കിറ്റെക്‌സിന് നിയമവിരുദ്ധമായ ഉത്തരവുകൾ നൽകിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ്

New Update

publive-image

Advertisment

26 വർഷമായി പ്രവർത്തിക്കുന്ന കിറ്റെക്‌സ് ഗാർമെന്റ്‌സിനാണ് ഇന്നലെ (ജൂലൈ 2) വൈകീട്ട് 73 നിയമലംഘനങ്ങൾ സൂചിപ്പിച്ച് പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ നോട്ടീസ് നൽകിയത്. ഇതിൽ പറയുന്ന പല നിയമങ്ങളും കിറ്റെക്‌സ് കമ്പനിയ്ക്ക് ബാധകമല്ലാത്തതാണ്. മോട്ടാർ ട്രാൻസ്്‌പോർട്ട് വർക്കേഴ്‌സ് നിയമം, കോൺട്രാക്റ്റ് ലേബേഴ്‌സ് ആക്ട്, ഇന്റർ സ്‌റ്റേറ്റ് മൈഗ്രന്റ് വർക്ക്‌മെൻ ആക്ട് അടക്കം ലംഘിച്ചു എന്നാണ് ഈ നോട്ടീസിൽ പറയുന്നത്. ഇതൊന്നും കിറ്റെക്‌സ് കമ്പനിക്ക് ബാധകമല്ലാത്ത നിയമങ്ങളാണ്. 73 നിയമങ്ങൾ ലംഘിച്ചുവെന്ന് പറയുന്നതല്ലാതെ പരിശോധനയിൽ എന്തെല്ലാം കണ്ടെത്തി എന്ന് നോട്ടീസിൽ പറയുന്നില്ല.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തൂക്കി കൊല്ലാൻ വരെ കുറ്റങ്ങളുള്ള നിയമലംഘനങ്ങളാണ് നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്നത്. 3500 കോടിയുടെ നിക്ഷേപ പദ്ധതി പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ച പിറ്റേന്ന് ഹൈകോടതി സ്‌റ്റേ ചെയ്ത മിനിമം കൂലി നടപ്പാക്കിയില്ലെന്ന് കാണിച്ച് നോട്ടീസ് നൽകിയ അതേ ഉദ്യോഗസ്ഥൻ തന്നെയാണ് നിയലംഘനങ്ങൾ ചൂണ്ടികാട്ടി വീണ്ടും നോട്ടീസ് നൽകിയത്. ഒരു വശത്ത് വ്യവസായ മന്ത്രി കിറ്റെക്‌സിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പറയുകയും മറു വശത്ത് ലേബർ വകുപ്പിലെ ഉദ്യോഗസ്ഥൻ തുടരെ തുടരെ നോട്ടീസ് നൽകുകയുമാണ്.

ഇത്തരത്തിൽ നിയമപരമായി സാധുത ഇല്ലാത്ത കാര്യങ്ങൾ സൂചിപ്പിച്ച് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥരാണ് കേരളത്തിന് അപമാനം. അവരെ സസ്‌പെന്റ് ചെയ്യണം. ബന്ധപ്പെട്ട മന്ത്രി യോഗം വിളിച്ചാൽ പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും ചെയ്ത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നിയമലംഘനം കിറ്റെക്‌സിൽ നടക്കുന്നില്ലെന്ന് തെളിയിക്കാൻ തയ്യാറാണ്. അങ്ങനെ തെളിഞ്ഞാൽ പരിശോധന പരമ്പര സൃഷ്ടിച്ച് കമ്പനിയെ വേട്ടയാടിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.

കേരളത്തിലെ വ്യവസായ അന്തരീക്ഷം കളങ്കപ്പെടുത്തിയ ഇത്തരം ഉദ്യോഗസ്ഥരാണ് നാടിന് അപമാനം. നിക്ഷേപം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷം ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ജനറൽ മാനേജർ കമ്പനിയിലെത്തി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതിന് തലേന്നാണ് 73 നിയമലംഘന കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥൻ നൽകിയത്. ഇത്തരത്തിൽ നോട്ടീസ് നൽകി വേട്ടയാടപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ വേറെയുണ്ടാവുകയില്ല.

Advertisment