒക്കെ എവിടെനിന്ന് വരുന്നു ?

ഉത്തരം : ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണതേടാതെ പഞ്ചാബിലെ 12,500 ഗ്രാമങ്ങളിൽനിന്നുള്ള കർ ഷകകുടുംബങ്ങളിലെ ഒന്നും അതിലധികവും അംഗങ്ങൾ ഈ പ്രക്ഷോഭത്തിൽ അണിനിരന്നിരിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും ഇവർ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി 8 പേർ വീതമടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ഗ്രാമീണരെ ഏകോപിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ പരിശോധിക്കാനും നിയോഗിക്കപ്പെട്ടു.

ഡൽഹിക്ക് ട്രാക്ടറുകളിലും, ട്രക്കുകളിലും മറ്റു വാഹനങ്ങളിലും പോകുന്നവർക്ക് കുറഞ്ഞത് 4 മാസത്തേക്കുള്ള ആഹാരസാധനങ്ങൾ (ആട്ട, അരി, എണ്ണ, നെയ്യ്, വിറക് , കമ്പിളി, പുതപ്പുകൾ, ഷീറ്റുകൾ, മെത്ത,വസ്ത്രങ്ങൾ) ഇവയെല്ലാം ഓരോ ഗ്രാമത്തിലെയും ആളുകളിനിന്നും ശേഖരിക്കുകയായിരുന്നു. ഇതിനായി നൂറുകണക്കിന് കളക്ഷൻ സെന്ററുകൾ തുറക്കപ്പെട്ടു. പഞ്ചാബി ഗുരുദ്വാരകളിൽനിന്നും ദിവസവും മൈക്കിൽക്കൂടി ഇക്കാര്യങ്ങൾ ജനങ്ങളെ ബോധവൽക്കരിച്ചിരുന്നു.

സമരത്തിൽ പങ്കെടുക്കുന്നവരുടെ കുടുംബത്തിന് സൗജന്യ വൈദ്യസഹായം നൽകാൻ നിരവധി ഡോക്ടർമാർ പഞ്ചാബിൽ പ്രവർത്തിക്കുന്നുണ്ട്. സമരക്കാരുടെ കൃഷിയിടങ്ങളിൽ സൗജന്യമായി ജോലിചെയ്യാൻ വളന്റിയര്മാരെയും നിയോഗിച്ചിരിക്കുന്നു. പഞ്ചാബിലെ ഗ്രാമങ്ങളിൽനിന്നും കളക്ഷൻസെന്റ റുകളിലിനിന്നും ശേഖരിക്കുന്ന നിത്യോപയോഗ സാധനങ്ങളും മറ്റു വസ്തുക്കളും ദിവസവും ട്രക്കുകളിൽ ഇപ്പോഴും സമരമുഖത്തേക്കയച്ചുകൊണ്ടിരിക്കുന്നു.

പഞ്ചാബ് ജനത ഒന്നടങ്കം സമരത്തിലാണ്. കാരണം ആധുനിക സാങ്കേതികവിദ്യയുടെ ബലത്തിൽ കുറഞ്ഞചിലവിൽ മണ്ണിൽനിന്ന് പൊന്നുവിളയിച്ച് സമ്പന്നരായവരാണ് പഞ്ചാബിലെ കർഷകർ. അവർക്ക് കൃഷി ഒരു വ്യവസായമാണ്. കൃഷിയിൽ ഇവർ കൈവരിച്ച നേട്ടങ്ങൾ മൂലം പഞ്ചാബ് കർഷകരെ തങ്ങളുടെ മണ്ണിൽ കൃഷിചെയ്യാൻ ഇരുകയ്യും നീട്ടി സ്വീകരിച്ച രാജ്യങ്ങളാണ് ആസ്‌ത്രേലിയ,ക്യാനഡ, ബ്രിട്ടൻ, ന്യൂസിലാൻഡ് തുടങ്ങിയവ.

ചോദ്യം : ഈ സമരത്തിൽ പഞ്ചാബിലെ കർഷകർക്കൊപ്പം മറ്റാരൊക്കെയുണ്ട് ?

ഉത്തരം : ഹരിയാന,ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരും ഒപ്പമുണ്ട്. കൂടുതലാളുകൾ സമരമുഖത്തെത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്.

നാളെ (ഡിസംബർ 3) വീണ്ടും കേന്ദ്രസർക്കാർ കർഷക പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇതിനിടെ ജർമ്മനിയിലെ ഇന്ത്യൻ പ്രവാസികളുടെ സംഘടന സമരമുഖത്തുള്ള കർഷകർക്കായി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

(വാൽ - ഇന്നലെ ചർച്ചയ്ക്കിടെ ചായയ്ക്കുള്ള മന്ത്രിമാരുടെ ഓഫർ നിരസിച്ചുകൊണ്ട് കർഷകനേതാക്കൾ പറഞ്ഞത് " നിങ്ങൾ സമരമുഖത്തേക്ക് വരുക, ഞങ്ങൾ നിങ്ങൾക്ക് ജിലേബി താരമെന്നാണ്". പഞ്ചാബ് നിവാസികൾ അന്നദാനത്തിന് വിശ്വമെല്ലാം പേരുകേട്ടവരാണ്. അന്നദാനം ജീവിതത്തിലെ ഏറ്റവും വലിയ പുണികർമ്മമായാണ് സിഖ് മതസ്ഥർ വിശ്വസിക്കുന്നത്)

voices
Advertisment