കേരളം

കിറ്റെക്സിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞിട്ടും ഒട്ടുമിക്ക നേതാക്കളും അവരുടെ അനുയായികളും അതംഗീകരിക്കാൻ ഇനിയും തയ്യാറല്ല; അവർ അരിശം കൊള്ളുകയാണ്. സാബു മുതലാളി കള്ളനാണ്, തൊഴിലാളി വഞ്ചകനാണ്‌ എന്നൊക്കെയാണ് ഇപ്പോഴും ആരോപണങ്ങൾ ! കിറ്റെക്സ് ഇങ്ങനെ പടർന്നുപന്തലിച്ചു വലിയൊരു വടവൃക്ഷം പോലെയായത് കേരളത്തിന്റെ മണ്ണിൽ നിന്നുകൊണ്ടാണെന്ന്‌ വാദിക്കുന്നവർ, അവരുടെ പ്രോഡക്റ്റുകൾ ഭൂരിഭാഗവും വിദേശത്താണ് വിൽക്കുന്നതെന്ന യാഥാർഥ്യവും, അവർ നേടിത്തരുന്ന വിദേശനാണ്യവും മറക്കുകയാണ് 

പ്രകാശ് നായര്‍ മേലില
Friday, July 9, 2021

കിറ്റെക്സ് ഗ്രൂപ്പ് നാളെ തെലുങ്കാനയ്ക്ക് യാത്രയാകുകയാണ്.തെലുങ്കാന സർക്കാരയച്ച പ്രത്യേക ജെറ്റ് വിമാനം നെടുമ്പാശ്ശേരിയിൽ കാത്തുകിടക്കുന്നു.

കിറ്റെക്സിനെതിരേ ഉന്നയിക്കുന്ന മാലിന്യം, മിനിമം വേജസ്, തൊഴിലാളികളുടെ സൗകര്യമില്ലായ്മ, കടമ്പ്രയാർ രാസമാലിന്യം ഒക്കെ കളവാണെന്ന് തെളിഞ്ഞിട്ടും ഒട്ടുമിക്ക നേതാക്കളും അവരുടെ അനുയായികളും അതംഗീകരിക്കാൻ ഇനിയും തയ്യറല്ല. അവർ അരിശം കൊള്ളുകയാണ്. സാബു മുതലാളി കള്ളനാണ്, തൊഴിലാളി വഞ്ചകനാണ്‌, ബൂർഷ്വായും ചൂഷകവർഗ്ഗ മുൻനിരക്കാരനുമാണ് എന്നൊക്കെയാണ് ഇപ്പോഴും ആരോപണങ്ങൾ.

ലുലുഗ്രൂപ്പ് കേരളത്തിൽ നേരിട്ട ബുദ്ധിമുട്ടുകളും ഇപ്പോഴും തുടരുന്ന തടസ്സ വിവാദങ്ങളും ശ്രീ.എം.എം യൂസഫലി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും സ്വാധീനമുണ്ടായിട്ടും ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടും മറ്റൊരു നാട്ടിലും ഉണ്ടാകാത്ത പ്രശ്നങ്ങളാണ് കേരളത്തിൽ അദ്ദേഹം അഭിമുഖീകരിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇട്ടിട്ടു പോകുമായിരുന്നു. പക്ഷേ നാടിനോടുള്ള സ്നേഹം അദ്ദേഹത്തെ അതിൽനിന്നും പിന്തിരിപ്പിക്കുന്നു എന്നാണദ്ദേഹം പരസ്യമായി പറഞ്ഞത്.

മറ്റു സംസ്ഥാനങ്ങൾപോലെ വ്യവസായങ്ങൾക്ക് വലിയ സൗജന്യങ്ങളൊന്നും ലഭിക്കാത്ത കേരളത്തിൽ കിറ്റെക്സ് നാട്ടിൽത്തന്നെ നിലകൊള്ളുന്നത് അവർക്കും കുടുംബപരമായി കേരളത്തോടുള്ള ആഭിമുഖ്യം കൊണ്ടുകൂടിയാകാം.

കിറ്റെക്സ് ഇങ്ങനെ പടർന്നുപന്തലിച്ചു വലിയൊരു വടവൃക്ഷം പോലെയായത് കേരളത്തിന്റെ മണ്ണിൽ നിന്നുകൊണ്ടാണെന്ന വാദിക്കുന്നവർ, അവരുടെ പ്രോഡക്റ്റുകൾ ഭൂരിഭാഗവും വിദേശത്താണ് വിൽക്കുന്നതെന്ന യാഥാർഥ്യവും അവർ നേടിത്തരുന്ന വിദേശനാണ്യവും മറക്കുകയാണ്.

രാഷ്ട്രീയരംഗത്തേക്കുള്ള അവരുടെ പ്രവേശനവും അവർ നടപ്പാക്കിയ വികസന പദ്ധതികളും റോഡ് ഭവന നിർമ്മാണപ്രവർത്തനങ്ങളുമൊക്കെ കിഴക്കമ്പലത്തും സമീപ പഞ്ചായത്തുകളിലും വലിയ ആവേശമായി മാറി. അതാണ് അവർ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാകാനുള്ള മുഖ്യകാരണം.

കുന്നത്തുനാട്ടിൽ 20 / 20 യുടെ സ്ഥാനാർഥി വിജയിച്ചിരുന്നെങ്കിൽ അവിടുത്തെയെന്നല്ല കേരളത്തിലെ ത്തന്നെ രാഷ്ട്രീയചിത്രം ഒന്ന് വേറെ തന്നെയാകുമായിരുന്നു. നേതാക്കൾ എന്തുതന്നെ പറഞ്ഞാലും വിദേശ പണം കേരളത്തിൽ വന്നില്ലെങ്കിൽ കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തിൽ തർക്കമേയില്ല. അതിനായി പ്രവാസി ഒഴുക്കുന്ന വിയർപ്പിന് വിലയൊട്ടുമില്ലതാനും.

കഴക്കൂട്ടത്ത് ഒരു വ്യാപാര കോംപ്ലെക്സ് പണിയുന്ന പ്രവാസിയുടെ ആത്മഹത്യാഭീഷണി ഇന്ന് നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു. നാളെ അതിനു ന്യായീകരണവുമായി എത്തുന്ന രാഷ്ട്രീയക്കാർ അദ്ദേഹത്തെത്തന്നെ കുറ്റവാളിയും തൊഴിലാളി വിരുദ്ധനുമാക്കുന്നതും നമുക്ക് കാണാം.

പുനലൂർ ഇളമ്പലിൽ രാഷ്ട്രീയക്കാർ സ്ഥലത്ത് കൊടികുത്തിയതുമൂലം വർക്ക് ഷോപ്പ് തുടങ്ങാനാകാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ ദുർഗതി ആരും മറന്നുകാണില്ല. ഓഡിറ്റോറിയത്തിന് അനുമതിയും കെട്ടിടനമ്പരും നൽകാതെ മാസങ്ങളോളം വട്ടംകറക്കിയതിൽ മനംനൊന്ത് കണ്ണൂർ പ്രവാസി സജൻ ആത്മഹത്യ ചെയ്ത വിവാദവും കോലാഹലങ്ങളും അത് രാഷ്ട്രീയക്കാർ നേരിട്ടതും നമ്മൾ കണ്ടു. അവർ പിടിക്കുന്നിടം മാത്രമേ ജയിക്കുകയുള്ളു. ഇതാണ് നാടിൻറെ അവസ്ഥ.

കേന്ദ്രസർക്കാർ കേരളത്തിന് പ്രഖ്യാപിച്ച പാലക്കാട്ടെ കോച്ച് ഫാക്ടറി എന്തുകൊണ്ട് റായ്ബറേലിയിൽ സ്ഥാപിതമായി? നമുക്കനുവദിച്ച വാഗൺ ഫാക്ടറിയും, തിരുവനന്തപുരത്തെ റെയിൽവേ മെഡിക്കൽ കോളേജും എവിടെപ്പോയി ? റെയിൽവേ സോണും എയിംസും ഇനിയും നമുക്കുമാത്രം സ്വപ്നമാണ്.

വളരെ സങ്കീർണ്ണമായ കേരളത്തിലെ ഇന്നത്തെ സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളെപ്പറ്റി വിശദമായ വിശകലനങ്ങളും ചർച്ചകളും നടത്താൻ നമ്മുടെ സാംസ്കാരികനായകരും ബുദ്ധിജീവികളും മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

×