എൻ.വേണു ചിരിക്കുന്നു, ”ചന്ദ്രശേഖരാ, നമ്മുടെ പാർട്ടി ജയിച്ചു !!”

Wednesday, May 5, 2021

കോഴിക്കോട് ജില്ലയിൽ ഓർക്കാട്ടേരി എന്നൊരു സ്ഥലമുണ്ട്. വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരിയങ്ങാടി. വടക്കേ മലബാറിൽ പേരുകേട്ട കന്നുകാലി ചന്ത നടക്കാറുള്ളത് ഓർക്കാട്ടേരിയിലാണ്. ആധുനിക സാമ്പത്തികശാസ്ത്രത്തിൽ വിപണി – മാർക്കറ്റ് എന്നൊക്കെപ്പറയുമെങ്കിലും ഞങ്ങൾക്ക് ചന്തയാണ്. ആകാശത്തൊട്ടിലും ഊഞ്ഞാലും മരണക്കിണറും മാജിക്കും കടുക് തരിയിട്ട് വീർപ്പിക്കുന്ന ഹീലിയം ബലൂണും അലുവയും പൊരിയും കുപ്പിവളയും കൈനോട്ടക്കാരുമുള്ള ചന്ത.

പണ്ട് മുതലാളിമാർ നടത്തിയിരുന്ന ഓർക്കാട്ടേരിച്ചന്തയുടെ നടത്തിപ്പവകാശം പിന്നെ ഏറാമല പഞ്ചായത്തിനായി. എല്ലാത്തിലും തലയിടാനുള്ള പണമൊന്നും കീശയിലില്ലാത്ത എസ്.എഫ്.ഐക്കാലമാണ്. ചന്ത മൈതാനത്ത് ചന്ദ്രശേഖരേട്ടനുണ്ടാവും. പക്ഷേ കാര്യമില്ല, ശുപാർശ ചെയ്യില്ല. സോപ്പിടാൻ നോക്കിയാൽ പോയി വേണുവിനെക്കാണാൻ പറയും. വേണ്ടെന്ന് മനസ്സ് പറയും, പക്ഷേ കാണും.

യൂണിറ്റ് സെക്രട്ടറിയാണ്, ഉത്സവക്കമ്മറ്റി സെക്രട്ടറിയല്ല എന്ന് പറഞ്ഞാലൊന്നും പിരിഞ്ഞ് പോകാത്ത കോളേജ് സഖാക്കളുണ്ടാവും കൂടെ. അവരെ ചന്ത കാണിച്ചിറക്കണമെങ്കിൽ വേണുവിനെക്കണ്ട് പാസ് വാങ്ങണം. പഞ്ചായത്ത് പ്രസിഡണ്ട് വേണു, ചന്ദ്രശേഖരേട്ടനെപ്പോലെയല്ല – ലുബ്ധനാണയാൾ. ഒരു കെട്ട് പാസുണ്ടാവും ഓഫീസിൽ, പക്ഷേ ഇറ്റിച്ചേ തരൂ. ”വേണുവേട്ടൻ പിശുക്കനാണ്.” അങ്ങനെ പരാതിപ്പെടുമ്പോഴെല്ലാം ചന്ദ്രശേഖരേട്ടൻ ചിരിക്കും. എൻ.വേണുവിൻ്റെ പിശുക്കാണ് ടി.പി.ചന്ദ്രശേഖരൻ എന്ന് പോകെപ്പോകെ ഞാൻ പഠിച്ചു. അവർ രണ്ട് പേരും ഒരാളായിരുന്നു. ഒരാൾ മറ്റേയാളുടെ നിഴലായിരുന്നു.

എൻ.വേണുവില്ലാതെ ടി.പി.ചന്ദ്രശേഖരനോ, ടി.പി.ചന്ദ്രശേഖരനില്ലാതെ എൻ.വേണുവോ ഇല്ല എന്ന് എന്നെ പഠിപ്പിച്ച ദേശം കൂടിയാണ് ഓർക്കാട്ടേരിയങ്ങാടി. വേണുവേട്ടനെക്കണ്ടതെന്നായിരുന്നു ആദ്യം എന്ന ചോദ്യത്തിന് ഓർക്കാട്ടേരിയങ്ങാടിക്ക് പറയാനുണ്ടാവുന്ന ഉത്തരം, ചന്ദ്രശേഖരനെക്കണ്ട് തുടങ്ങിയതെന്നോ അന്ന് എന്നാവും. അവരൊന്നിച്ച് നടന്നു, ഒന്നിച്ചുണ്ടു, ഒന്നിച്ചുറങ്ങി, ഇടയിലൊരു ദിവസം ഒരാൾ അങ്ങ് പോയി. നമ്മുടെ നിഴൽ മരിച്ചു പോയാൽ നമ്മളെന്ത് ചെയ്യും.

മരിച്ചത് ഞാനാണ് എന്ന് പറഞ്ഞ് വേണുവേട്ടൻ കരഞ്ഞ ദിവസം എനിക്കിപ്പഴും ഓർമ്മയുണ്ട്. ടി.പി.യുടെ മരണം കൊണ്ട് ശൂന്യനായിപ്പോയവരിൽ വേണുവേട്ടനോളം വരില്ല ആരും. ടി.പി കൊല്ലപ്പെട്ട് 7 വർഷങ്ങൾക്ക് ശേഷം, ഉർവശി ബൂട്ടാലിയ ആർ.എം.പി എന്ന പാർട്ടിയെക്കുറിച്ചന്വേഷിച്ചപ്പോൾ, ഞാൻ പറഞ്ഞ ഒറ്റവാക്കുത്തരം ‘മരിച്ച ഒരാളാണ് ആ പാർട്ടിയെ നയിക്കുന്നത്’ എന്നായിരുന്നു. അത് ടി.പി.ചന്ദ്രശേഖരനെക്കുറിച്ചായിരുന്നില്ല, എൻ.വേണുവിനെക്കുറിച്ചായിരുന്നു. ‘മൗനത്തിൻ്റെ മറുപുറം’ എഴുതിയ ഉർവശി ബൂട്ടാലിയക്ക് അത് മനസിലായിട്ടുണ്ടാകും.

അംബേദ്കർ ഭാര്യക്കയച്ച ഒരു കത്തുണ്ട്, ഇന്നതോർമ്മിപ്പിച്ചത് സുഭാഷ് ചന്ദ്രനാണ്. ആ കത്ത് ഇങ്ങനെയാണ്, ”നമുക്ക് ചുറ്റും എപ്പോഴും ഇരുട്ടുമാത്രം. സങ്കടത്തിന്റെ ഒരു പെരുംകടൽ. നമ്മുടെ സൂര്യോദയം നാം തന്നെ സൃഷ്ടിക്കണം. നമ്മുടെ പാത നാം തന്നെ നിർമ്മിക്കണം. വിജയത്തിലേക്കുള്ള നമ്മുടെ സഞ്ചാരം ആ പാതയിലൂടെ ആയിരിക്കും. നമുക്കായി ഒരു ലോകമില്ല. നമ്മുടെ ലോകം നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.”

എനിക്കപ്പോൾ ടി.പിയെ ഓർമ്മ വന്നു. മരിച്ചതിന് ശേഷം കെ.കെ.രമയ്ക്ക് വായിക്കാൻ കിട്ടിയ ചന്ദ്രശേഖരേട്ടൻ്റെ കത്ത് ഇങ്ങനെയായിരുന്നിരിക്കും. സങ്കടത്തിന്റെ പെരുംകടൽ കടന്ന് കെ.കെ.രമ ഒരു സൂര്യോദയം കാണുന്നു. ആ പടമാണിത്. ഓരോ മെയ് മാസം വരുമ്പോഴും ഞാൻ കൂടുതൽ കൂടുതൽ വരണ്ട് പോകുന്നെന്ന് പറയാറുള്ള, മെയ് 4 നോടടുക്കുമ്പോൾ ഇപ്പോഴും ഞാൻ തകർന്നു പോകുന്നുവെന്ന് പറയാറുള്ള ഒരാളുടെ ചിരി കാണാം, ഈ പടത്തിൽ സൂക്ഷിച്ച് നോക്കിയാൽ. അതയാളാണ്, പിശുക്കനായ എൻ്റെ പഴയ പഞ്ചായത്ത് പ്രസിഡണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ്, എഫ്.ബി യിൽ പലയിടത്തും ‘അന്നമ്മോ, നമ്മുടെ പാർട്ടി ജയിക്കും’ എന്ന ഡയലോഗ് കണ്ടപ്പോൾ ഞാൻ വേണു നാഗവള്ളിയുടെ നെട്ടൂരാനെ ഓർത്തു. ലാൽസലാമിലെ നെട്ടൂരാൻ. പിന്നെ വന്നവർക്ക് നെട്ടൂരാനെ അറിഞ്ഞ് കൂടായിരുന്നു. അവർക്കയാൾ പാർട്ടി വിരുദ്ധനായിരുന്നു. ‘അന്നമ്മോ, നമ്മുടെ പാർട്ടി ജയിക്കും’ അതൊരു പാർട്ടി വിരുദ്ധൻ്റെ ഡയലോഗാണ്, കുലംകുത്തിയുടെ.

ടി.പി. പോയിട്ട് 9 വർഷമാകുന്നു. എനിക്ക് കാണാം, 9 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഹൃദയം തുറന്ന് വേണുവേട്ടൻ ചിരിക്കുന്നത്. ”ചന്ദ്രശേഖരാ, നമ്മുടെ പാർട്ടി ജയിച്ചു.” എന്നു പറഞ്ഞ് കണ്ണു തുടയ്ക്കുന്നത്.

തയ്യാറാക്കിയത് : ലിജേഷ് കുമാർ

×