‘ വാഗ്ദാനം ചെയ്ത 600 ല്‍ 580 കാര്യങ്ങളും ചെയ്തിട്ടാണ് ജനങ്ങളെ സമീപിക്കുന്നത്, ഭിക്ഷകൊടുത്തില്ലേലും വേണ്ടില്ല പട്ടിയെ വിട്ട് കടിപ്പിക്കരുത്’; ചെന്നിത്തലക്കെതിരെ കെകെ ശൈലജ

New Update

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 600 ല്‍ 580 കാര്യങ്ങളും നടപ്പിലാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ഉളിക്കലില്‍ സംഘടിപ്പിച്ച പൊതു യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയും ശൈലജ ടീച്ചര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

Advertisment

publive-image

‘600 കാര്യങ്ങളാണ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. അടിസ്ഥാനപരമായി 600 കാര്യങ്ങളാണ് ഓരോ വകുപ്പിലും ചെയ്യേണ്ടത്. 600 ല്‍ 580 കാര്യങ്ങളും ചെയ്ത് കഴിഞ്ഞിട്ടാണ് സര്‍ക്കാര്‍ ജനങ്ങളെ സമീപിച്ചത്. ഇനിയും ചെയ്യാനുള്ള പദ്ധതികള്‍ ഘട്ടമായി നടന്നുവരികയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് മിഷന്‍.

ലോകത്തെവിടെയെങ്കിലും വീടില്ലാത്തവര്‍ക്ക് സര്‍ക്കാരാണ് വീടുണ്ടാക്കി കൊടുക്കേണ്ടതെന്ന് പറയുന്നുണ്ടോ. കൈയ്യില്‍ കാശുണ്ടെങ്കില്‍ വീടുണ്ടാക്കാം. അതാണ് അവസ്ഥ. എന്നാല്‍ ആരും തെരുവില്‍ കിടക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.’ കെകെ ശൈലജ പറഞ്ഞു.

വ്യവസായി എംഎ യൂസഫലി പോലുള്ള ആളുകളും വീടുണ്ടാക്കി തരാം എന്ന് പറഞ്ഞപ്പോള്‍ വലിയ പദ്ധതിയായി ലൈഫ് മിഷന്‍ പദ്ധതി വഴി വീട് നിര്‍മ്മാണം ആരംഭിച്ചുവെന്നും നിരവധി പേര്‍ സഹായിച്ചുവെന്നും ശൈലജ കൂട്ടിചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഇനിയും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുമെന്നും കെകെ ശൈലജ പറഞ്ഞു.

‘പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയും മന്ത്രി രൂക്ഷമായി രംഗത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണ്. നിങ്ങള്‍ സഹായിച്ചിട്ടില്ലെങ്കിലും വേണ്ടില്ല, അത് തടസപ്പെടുത്താന്‍ പാടുണ്ടോ. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്.

ഭിക്ഷകൊടുത്തില്ലേലും വേണ്ടില്ല പട്ടിയെ വിട്ട് കടിപ്പിക്കാന്‍ പാടുണ്ടോയെന്ന. ഇത് ആ മാതിരി സാധനങ്ങളാണ്. ഭിക്ഷകൊടുക്കുകയും ഇല്ല. പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്യും.’ കെകെ ശൈലജ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

kk shylaja kk shylaja speaks
Advertisment