“കൊറോണക്കാലം എന്നെ നളപാചകനാക്കി “പ്രവാസി എഴുത്തുകാരൻ , കോറോണകാലത്തിൽ നളപാചകത്തിലേക്ക് പ്രവേശിച്ചത് എങ്ങിനെ എന്ന് നോക്കാം ……….

സത്യം ഡെസ്ക്
Tuesday, June 2, 2020

പ്രവാസത്തിലെ കൊറോണക്കാലം വർക്ക് അറ്റ് ഹോം എഴുപത് ദിവസവും കടന്ന് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം രാവിലെ പ്രിയംവദയ്ക്ക് നേരത്തെ ജോലിക്ക് പോകേണ്ടി വന്നതിനാൽ ചോറുമാത്രം ആക്കി വെച്ച്’ ഉച്ചയ്ക്ക് എന്തേലും ചോറിന് കൂടെ ഉണ്ടാക്കി കഴിച്ചോ’ എന്നുള്ള ഉത്തരവ് തന്ന് പോയി .

ഉച്ചവരെ മുഖപുസ്തകത്തിൽ ഓരോന്ന് കുത്തികുറിച്ചിരുന്നനേരം പെട്ടെന്ന് വിശപ്പിന്റെ വിളി വന്നപ്പോൾ ആണ് ചോറ് മാത്രമേ ഉള്ളൂ എന്ന് ബോധം വന്നത് . ഓടി പോയി ഫ്രിഡ്ജ് തുറന്നപ്പോൾ ആദ്യം കണ്ടത് ഗ്രീൻ ആപ്പിൾ ആയിരുന്നു . മേശയിൽ തലേദിവസം വാങ്ങിച്ച പീ നട്ട് കൂടി കിടക്കുന്നത് കണ്ടതും മനസ്സിൽ ചുളുവിൽ ചോറിന് കൂട്ടാൻ ഒരു സാലഡ് ഉണ്ടാക്കാം എന്ന് തോന്നി . ആ ചിന്തയിൽ നിന്നും …….ഞാൻ പതിയെ നള പാചകനാവുകയായിരുന്നു .ഇവിടെ എന്റെ പരീക്ഷണം നിങ്ങളെ പരിചയപെടുത്തട്ടെ .

“ഗ്രീൻ ആപ്പിൾ – പീനട്ട് സാലഡ്”
——————————————————
വേണ്ട സാധങ്ങൾ :
ഗ്രീൻ ആപ്പിൾ -1
ഒരു ചെറിയ സബോള -1
പീ നട്ട് – 50 ഗ്രാം (വലുതോ ചെറുതോ )
കുരുമുളക് ചതച്ചത് – 1 ടീ സ്പൂൺ
വിനാഗിരി റെഡ് – 3 ടീ സ്പൂൺ
പച്ചമുളക് – ചെറുത് 2 എണ്ണം
വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ആദ്യം ആപ്പിളും , സബോളയും , പച്ച മുളകും ,പീനട്ടും (മുകളിലെ തൊലി കളയണം ) നന്നയി കഴുകുക .
ആപ്പിൾ രണ്ടായി നെടുകെ മുറിച്ച് പിന്നെ ഓംലെറ്റിന് സവോള അറിയുന്ന പോലെ അരിയുക , സവോളയും അതുപോലെ അരിഞ്ഞതിന്റെ കൂടെ പച്ചമുളകും ചെറുതായി അരിഞ്ഞു ഒരു സാലഡ് ബൗളിൽ ഇടുക . എന്നിട്ട് കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ടതിനുശേഷം വിനാഗിരി ഒഴിച്ച് നന്നായി ഇളക്കി മുകളിൽ വെളിച്ചെണ്ണ ഒഴിച്ച് അഞ്ച് മിനിറ്റ് അടച്ച് വെക്കുക …..

എരിവ് കൂടുതൽ ആവശ്യമുള്ളവർ കഴിക്കുന്നതിന് മുൻപായി കുരുമുളക് പൊടി മുകളിൽ വിതറിയതിന് ശേഷം കഴിച്ചു തുടങ്ങുക …………..

ചോറിനോടൊപ്പവും ഈ സാലഡ് ഉപയോഗിക്കാം .വിറ്റാമിൻ സി ഗ്രീൻ ആപ്പിളിൽ കൂടുതൽ ഉള്ളതുകൊണ്ട് ഏത് സമയത്തും ഈ സാലഡ് ശരീരത്തിന് നല്ലതാണ് . ഏത് പ്രതികൂല സാഹചര്യത്തിലും ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ആണുങ്ങൾക്ക് കഴിയും എന്ന് തെളിയിക്കേണ്ടത് ഓരോ പുരുഷൻമാരുടെയും കടമയായതിനാൽ നിങ്ങൾക്കും ഇങ്ങനെ ചെയ്ത് നോക്കാം .

 

×