ഓണ്‍ലൈന്‍ ക്ലാസ്: അധ്യാപികമാര്‍ക്കെതിരെയുളള അശ്ലീലപരാമര്‍ശം, നിയമനടപടിയെന്ന് വിക്ടേഴ്‌സ് അധികൃതര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, June 2, 2020

സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍. വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സിഇഒ ആയ കെ അന്‍വര്‍ സാദത്താണ് അറിയിച്ചത്.

കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി ഫസ്റ്റ് ബെല്ലില്‍ അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്ന് കേരള പൊലീസും അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇത്തവണ അധ്യയന വര്‍ഷത്തിന്റെ തുടക്കം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ആയിരുന്നു. ഫസ്റ്റ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സമയങ്ങളിലായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെ മുതല്‍ വിക്ടേഴ്സ് ചാനലിലൂടെ തുടങ്ങിയിരുന്നു.

വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. അധ്യാപകരെ പ്രശംസിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയിലും വിക്ടേഴ്‌സ് യു ട്യൂബ് ചാനലിലും എത്തി. ഇതിനിടെയാണ് അധ്യാപകര്‍ക്കെതിരെ ട്രോളും അശ്ലീല പരാമര്‍ശവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. അശ്ലീല കമന്റുകളും മോശം പരാമര്‍ശങ്ങളും ആവര്‍ത്തിച്ച് വരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ യു ട്യൂബ് വീഡിയോയില്‍ നിന്ന് കമന്റ് രേഖപ്പെടുത്താനുളള ഓപ്ഷന്‍ നീക്കം ചെയ്തു.

×