കെ എല്‍ രാഹുല്‍ ഇന്ന് വിവാഹിതനാകും, വധു സുനില്‍ ഷെട്ടിയുട മകള്‍ ആതിയ ഷെട്ടി

New Update

publive-image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ ഇന്ന് വിവാഹിതനാകും. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയാണ് വധു. ഇരുവരും 2019 മുതല്‍ ഡേറ്റിംഗിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്. കാണ്ഡ്‌ലയിലെ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.

Advertisment

വിവാഹത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും രാഹുലും ആതിയയും നാളെ എത്തുമെന്ന് സുനില്‍ ഷെട്ടി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി കെ എല്‍ രാഹുലിന്‍റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ആരൊക്കെ വിവാഹത്തിനെത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ഇന്‍ഡോറിലാണെങ്കിലും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് സൂപ്പര്‍ താരങ്ങളുമെല്ലാം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബോളിവുഡ് താരവും സുനില്‍ ഷെട്ടിയുടെ അടുത്ത സുഹൃത്തുമായ അജയ് ദേവ്ഗണ്‍ താരവിവാഹത്തിന് ആശംസകളുമായി ട്വീറ്റ് ചെയ്തു. അടുത്ത മാസം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും പിന്നാലെ ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലും അടക്കം തിരക്കിട്ട മത്സരക്രമം കണക്കിലെടുത്ത് ഐപിഎല്ലിനുശേഷമായിരിക്കും ഇവരുവരും വിവാഹസല്‍ക്കാരം നടത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിനായി ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന രാഹുല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചത്തുമെന്നാണ് കരുതുന്നത്.

Advertisment