കെ.കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്; നിര്‍ദ്ദേശം കോടതി അംഗീകരിച്ചു; മഹേശന്റെ ഭാര്യയുടെ ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും കോടതി.

New Update

ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാരാരിക്കുളം പൊലീസാണ് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ വിവരങ്ങള്‍ അറിയിച്ചത്.

Advertisment

publive-image

നിലവില്‍ അസ്വാഭാവിക മരണത്തിന് എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇനി മറ്റൊരു എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമുണ്ടെന്നും, നിലവില്‍ ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

പൊലീസിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി മഹേശന്റെ ഭാര്യയുടെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാഹേശന്റെ ഭാര്യ ഉഷാദേവി സമര്‍പ്പിച്ച ഹര്‍ജിയില്‍ വെള്ളാപ്പള്ളിയെയും മകനെയും സഹായിയെയും പ്രതിചേര്‍ക്കാന്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്.

ആത്മഹത്യ പ്രേരണ, ഗൂഡാലോചന എന്നീകുറ്റങ്ങള്‍ ചുമത്തി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഇവരുടെ സഹായി കെ.എല്‍ അശോകന്‍ എന്നിവര്‍ക്കെതിരെ മാരാരിക്കുളം പൊലീസ് എഫ്.ഐ.ആര്‍ ഇടണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ പൊലീസ് കുടുതല്‍ വാദങ്ങള്‍ നിരത്തിയതോടെയാണ് കുടുതല്‍ അന്വേഷണങ്ങള്‍ക്ക് കോടതി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.

കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ കെ എല്‍ അശോകന്റെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഇതിനു പുറമേ മഹേശന്‍ മരണത്തിനു മുമ്പായി എഴുതിയ 36 പേജിലുള്ള കത്തിലും വെള്ളാപ്പള്ളിക്കും അശോകനും എതിരായ ആരോപണങ്ങളുണ്ടായിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളി മനേജര്‍ ആയ 14 വര്‍ഷത്തിനിടയില്‍ സ്‌കൂളില്‍ 15 നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മാനേജര്‍ക്ക് മാസാമാസം അലവന്‍സായി പതിനായിരം രൂപ നല്‍കുന്ന തല്ലാതെ ഒരു രൂപ പോലും അമ്പലത്തില്‍ വരവ് വച്ചിട്ടില്ലെന്നാണ് കെ കെ മഹേശന്റെ ആരോപണം. ഇതിനിടയില്‍ ചെലവ് വന്നതെന്നു പറയുന്നത്

ഗേള്‍സ് സ്‌കൂളിനു വേണ്ടി മൂന്ന് നില കെട്ടിടം നിര്‍മിച്ചത് മാത്രമാണെന്നും എന്നാല്‍ ആ പണം ദേവസ്വത്തില്‍ നിന്നാണ് എടുത്തതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഈ സ്‌കൂള്‍ കെട്ടിടം വെള്ളാപ്പള്ളി നടേശന്റെ സപ്തതി സ്മാരകമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണിച്ചുകുളങ്ങര ഉത്സവത്തിന്റെ ഭാഗമായി വെള്ളാപ്പള്ളിയുടെ വീട്ടില്‍ ഇടുന്ന പന്തലിനും ലൈറ്റ് ആന്‍ഡ് സൗണ്ടിനും പണം എടുക്കുന്നതു പോലും ദേവസ്വത്തില്‍ നിന്നായിരുന്നുവെന്നും ഏകദേശം മൂന്നരലക്ഷത്തോളം രൂപയാണ് ഇങ്ങനെ ചെലവാക്കിയിരുന്നതെന്നും കെ കെ മഹേശന്റെ കത്തിലുണ്ടായിരുന്നു.

അതേസമയം കെ കെ മഹേശന്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നുവെന്നും ഇത് കണ്ടു പിടിച്ചതോടെയാണ് വെള്ളാപ്പള്ളി നടേശനെ കുടുക്കാന്‍ വേണ്ടി ഒരു കഥ മെനഞ്ഞ് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തതെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മഹേശന്‍ തന്നോട് സമ്മതിച്ചിരുന്നതായും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

എന്നാല്‍ മഹേശന്റേതായി പുറത്ത് വന്ന കത്തിലെ ആരോപണങ്ങള്‍ എല്ലാംശരിയാണെന്നും എസ്.എന്‍.ഡി.പിജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശശനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാരാരിക്കുളം എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളാപ്പള്ളിയുടെ വസതിയിലെത്തി ചോദ്യം ചെയ്തിരുന്നു.

അതിനു ശേഷം തുഷാറിനെയും അശോകനെയും ചോദ്യം ചെയ്യലിന് വിധേയമാക്കി. പിന്നീട് കേസന്വേഷണം മരവിച്ചു. തുടര്‍ന്ന് ഐ.ജി ഹര്‍ഷിത അട്ടെല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ പ്രത്യേക സംഘവും വെള്ളാപ്പള്ളി യടക്കമുള്ളവരെ പ്രതിചേര്‍ക്കാതെ വന്നതോടെയാണ് ഭാര്യ ഉഷാദേവി കോടതിയെ സമീപിച്ചത്.

Advertisment